കുട്ടനാട്ടിലെ വിദ്യാലയങ്ങളെ വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കണം; ദീർഘകാല പരിഹാരം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ആലപ്പുഴ കുട്ടനാട് മേഖലയിലെ വിദ്യാലയങ്ങൾ മഴക്കാലത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ ദീർഘകാല പരിഹാരം ആവശ്യമെന്ന് ഹൈകോടതി. ഇതിന്റെ ഭാഗമായി സമഗ്ര പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി കുട്ടനാട് പാക്കേജ്, ജലഗതാഗതം എന്നിവയുടെ ചുമതലയുള്ള ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.
റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമെന്നും ഇതിലെ ശുപാർശകൾ പരിശോധിച്ച് സർക്കാർ ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. നാല് മാസത്തിനകം പ്രാഥമിക റിപ്പോർട്ടും തുടർന്ന് അന്തിമ റിപ്പോർട്ടും നൽകണം. പഠനം നടത്താൻ ആവശ്യമെങ്കിൽ ചീഫ് എൻജിനീയർക്ക് അടിസ്ഥാന സൗകര്യങ്ങളും മാനവ ശേഷിയും സർക്കാർ ഒരുക്കി നൽകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു.
കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ വെള്ളക്കെട്ട് പ്രശ്നം ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ബി.ആർ. ബിന്ദു അയച്ച കത്തിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. ഹ്രസ്വകാല പരിഹാരങ്ങളുടെ ഭാഗമായി, ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരാൻ കോടതി നിർദേശിച്ചു. കുട്ടമംഗലം സ്കൂളിലടക്കം വെള്ളക്കെട്ട് പ്രശ്നമുണ്ടായാൽ സമിതി മുൻകാലങ്ങളേപ്പോലെ ഇടപെടണം.
സ്കൂളിലെ വെള്ളക്കെട്ടിന് കാരണമായ പരുത്തിവളവ് പാടശേഖര ബണ്ടിലെ മടവീഴ്ച സംബന്ധിച്ച് കലക്ടർ, പുഞ്ച സ്പെഷ്യൽ ഓഫീസർ മുഖേന അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പാടശേഖര സമിതിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കണ്ടാൽ നിയമപരമായ നടപടിയെടുക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

