ഐക്യസന്ദേശം പകർന്ന് ഇഫ്താർ മീറ്റ്
text_fieldsഇഫ്താർ സംഗമത്തിൽ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി എ ഷംസുദ്ദീൻ സംസാരിക്കുന്നു
വടുതല: ഐക്യസന്ദേശം പങ്കുവെച്ച്, മത സാമുദായിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയയാണ് വടുതല, പാണാവള്ളി മേഖലയിലെ മുസ്ലിം സംഘടനാ നേതാക്കളെയും മഹൽ ഭാരവാഹികളെയും പങ്കെടുപ്പിച്ച് വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ ഇഫ്താർ സൗഹൃദ സംഗമം ഒരുക്കിയത്. രാജ്യത്തിന്‍റെയും സമുദായത്തിന്‍റെയും നിലനിൽപിന് സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശം പരത്തുന്ന ഇത്തരം കൂടിച്ചേരലുകൾ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സമുദായത്തിന്‍റെ പ്രയാണത്തിൽ പ്രതിസന്ധികൾ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും അവ നേരിടാനുള്ള പാഥേയം ഒരുക്കലാണ് പ്രധാനമെന്നും മുഖ്യ പ്രഭാഷണത്തിൽ എച്ച്. അബ്ദുൽഹക്കീം പറഞ്ഞു. മുമ്പന്നെത്തേക്കാളും സംഘടനകൾ തമ്മിൽ ഐക്യവും സാഹോദര്യവും മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സമാധാനവും സൗഹൃദാന്തരീക്ഷവും തകർത്ത്, വെറുപ്പും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കെ ജാതി മത വർഗ വർണ വ്യത്യാസങ്ങൾക്കതീതമായി ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ വിശ്വാസത്തെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് തുടക്കമിട്ട വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ പറഞ്ഞു. സംഘടനാ സങ്കുചിതത്വം സമുദായത്തിന്‍റെ ഉത്തമ താൽപര്യത്തിനും സമൂഹത്തിന്‍റെ ഐക്യത്തിനും തടസ്സമാകരുതെന്ന് മജ്ലിസുൽ അബ്റാർ ട്രസ്റ്റ് ചെയർമാൻ ഡി.എം. മുഹമ്മദ് മൗലവി അഭിപ്രായപ്പെട്ടു. പരീക്ഷണങ്ങൾ വിശ്വാസി സമൂഹത്തിന് പുത്തരിയല്ലെന്നും ഇതിനെ ദൈവഭക്തിയും ക്ഷമയും സത്യവുംകൊണ്ട് നേരിടാൻ കഴിയണമെന്നും കാട്ടുപുറം പള്ളി ഖത്തീബ് എൻ.എം. ഷാജഹാൻ മൗലവി ഉദ്ബോധിപ്പിച്ചു. സമുദായത്തിന്‍റെ വിശാല താൽപര്യങ്ങൾ മുൻനിർത്തി ഇങ്ങനെ ഒന്നിച്ചിരിക്കുന്നതുതന്നെ വലിയ സന്ദേശം നൽകുന്നതാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ ഖാദറും ചൂണ്ടിക്കാട്ടി.
സി.എം. അബ്ദുൽ ഖാദർ ഹാജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ. അനീസ്, മുഹമ്മദ് കുട്ടി റഷാദി, കെ.എ. മക്കർ മൗലവി, പൂച്ചാക്കൽ കെ.കെ. ഷറഫുദ്ദീൻ ഹാജി, ഷിറാസ് സലീം, ഹുസൈബ് വടുതല തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് വി.എ. അമീൻ അധ്യക്ഷത വഹിച്ചു. സിറാജുൽ ഇസ്ലാം മസ്ജിദ് ഇമാം റിസ്വാൻ അഹമ്മദ് ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

