കൈതവനയിലെ വീട് ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsമനുശങ്കർ, ലിനോജ്
ആലപ്പുഴ: കൈതവനയിൽ വീട് ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൈതവന വാർഡ് ശങ്കരശ്ശേരി വെളിവീട്ടിൽ മനുശങ്കർ (മകുടി മനു -30), പള്ളിപ്പറമ്പ് വീട്ടിൽ ലിനോജ് (31) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൈതവന വാർഡ് കുഴിയിൽചിറയിൽ ഉദയന്റെ ഭാര്യ രമയുടെ വീട്ടിലാണ് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്.
രമയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ലിനോജ് പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽനിന്ന് പുറത്തിറങ്ങിയശേഷമാണ് പ്രതികൾ വീട് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എസ്.ഐ എസ്. അരുൺ, എസ്.ഐ വി.ഡി. റെജിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.