വിശക്കുന്നവന് ഇനി ഷെൽഫിൽ ആഹാരം
text_fieldsപുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല ഫുഡ് ഷെൽഫ് ഉദ്ഘാടനം ചെയ്യുന്നു
മണ്ണഞ്ചേരി:വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ ആറാമത് വാർഷികത്തിന്റെ ഭാഗമായി മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിലും കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും ഫുഡ് ഷെൽഫ് സ്ഥാപിച്ചു. എല്ലാ ദിവസവും ഫുഡ് ഷെൽഫിൽ ഭക്ഷണപ്പൊതികൾ വെയ്ക്കും. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്കോ ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവർക്കോ ഭക്ഷണം എടുത്ത് കഴിക്കാനാകുന്ന നിലയിലാണ് ഫുഡ് ഷെൽഫ് ക്രമീകരിച്ചിരിക്കുന്നത്.
പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്ത് കഴിക്കുവാൻ കഴിയാതെ ഒറ്റപ്പെട്ടു താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി വഴി ദിനംതോറും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്.
പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല ഫുഡ് ഷെൽഫ് ഉദ്ഘാടനം ചെയ്തു. ജനകീയ അടുക്കളയ്ക്ക് സമീപം ചേർന്ന വാർഷികാഘോഷം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭക്ഷണ വിതരണം നടത്തുന്ന വോളന്റിയർമാരെ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ആദരിച്ചു. ചടങ്ങിൽ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.വി. രതീഷ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം പി. ധനലക്ഷ്മി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. ഉല്ലാസ്, ട്രസ്റ്റ് ജനറൽ കൺവീനർ പി. വിനീതൻ, ട്രഷറർ നൗഷാദ് പുതുവീട്, സജി. പി. സാഗർ, ശിഖിവാഹനൻ, കെ.സജേഷ്, ജോസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

