ചുഴലിക്കാറ്റ്; ആലപ്പുഴ ജില്ലയിൽ വ്യാപക നാശം
text_fieldsചുഴലിക്കാറ്റിൽ വള്ളികുന്നത്ത് റോഡിലേക്ക് വീണ മരങ്ങൾ അഗ്നിരക്ഷാസംഘം മുറിച്ചുമാറ്റുന്നു
ആലപ്പുഴ: കനത്ത മഴക്കൊപ്പം ആഞ്ഞുവീഴിയ ചുഴലിക്കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകനാശം. 30 വീടുകൾ തകർന്നു. വള്ളികുന്നം, ഇലിപ്പക്കുളം, മാരാരിക്കുളം വടക്ക് പഞ്ചായത്ത്, മണ്ണഞ്ചേരി, കണിച്ചുകുളങ്ങര, പൊക്ലാശ്ശേരി, ചെത്തി, ചേന്നവേലി പ്രദേശത്താണ് നാശം. തിങ്കളാഴ്ച വൈകീട്ട് ആഞ്ഞടിച്ച കാറ്റിൽ ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. മരങ്ങൾ കടപുഴകി 20 വീടുകൾ ഭാഗികമായി തകർന്നു. 25 വീടുകളുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. പലയിടത്തും മരംവീണ് വൈദ്യുതി കമ്പികൾ പൊട്ടി. വൈദ്യുതി തൂണുകളും നിലംപതിച്ചു.
കണിച്ചുകുളങ്ങര, പൊക്ലാശ്ശേരി, ചെത്തി, ചേന്നവേലി പ്രദേശത്താണ് നാശമേറെ. വള്ളികുന്നം, ഇലിപ്പകുളം മേഖലയിൽ മരംവീണ് 11 കെ.വി. ലൈനടക്കം നിരവധി വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. മേലഖയിൽ വൈദ്യുതി ബന്ധം തകരാറിലായി. വിവിധ താലൂക്കുകളിൽ മരംവീണ് ഒമ്പതു വീടുകളും ഭാഗികമായി തകർന്നു. മാവേലിക്കര-അഞ്ച്, അമ്പലപ്പുഴ-മൂന്ന്, ചേർത്തല-ഒന്ന് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. വള്ളികുന്നം, ഇലിപ്പക്കുളം മേഖലയിൽ ചുഴലിക്കാറ്റാണ് വ്യാപക നാശംവിതച്ചത്.
ആഞ്ഞുവീശിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ നിരവധി മരങ്ങളാണ് കടപുഴകിയത്. പലയിടത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. മുഹമ്മ പഞ്ചായത്തിലെ രണ്ടാംവാർഡിൽ വില്ലുംവെളി പ്രസന്നന്റെ വീട് ആഞ്ഞിലി മരംവീണ് ഭാഗികമായി തകർന്നു. പള്ളിപ്പാട് വഴുതാനം ഗവ. യു.പി.എസിന്റെ ആൽമരം വീണ് ചുറ്റുമതിൽ തകർന്നു. ജൂണിലെ മഴക്കെടുതിയിൽ ഇതുവരെ ഒരുവീട് പൂർണമായും 23 വീടുകൾ ഭാഗികമായും തകർന്നു.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരംവീണ് പാർക്ക് ചെയ്ത കാർ പൂർണമായും തകർന്നു. മോർച്ചറിക്ക് മുന്നിൽ നിർത്തിയിട്ട കാറാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. കടപുഴകിയ കാറ്റാടി മരം അഗ്നിരക്ഷസേനയുടെ സഹായത്തോടെ എക്സ്കവേറ്റർ ഉപയോഗിച്ചാണ് നീക്കിയത്. ഒരുഭാഗം റോഡിലേക്കും വീണിരുന്നു. ആലപ്പുഴ കൊട്ടാരം പാലത്തിന് സമീപത്തെ വിദ്യാഭ്യാസ ഓഫിസിന് മുകളിൽ മരത്തിന്റെ ശിഖിരം ഒടിഞ്ഞുവീണു. തിങ്കളാഴ്ച ഉച്ചക്ക് 12.45നായിരുന്നു സംഭവം. അഗ്നിരക്ഷ സേനയെത്തി മരംമുറിച്ചുമാറ്റിയാണ് അപകടസാധ്യത ഒഴിവാക്കിയത്. ഇതിന് പിന്നാലെ 12.50ന് കലക്ടറേറ്റ് കോമ്പൗണ്ടിലെ ഇലഞ്ഞിമരവും കടപുഴകി. ജില്ല കോടതിക്ക് സമീപത്തെ മുനിസിപ്പൽ സത്രത്തിന് മുകളിലും മരംവീണു. ഉച്ചക്ക് 2.55നായിരുന്നു സംഭവം. രണ്ടിടത്തും അഗ്നിരക്ഷ സേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്. രാവിലെ എട്ടിന് ആര്യാട്-തലവടി റോഡിൽ മരം കുറുകെവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 3.30ന് മണ്ണഞ്ചേരിയിലെ വിവിധയിടങ്ങളിൽ മരംവീണ് വ്യാപക നഷ്ടമുണ്ടായി.
ചാരുംമൂട്: കനത്ത മഴയിലും കാറ്റിലും ചാരുംമൂട് മേഖലയിലും നാശനഷ്ടം. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് ശക്തമായ കാറ്റുവീശിയത്. മരം വീണ് നിരവധി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. നൂറനാട് പഞ്ചായത്തിലെ ആറ്റുവ കരേത്ത് വിശ്വനാഥനാചാരിയുടെ വീടിനുമുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി.
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ മരം കടപുഴകി വീട് തകർന്നു. പുറക്കാട് പഞ്ചായത്ത് 14ാം വാർഡ് ആനന്ദേശ്വരം സ്കൂളിനുസമീപം സജിത്തിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുനിന്ന തേക്കുമരം കടപുഴകിയത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഭിത്തിയും തകർന്നു.
മണ്ണഞ്ചേരി: കനത്ത കാറ്റിലും മഴയിലും മണ്ണഞ്ചേരിയിൽ വ്യാപക നാശം. മുഹമ്മ വൈദ്യുതി സെക്ഷന്റെ കീഴിൽ 12 ഓളം സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. 15 ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചു. പഞ്ചായത്ത് ആറാംവാർഡ് നാലുതറ അഹ്മ്മദ് മൗലവി ഹിഫ്സ് ആൻഡ് ശരീഅത്ത് കോളജിൽ മരംവീണു. കെട്ടിടം ഭാഗികമായി തകർന്നു. 19ആം വാർഡ് കണ്ണാട്ട് വീട്ടിൽ ക്രിസ്റ്റോ തോമസിന്റെ വീടിനോട് ചേർന്നുള്ള വർക്ഷോപ്പിനായി നിർമിച്ച കെട്ടിടം മരംവീണ് തകർന്നു. വലിയ വീട്, കൂട്ടുങ്കൽ ഭാഗത്തും മരംവീണ് നാശനഷ്ടങ്ങൾ ഉണ്ടായി.കുന്നപ്പള്ളി മനവീട് സുഭാഷ്, പൊന്നമ്മ, കല്യാണി, ഹക്കീം, പൊന്നാട് മുബാറക്ക് മൻസിലിൽ ഹാരിസ് എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്.
വള്ളികുന്നത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്
വള്ളികുന്നം: ഗ്രാമത്തെ വിറകൊള്ളിച്ച് സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റിന്റെ ദുരന്തത്തിൽനിന്ന് നാട് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഒരു മിനിറ്റുമുമ്പ് നൂറുകണക്കിന് കുട്ടികൾ സ്കൂളിലേക്ക് കയറിപ്പോയ വഴികളിലേക്കാണ് കൂറ്റൻ മരങ്ങൾ കടപുഴകിയത്. വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത സ്കൂളിന് കിഴക്കുഭാഗത്തെ റോഡിൽ തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ചുഴലിക്കാറ്റിൽ വള്ളികുന്നത്ത് റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റ്
അഞ്ചുമിനിറ്റോളം വീശിയടിച്ച കാറ്റിൽ 20ഓളം മരങ്ങളാണ് കടപുഴകിയത്. ഇവ വീണ് 14ഓളം വൈദ്യുതി പോസ്റ്റുകളും തകർന്നു. ലൈനുകൾ പൊട്ടിവീണപ്പോൾ തീപാറിയത് ജനങ്ങളെ ഭയപ്പെടുത്തി. ഈ സമയത്ത് ലൈനുകൾ ഓഫായതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. കുട്ടികൾ ക്ലാസ് മുറികളിൽ സുരക്ഷിതരായി എത്തിയശേഷമാണ് സംഭവം എന്നറിഞ്ഞത് നാടിനും ആശ്വാസമായി.
നിരവധി വാഹനങ്ങളും സൈക്കിൾ-കാൽനടക്കാരും കടന്നുപോകുന്ന വഴിയിലേക്ക് ഭയപ്പെടുത്തുന്ന ശബ്ദത്തോടെയാണ് മരങ്ങൾ പതിച്ചത്. വിവരമറിഞ്ഞ് പരിസരവാസികളും വൈദ്യുതി ജീവനക്കാരും കായംകുളത്ത് നിന്ന് അഗ്നിരക്ഷാസംഘവും സ്ഥലത്ത് എത്തി. ഉച്ചവരെ നടത്തിയ ശ്രമത്തിലാണ് അഗ്നിരക്ഷാസേന റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റിയത്. പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതിവിതരണം പൂർണമായി നിലച്ചു. ഇത് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വൈദ്യുതി ജീവനക്കാർ ഊർജിതമായി നടത്തുകയാണ്.
പ്രവീൺ രക്ഷപ്പെട്ടത് തലനാരിഴക്ക്
വള്ളികുന്നം: ഭീതിവിതച്ച് വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദുരന്ത കെടുതികളിൽനിന്ന് തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസമാണ് കടുവിനാൽ ജ്യോതിസിൽ പ്രവീൺ (44) പ്രകടിപ്പിക്കുന്നത്. അഞ്ച് മിനിറ്റിൽ താഴെ മാത്രം വീശിയടിച്ച കാറ്റിന്റെ ആഘാതം നേരിട്ടറിഞ്ഞതിന്റെ ഞെട്ടലിൽനിന്ന് ഇപ്പോഴും അദ്ദേഹം മുക്തനായിട്ടില്ല.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ അഞ്ചാം ക്ലാസുകാരനായ മകൻ അഭിനവിനെ വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത സ്കൂളിൽ വിടാനായിട്ടാണ് കാറിൽ ഇദ്ദേഹവും സുഹൃത്തും ജോസും എത്തിയത്. ബെൽ അടിച്ചതിനാൽ മകനെ സ്കൂൾ ഗേറ്റിൽ ഇറക്കി. കാർ തിരിച്ചു മുന്നോട്ടുനീങ്ങാൻ തുടങ്ങവെ മഴയും കാറ്റും ശക്തമായി. ഇതിനിടെ ജോസാണ് ആഞ്ഞിലിമരം കാറിനുനേരെ വരുന്നതായി വിളിച്ചുകൂവുന്നത്. അമ്പരന്നുപോയെങ്കിലും കാർ ഒരുവിധം മുന്നോട്ടുനീക്കുന്നതിനിടെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ആഞ്ഞിലിമരം റോഡിൽ പതിച്ചു. ഇതിനിടെ മുൻവശത്ത് വൻ ശബ്ദത്തോടെ തീപാറുന്ന സ്ഥിതിയിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു.
കാറിന് മുകളിലേക്കാണ് കമ്പികൾ വീണത്. കാർ നിർത്തിയെങ്കിലും പുറത്തിറങ്ങരുതെന്ന ചുറ്റിനുമുള്ള വീടുകളിൽനിന്ന് മുന്നറിയിപ്പ് നൽകിയതോടെ കാറിൽതന്നെ തുടരുകയായിരുന്നു. വൈദ്യുതി നിലച്ചുവെന്ന് ഉറപ്പായ ശേഷമാണ് കാറിൽനിന്നറിങ്ങി മുകളിൽ കിടന്ന കമ്പികൾ മാറ്റി യാത്ര തുടർന്നതെന്ന് പ്രവീൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

