മണ്ണഞ്ചേരി: വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്കുള്ള അരി സമാഹരണ പരിപാടിയായ അരി ചലഞ്ചിൽ മണ്ണഞ്ചേരി പൊലീസും പങ്കാളികളായി. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ നാനൂറോളം പേർക്കാണ് ഈ പദ്ധതിവഴി ദിവസവും രണ്ടു നേരത്തെ ഭക്ഷണമെത്തിക്കുന്നത്.
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചായിരുന്നു ഇതിെൻറ ചെലവുകൾ നടത്തിപ്പോന്നിരുന്നത്. ലോക്ഡൗൺ പ്രതിസന്ധിമൂലം സ്പോൺസർഷിപ്പിലും വലിയ ഇടിവുണ്ടായി. വാർഡുകളിൽനിന്നുള്ള അരി ശേഖരണവും കോവിഡ് മൂലം തടസ്സപ്പെട്ടു.
ഈ പ്രതിസന്ധി മറികടക്കാനാണ് അരി ചലഞ്ച് തുടങ്ങിയത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എയാണ് അരി ചലഞ്ചിന് തുടക്കം കുറിച്ചത്. തനിയെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിന് പ്രയാസം അനുഭവിക്കുന്ന നിരവധിയാളുകൾക്ക് വിശപ്പുരഹിത മാരാരിക്കുളം പദ്ധതി സഹായകരമാകുന്നുവെന്ന് സി.ഐ രവി സന്തോഷ് പറഞ്ഞു. എ.എസ്.ഐ ബൈജുവിെൻറ നേതൃത്വത്തിലാണ് അരി സമാഹരിച്ചത്. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് അരി ഏറ്റുവാങ്ങി.