കഞ്ഞിക്കുഴിയിൽ വൻ കഞ്ചാവ് വേട്ട; മൂന്നുപേർ പിടിയിൽ
text_fieldsജോതിഷ്,നോബിൾ, സിജി
മാരാരിക്കുളം: കഞ്ഞിക്കുഴിയിൽ പത്തര കിലോ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാവള്ളിയിൽ നോബിൾ (28), വളപ്പിൽവീട് ജോതിഷ് (34), കുളമാക്കി കോളനിയിൽ ടി.കെ. സിജി (36) എന്നിവരാണ് പിടിയിലായത്. ചെറുകിട മാർക്കറ്റിൽ പത്തര ലക്ഷം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്.
10 ദിവസമായി പ്രതികൾ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. ആലപ്പുഴ എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു ആലപ്പുഴ എക്സൈസ് ഇന്റലിജൻസും ചേർത്തല എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിൽ ആക്കുന്നതാണ് വിപണന രീതി. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയ്, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജി. ഫെമിൻ, എക്സൈസ് ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർമാരായ റോയ് ജേക്കബ്, ജി. അലക്സാണ്ടർ, ചേർത്തല റേഞ്ച് പ്രിവന്റിവ് ഓഫിസർ കെ.പി. സുരേഷ്, എം.എസ്. സുഭാഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് മണികണ്ഠൻ, ഷിബു പി. ബെഞ്ചമിൻ, പി. സാനു, സിവിൽ എക്സൈസ് ഓഫിസർ ആകാശ് എസ്. നാരായണൻ ആലപ്പുഴ എക്സൈസ് സൈബർ സെൽ ഉദ്യോഗസ്ഥരായ ബി.എ. അൻഷാദ്, വി. പ്രമോദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. രണ്ടാഴ്ചക്ക് മുമ്പ് മാരാരിക്കുളം കളിത്തട്ടിന് സമീപത്തുനിന്ന് മൂന്ന് കിലോ 100 ഗ്രാം കഞ്ചാവുമായി ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിലായിരുന്നു.

