മഴ കനത്തു; ജില്ലയിൽ വ്യാപക നാശം; ഏഴ് വീടുകൾ തകർന്നു
text_fieldsതിരുവൻവണ്ടൂർ അച്ചിലേത്ത് രാജശേഖരൻ നായരുടെ വീടിനു മുകളിൽ വീണ തെങ്ങ്
ആലപ്പുഴ: കാലവർഷം കടന്നെത്തിയ ആദ്യദിനത്തിൽ ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. കനത്ത കാറ്റിൽ മരം വീണ് ഏഴ് വീടാണ് തകർന്നത്. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും കടൽക്ഷോഭത്തിൽ രണ്ട് വീട് തകരുകയും നിരവധി തെങ്ങുകൾ കടപുഴകുകയും ചെയ്തു. പുന്നപ്രയിൽ കടൽഭിത്തിക്ക് കേടുപാടുണ്ടായി. കുട്ടനാട് താലൂക്കിലാണ് ഒരുവീട് പൂർണമായും നിലംപൊത്തിയത്. ചേർത്തല- രണ്ട്, കുട്ടനാട്- രണ്ട്, ചെങ്ങന്നൂർ- ഒന്ന് എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട്, ഒറ്റമശ്ശേരി എന്നിവിടങ്ങളിൽ താമസിക്കുന്നവർ കടൽക്ഷോഭ ഭീതിയിലാണ്.
കാറ്റിൽ നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും പോസ്റ്റുകളും തകർന്നു. കെ.എസ്.ഇ.ബി അധികൃതർ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കനത്ത കാറ്റിൽ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലിൽനിന്ന് കണ്ടെയ്നറുകൾ അറബിക്കടലിലേക്ക് വീണതിന്റെ പശ്ചാത്തലത്തിൽ ഓയിലടക്കം പരക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി. 16 വർഷത്തിനുശേഷമാണ് ഇത്രയും നേരത്തേ കാലവർഷം എത്തുന്നത്. ഇതിന് മുമ്പ് 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. അതിതീവ്ര മഴയുള്ളതിനാൽ ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശത്ത് ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.
അരൂർ: ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചയും രാവിലെയും ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകളിൽ വൃക്ഷങ്ങൾ വീണ് നാശമുണ്ടായി. വൈദ്യുതി ലൈനുകളിലേക്ക് ശിഖരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി നിലച്ചു. നാലാം വാർഡിൽ ചെറുവള്ളി വീട്ടിൽ സെൽവരാജിന്റെ വീടിന്റെ സ്റ്റെയർകേസിന്റെ ഭിത്തിയാണ് തകർന്നത്. അയൽ വീടിന്റെ മതിൽ കനത്ത മഴയിൽ മറിഞ്ഞുവീണാണ് സ്റ്റെയർകേസ് തകർന്നത്. മൂന്നാം വാർഡിൽ കൈതവളപ്പിൽ കനകമ്മയുടെ വീട് മരം വീണ് തകർന്നു. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ അരൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം. വൈദ്യുതിബന്ധവും തകരാറിലായി. ഏത്തവാഴ കൃഷിയും ചേന, കപ്പ എന്നിവയും വൻതോതിൽ നശിച്ചു. തിരുവൻവണ്ടൂർ, ആല, പാണ്ടനാട്, പുലിയൂർ മേഖലകളിലാണ് കൃഷിനാശവും വൈദ്യുതിബന്ധവും തകരാറിലായത്. ഇരമല്ലിക്കര, നന്നാട് പ്രദേശങ്ങളിൽ കരകൃഷികൾക്ക് നാശനഷ്ടമുണ്ടായി. മരങ്ങൾ വീണ് വൈദ്യുതി തൂണുകൾക്കും നാശം സംഭവിച്ചു. തിരുവൻവണ്ടൂർ അച്ചിലേത്ത് രാജ്ഭവനത്തിൽ രാജശേഖരൻനായരുടെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂരക്ക് നാശമുണ്ടായി.
ഹരിപ്പാട്: വീയപുരത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. രണ്ടാം വാർഡിൽ കടവിൽപറമ്പിൽ ഖമറുദ്ദീന്റെ 800ഓളം കുലച്ച വാഴകൾ നശിച്ചു. വിളവെടുക്കാൻ ഒരു മാസം ബാക്കിനിൽക്കെയാണ് വാഴകൾ നശിച്ചത്. രണ്ടാം വാർഡിൽ നന്നങ്കേരി കോളനിയിൽ സാദിഖിന്റെ വീട് മരം കടപുഴകി ഭാഗികമായി തകർന്നു. വീയപുരം പടിഞ്ഞാറ് ഒന്നാം വാർഡിൽ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പാറേച്ചിറ കോളനിയിൽ തലനാരിഴക്കാണ് ദുരന്തം ഒഴിവായത് തൊട്ടടുത്ത ചിറയിൽ റഷീദിന്റെ തെങ്ങ് കടപുഴകുകയും ചെയ്തു. പുത്തൻതുരുത്ത്, പോച്ച, മേല്ലാടം തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി.
വള്ളികുന്നം: ശക്തമായ കാറ്റിലും മഴയിലും വള്ളികുന്നം വൈദ്യുതി സെക്ഷൻ പരിധിയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും നിരവധി പോസ്റ്റുകൾ തകർന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

