വിളവ് കൂടിയാൽ എടുക്കാത്തതും സർക്കാർ; അത്യുൽപാദനം നടത്താൻ പറഞ്ഞതും സർക്കാർ
text_fieldsആലപ്പുഴ: പാടങ്ങളിൽ നെല്ല് നൂറുമേനി വിളയുന്നത് മൂലം കർഷകർ അനുഭവിക്കുന്ന ദുരിതം തുടരുന്നു. വിളവ് ഏറുന്നത് മനം നിറക്കുകയല്ല, കലുഷിതമാക്കുകയാണെന്നാണ് കർഷകരുടെ പരാതി.
പുഞ്ചപാടങ്ങളില്‍ പലതിലും അത്യുത്പാദന ശേഷിയുള്ള വിത്തുകളിൽ നിന്ന് മികച്ച വിളവ് ലഭിക്കുന്നുണ്ട്. ഏക്കറിന് 20 ക്വിന്റലിൽ കൂടുതൽ സംഭരിക്കില്ല എന്നാണ് സപ്ലൈകോയുടെ നിലപാട്. പ്രതിഷേധം കണക്കിലെടുത്ത് കൃഷിവകുപ്പ് 10 ക്വിന്റല്‍ അധികം സംഭരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഫീൽഡ് വിസിറ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകാൻ മിക്ക കൃഷി ഓഫീസർമാരും തയാറാകുന്നില്ല. അപ്പർ കുട്ടനാട്, കുട്ടനാട് മേഖലയിൽ ഏക്കറിന് 34 ക്വിന്റൽ വരെ വിളവ് ലഭിക്കുന്നുണ്ട്. കരിനിലങ്ങളിൽ പോലും 25 ക്വിന്റൽ വിളവ് ലഭിക്കുന്നു. ഗവേഷണ കേന്ദ്രങ്ങളില്‍ വികസിപ്പിച്ച അത്യുത്പാദന വിത്തിനങ്ങളാണ് കര്ഷകന് മികച്ച വിളവ് നല്‍കുന്നത്. കാര്‍ഷിക ചെലവുകള്‍ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് അത്യുത്പാദന വിത്തുകളിലെ വിളവുകൊണ്ടാണ്.
ഇതിന്റെ കടക്കലാണ് സപ്ലൈകോ കത്തിവെച്ചത്. സ്വാതന്ത്ര്യാനന്തരകാലത്ത് നെല്ല് ഉൽപാദനം പോരെന്ന് മനസിലാക്കി ഗവേഷണ വിഭാഗം ആരംഭിച്ചിരുന്നു. അവർ കണ്ടുപിടിച്ച വിത്തിനങ്ങളാണ് ഉമ, ജ്യോതി എന്നിവ. ഇവക്ക് പ്രതിരോധശക്തി കുറവാണെന്ന് മനസിലാക്കി വീണ്ടും കണ്ടുപിടുത്തങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. രേവതി പോലെയുള്ള പുതിയ ഇനം വിത്തുകള്‍ 35 ക്വിന്റലിലധികം ഉൽപാദിപ്പിക്കുമ്പോള് ഏക്കറിന് 20 കിന്റല്‍ നെല്ല് മാത്രമേ എടുക്കൂവെന്ന് സപ്ലൈകോ എന്തടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. കോടിക്കണക്കിന് രൂപ കാര്‍ഷിക ഗവേഷണത്തിന് മുടക്കി ഉൽപാദനം കൂട്ടുമ്പോള്‍ സര്‍ക്കാര്‍ തന്നെ അതിന് ബദലായ തീരുമാനങ്ങള്‍ എടുക്കുന്നതായാണ് ആക്ഷേപം. വിത്ത്, വളം, കീടനാശിനി ഉപയോഗം, കാര്‍ഷിക ചെലവുകള്‍, തൊഴില്‍ കൂലി തുടങ്ങിയവ ഓരോ സീസണിലും വര്‍ധിക്കുമ്പോള്‍ ഉത്പാദനം കുറയ്ക്കണമെന്ന തരത്തിലാണ് സര്‍ക്കാര്‍ സമീപനമെന്നാണ് കര്‍ഷകരുടെ പരാതി. യുവകര്‍ഷകരെ നെല്‍കൃഷിയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഉത്പാദനം കുറയ്ക്കാന്‍ വഴിവെക്കുന്ന നിലപാടുകളില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
കൃഷി ഓഫീസർമാരുടെ ഫീൽഡ് വിസിറ്റ് നിർബന്ധമാക്കണമെന്നും വിളവ് എത്രയെന്നതിന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കും മാനദണ്ഡമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കർഷകർ മറ്റ് സ്ഥലങ്ങളിൽ നിന്ന് നെല്ല് കൊണ്ട്വന്ന് കുട്ടനാടൻ നെല്ലിനൊപ്പം അളക്കാൻ ശ്രമിക്കുന്നുവെന്നാണ് കൃഷി, സപ്ലൈകോ വകുപ്പുകൾ ആരോപിക്കുന്നത്. തമിഴ്നാട്ടിൽപോയി നെല്ല് കൊണ്ടുവരുന്ന ഏതെങ്കിലും കർഷകർ കേരളത്തിൽ ഉണ്ടാകുമോ എന്നാണ് കൃഷിക്കാരുടെ മറുചോദ്യം. നെല്ലിന്റെ വിളവ് കൃത്യമായി പരിശോധിക്കാൻ കൃഷിവകുപ്പിന് സംവിധാനമില്ലാത്തതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ഉൽപാദനം കുടുതലുള്ള പാടങ്ങളിലെ കർഷകർ അത് സ്ഥിരീകരിക്കാനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റിനായി ഓഫീസ് കയറിയിറങ്ങി മടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

