ആലപ്പുഴ: വട്ടക്കായലിൽ വിനോദസഞ്ചാരികളുമായുള്ള യാത്രക്കിടെ ഹൗസ് ബോട്ടിന് തീപിടിച്ചു. തൃശൂർ സ്വദേശികളായ 12 സഞ്ചാരികളും ഹൗസ് ബോട്ടിലെ ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പുന്നമട സ്വദേശിയായ പ്രദീപിെൻറ ഉടമസ്ഥതയിലുള്ള കാട്ടിലമ്മ എന്ന ബോട്ടിന് ബുധനാഴ്ച ഉച്ചക്ക് 12.20നാണ് തീപിടിച്ചത്. അടുക്കളക്ക് സമീപമുള്ള കിടപ്പുമുറിയിൽനിന്നാണ് തീ പടർന്നത്.
വട്ടക്കായലിലെ ടെർമിനലിൽ ബോട്ട് അടുപ്പിച്ച് സഞ്ചാരികൾ ഇറങ്ങുന്ന സമയത്താണ് തീപിടിച്ചത്. മറ്റ് ഹൗസ് ബോട്ടുകളിലെ ജീവനക്കാർക്കും നാട്ടുകാർക്കും ഓടിയെത്താനായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി.
ബക്കറ്റുകളിൽ വെള്ളം കോരിയും ബോട്ടിലുണ്ടായിരുന്ന ചെറിയ പമ്പ് ഉപയോഗിച്ചും തീയണച്ചതിനാൽ പൂർണമായി കത്തിനശിക്കാതെ സംരക്ഷിക്കാൻ കഴിഞ്ഞു. കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.