ഓട വില്ലൻ; വെള്ളം വീട്ടിൽ
text_fieldsആലപ്പുഴ കനാൽ വാർഡിൽ മുളക്കട ക്ഷേത്രത്തിലേക്കുള്ള പാതയിൽ ഉയര വ്യത്യാസത്തിൽ നിർമാണം പൂർത്തിയാക്കിയ ഓട
ആലപ്പുഴ: നഗരസഭയുടെ ഓട നിർമാണത്തിൽ ‘പണി’കിട്ടി കുടുംബങ്ങൾ. ആലപ്പുഴ കനാൽ വാർഡിൽ മുളക്കട ക്ഷേത്രത്തിൽനിന്ന് മുന്നോടി ക്ഷേത്രത്തിലേക്കുള്ള മൺപാതയിൽ ഒരുമാസം മുമ്പ് നിർമിച്ച ഓടയാണ് വില്ലൻ. റോഡും ഓടയും തമ്മിലുള്ള ഉയര വ്യത്യാസത്തിൽ വീടുകളിലേക്ക് ആളുകൾക്ക് കയറിയിറങ്ങാൻപോലും പറ്റാത്ത സ്ഥിതിയാണ്.
കുട്ടികളും പ്രായമായവരും തട്ടിവീഴുകയാണ്. വാഹനമുള്ളവരുടെ സ്ഥിതി അതിലും കഷ്ടമാണ്. കല്ലും കട്ടയുമിട്ട് ഒരുവിധം ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കിയാലും തിരിച്ചുകയറ്റാൻ അതിസാഹസം കാട്ടണം.
മഴക്കാലത്ത് നിറയുന്ന വെള്ളമാണ് പ്രധാന പ്രശ്നം. മഴയിൽ ഓടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനൊപ്പം പെയ്ത്തുവെള്ളവുംകൂടി എത്തുന്നതോടെ സ്ഥിതി രൂക്ഷമാകും. ഇരുവശത്തും വീടുകളിലേക്ക് ജലം ഇരച്ചെത്തി പ്രദേശമാകെ മുങ്ങും.
ഈ പാതയോട് ചേർന്ന ഇടവഴികളിലൂടെ നിറഞ്ഞൊഴുകുന്ന വെള്ളം സൃഷ്ടിക്കുന്ന തലവേദനയും ചെറുതല്ല. ചിലപ്പോൾ വെള്ളക്കെട്ട് ദിവസങ്ങളോളം തുടരും. ഈസമയത്ത് ചളിനിറഞ്ഞ് കാൽനടപോലും അസാധ്യമാകും. പൊഴിമുറിച്ചാൽ മാത്രമേ വെള്ളത്തിന്റെ ഒഴുക്ക് സാധ്യമാകൂ. ഓട നിർമാണത്തിന് പിന്നാലെ പാതയിലൂടെ ഓട്ടോപോലും കടന്നുപോകാത്ത സ്ഥിതിയാണ്. 60ലധികം വീട്ടുകാർക്ക് ആശ്രയമായ റോഡ് ഇതുവരെ ടാറിങ്പോലും നടത്തിയിട്ടില്ല. റോഡ് നവീകരണത്തിന് മുൻഗണന നൽകാത്ത അശാസ്ത്രീയ ഓട നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

