മത്സ്യക്കൊള്ള തടയണ്ടേ...? ചെത്തി കടപ്പുറത്ത് മത്തിക്കുഞ്ഞുങ്ങളെ പിടികൂടി വിൽക്കുന്നത് പരസ്യമായി
text_fieldsമത്തി കുഞ്ഞുങ്ങളെ തൂക്കി ലോറിയിൽ കയറ്റുന്നു , ചെത്തി കടപ്പുറത്തു നിന്നുള്ള ദൃശ്യം
ആലപ്പുഴ: മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന വിലക്കിന് ചെത്തി കടപ്പുറത്ത് പരസ്യമായി ലംഘിക്കപ്പെടുന്നു. ഇന്നലെ രാവിലെ നൂറുകണക്കിന് ലോഡ് മത്തി കുഞ്ഞുങ്ങളാണ് ഇവിടെ നിന്ന് സംസ്ഥാനത്തിന് പുറത്തുള്ള ഫിഷ് മില്ലുകളിലേക്ക് കയറ്റിപ്പോയത്. നിയമവിരുദ്ധമാണെന്ന് അറിയാമെങ്കിലും യാതൊരു തടസ്സവുമില്ലാതെ പരസ്യമായാണ് മത്സ്യകുഞ്ഞുങ്ങളെ കടത്തുന്നത്.
പുലർച്ചെ കടലിലേക്ക് പോയ നിരവധി വള്ളങ്ങൾ തിരികെ വന്നത് ചെറുമത്തിയുമായാണ്. അതേസമയം വലിപ്പമുള്ള മത്തിയും അയലയുമായി ഒട്ടേറെ വള്ളങ്ങളും കരയ്ക്കടുത്തു. കൂടുതൽ ചെറുമത്തി വന്നതോടെ വിലയും കുത്തനെ ഇടിഞ്ഞു. 25 കിലോ തൂക്കമുള്ള ഒരു കുട്ട മത്തി വെറും 500 രൂപയ്ക്കാണ് ഫിഷ് മില്ലുകാർ കയറ്റിക്കൊണ്ടു പോയത്. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ വലിപ്പം വെച്ച് കിലോ 240ന് മുകളിൽ വിലവരേണ്ട മീനാണ് ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ പിടികൂടി കൊണ്ടുപോകുന്നത്.
തീരത്തോട് അടുത്ത് എത്തുന്ന മീൻകുഞ്ഞുങ്ങളെ ചെറുവള്ളക്കാർ മുൻകാലങ്ങളിൽ പിടിക്കാറില്ലായിരുന്നു. എന്നാൽ, ഫിഷ് മില്ലുകളിലേക്ക് നിയമം ലംഘിച്ച് കടത്ത് വ്യാപകമായപ്പോൾ ചെറുവള്ളക്കാരും പിടികൂടുകയാണ്.പല കടൽത്തീരത്തും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും മീൻകുഞ്ഞുങ്ങളെ പിടികൂടുന്നതിനെതിരെ ബോധവത്കരണം നടത്താറുണ്ടെങ്കിലും ഫലം ചെയ്യുന്നില്ല എന്ന് കേരളത്തിലെ ഏത് ഹാർബറിൽ ചെന്നാലും ബോധ്യപ്പെടും.
ചെറിയ കേന്ദ്രമായ ചെത്തി കടൽപ്പുറത്ത് ഇത്രയുമാണെങ്കിൽ വലിയ ഹാർബറുകളിൽ ഇതിലും എത്രയോ കൂടുതലായിരിക്കുമെന്ന് മത്സ്യകുഞ്ഞുങ്ങളെ പിടിച്ച് വിൽപ്പന നടത്തുന്നതിൽ വിയോജിപ്പുള്ള കച്ചവടക്കാർ തന്നെ പറയുന്നു.മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും അപൂർവമായി പിഴയീടാക്കാറുണ്ടെങ്കിലും മീൻ കയറ്റുന്ന ഇൻസുലേറ്റഡ് വാനുകളിലും ലോറികളിലും കാര്യമായ പരിശോധന നടത്തുകയോ നടപടി എടുക്കുകയോ ചെയ്യാത്തതാണ് മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നതിന് വഴിയൊരുക്കുന്നത്.കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന ഫിഷ് മില്ലുകളിലേക്കാണ് ഈ മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നത്. ഫിഷ് ഫാമുകളിലേക്കാവശ്യമായ തീറ്റ നിർമിക്കുന്നതിനും മത്സ്യ എണ്ണയും പൗഡറും ഉണ്ടാക്കുന്നതിനുമാണ് മത്സ്യ കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

