ആലപ്പുഴയിൽ ആഞ്ഞുവീശി കനത്തകാറ്റ്; വ്യാപകനാശം, 51 വീടുകൾ തകർന്നു
text_fieldsആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ നിലംപൊത്തിയ കൂറ്റൻമരത്തിന്റെ ശിഖരങ്ങൾ അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു
ആലപ്പുഴ: കനത്തകാറ്റിൽ ജില്ലയിൽ വ്യാപകനാശം. പുലർച്ച രണ്ടുതവണയായി ആഞ്ഞുവീശിയകാറ്റിൽ ഒരുവീട് പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു. അമ്പലപ്പുഴ താലൂക്കിലാണ് ഏറെയും നാശം. ചേർത്തല-ഏഴ്, അമ്പലപ്പുഴ-20, കുട്ടനാട്-രണ്ട്, കാർത്തികപ്പള്ളി-12, മാവേലിക്കര-അഞ്ച്, ചെങ്ങന്നൂർ-നാല് എന്നിങ്ങനെയാണ് തകർന്ന വീടുകളുടെ എണ്ണം. മരംവീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി നിരവധി പ്രദേശങ്ങൾ ഇരുട്ടിലായി. പലയിടത്തും ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
ബുധനാഴ്ച പുലർച്ച 3.30നാണ് ആദ്യം കാറ്റ് വീശിയത്. ഇതിന്റെ ആഘാതം വിട്ടൊഴിയുംമുമ്പേ അഞ്ചിന് വീണ്ടും കാറ്റടിച്ചതോടെയാണ് കൂടുതൽ നാശമുണ്ടായത്. ചേർത്തല, അമ്പലപ്പുഴ തീരദേശമേഖലകളിലും ആലപ്പുഴ, മാരാരിക്കുളം സൗത്ത്, മുഹമ്മ, കഞ്ഞിക്കുഴി, തലവടി, തകഴി, എടത്വ, മാന്നാർ, മാവേലിക്കര പ്രദേശങ്ങളിലും മരംവീണ് വ്യാപക നാശമുണ്ടായി. തകഴി റെയിൽവേ ട്രാക്കിൽ മരംവീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകൾ വൈകി. മരംവീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിയതിന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ല. പുനഃസ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്ത കാറും ഉപയോഗശൂന്യവുമായ മൂന്ന് വാഹനങ്ങൾക്കും മുകളിലേക്ക് വൻമരം കടപുഴകിവീണു. ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം. ഇതിനൊപ്പം തൊട്ടടുത്ത കോമ്പൗണ്ടിലേക്കും വീണ മരം മണിക്കൂറുകൾ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റിയത്.
ആലപ്പുഴ വലിയചുടുകാടിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിക്ക് മുകളിലേക്ക് തേക്കുമരം വീണു. വളവനാട് കോൾഗേറ്റ് ജങ്ഷൻ, പുന്നപ്ര എച്ച്.എൻ.സി പള്ളിക്ക് സമീപം, മണ്ണഞ്ചേരി സ്കൂളിന് സമീപം, പാതിരപ്പള്ളി ഓമനപ്പുഴ ഭാഗം, മിൽമ കളിത്തട്ട് ഭാഗം എന്നിവിടങ്ങളിൽ മരംവീണ് ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്. കുട്ടനാടൻ മേഖലയിലും കാറ്റ് കനത്തനാശം വിതച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്ത, നാലാംവാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ, തകഴി പഞ്ചായത്ത് എട്ടാംവാർഡിൽ കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകളാണ് തകർന്നത്. തലവടി, കേളമംഗലം, ചെക്കിടിക്കാട്, പച്ച പ്രദേശങ്ങളിൽ മരങ്ങൾ വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. മാന്നാറിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. വൈദ്യുതിബന്ധം തകരാറിലായി. മരം വീണ് മാന്നാർ തൃക്കുരട്ടി ധർമശാസ്താക്ഷേത്രത്തിന്റെ മതിൽതകർന്നു.
കായംകുളം: ശക്തമായ കാറ്റിലും മഴയിലും ഓണാട്ടുകര മേഖലയിൽ കനത്ത നാശം. ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മരങ്ങൾ വ്യാപകമായി കടപുഴകി വീണു. കൊറ്റുകുളങ്ങരക്ക് പടിഞ്ഞാറ് കൊച്ചുപള്ളിക്ക് സമീപം നിഹാസിന്റെ വീടിന് മുകളിലേക്ക് മാവ് കടപുഴകി വീണ് ഭാഗികമായി തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻഭാഗവും തകർന്നു. ഐക്യ ജങ്ഷൻ തേക്കാതലക്കൽ സതീദേവിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ആഞ്ഞിലിമരം വീണ് സൈഫുദ്ദീന്റെ വിറക് ഷെഡ് പൂർണമായും തകർന്നു. കടമ്പാട്ട് വീട്ടിൽ ഹുസൈന്റെ വീടിനു മുകളിൽ ആഞ്ഞിലിമരം വീണ് ഇവിടെ വാടകക്ക് താമസിച്ചിരുന്ന വെളുത്തടത്ത് മോഹിനിക്ക് നിസ്സാര പരിക്കേറ്റു. കൃഷ്ണപുരത്ത് റെയിൽവേ പാളത്തിലേക്ക് മരം കടപുഴകി വീണത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. വൈദ്യുതി ലൈനുകളിലേക്ക് മരം വീണത് കൃഷ്ണപുരം, വള്ളികുന്നം സെക്ഷൻ പരിധികളിൽ വൈദ്യുതി മുടക്കത്തിനും കാരണമായി.
മാവേലിക്കര: ശക്തമായ കാറ്റിൽ മാവേലിക്കരയിൽ വ്യാപക നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി. നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. തെക്കേക്കര പഞ്ചായത്ത് പല്ലാരിമംഗലം കോട്ടക്കാട്ടേത്ത് തറയിൽ ഗോമതി, കണ്ടിയൂർ കിഴക്കടത്ത് വടക്കതിൽ രാജൻ, കണ്ണമംഗലം പൊന്നമ്പള്ളിൽ പടീറ്റതിൽ കാർത്ത്യായനി എന്നിവരുടെ വീടുകൾക്കാണ് നാശം. മരം വീണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഗോമതിക്ക് തലക്ക് പരിക്കേറ്റു. രാജന്റെ വീടിന് മുമ്പിൽ നിർത്തിയിട്ട ഓട്ടോയും തകർന്നു.
അരൂർ : പതിനേഴാം വാർഡിൽ പുറത്തുകാട് സലീമിന്റെ വീടിന് മുകളിൽ പഞ്ഞിമരം വീണ് നാശമുണ്ടായി. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിനാണ് നാശം ഉണ്ടായത്.അരൂരിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി. അരൂർ മേഖലയിൽ പല ഭാഗത്തും മരങ്ങൾ വീണ് ലൈനുകൾ പൊട്ടിയതുമൂലം വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
അമ്പലപ്പുഴ: കാറ്റിൽ മരം വീണ് വീടുകൾ തകർന്നു. പുന്നപ്ര തെക്ക് 16ാം വാർഡ് മണ്ണാപറമ്പിൽ ബാബു, പുത്തൻപുരക്കൽ എബ്രഹാം, പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് പുതുവൽ കാത്ത ചന്ദ്രൻ, വെളിം പറമ്പിൽ ജോഷി, അച്ചാരുപറമ്പിൽ പരമേശ്വരൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കാത്ത ചന്ദ്രന്റെ വീട് പൂർണമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു. എബ്രഹാമിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ബുധനാഴ്ച പുലർച്ചക്ക് വീശിയടിച്ച ശക്തമായ കാറ്റിലാണ് വിവിധയിടങ്ങളിൽ അപകടമുണ്ടായത്. ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ പലരും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ആറാട്ടുപുഴ: ബുധനാഴ്ച പുലർച്ചെ നാലരയോടെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരക്ക് തകരാറുണ്ടായി. മുതുകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷന് വടക്ക് പ്രവർത്തിക്കുന്ന കണിശേരിൽ സഹീദിന്റെ കോഴിക്കടയുടെ മൂന്ന് ആസ് ബസ്റ്റോസ് ഷീറ്റുകൾ പറന്നു പോയി. ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ട് കടവ് പുതുശ്ശേരിപ്പുതുവൽ രാധാകൃഷ്ണന്റെ വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി. മേൽക്കൂരയ്ക്കും ഭിത്തിയ്ക്കും പാരപ്പറ്റിനും കേടുപാടുണ്ടായി. വീടിനോട് ചേർന്നുളള ഷെഡിനും ഭാഗിക നാശമുണ്ടായി.
മുതുകുളം വടക്ക് മൂലയ്ക്കൽ വലിയകാവ് ക്ഷേത്രത്തിലെ സർപ്പക്കാവിന് മുന്നിലുളള സപ്താഹ ഷെഡ് മരം വീണ് പൂർണമായും തകർന്നു. കാവിന്റെ ചുറ്റുമതിൽക്കെട്ടിനും നാശമുണ്ടായി. മുതുകുളം 15-ാം വാർഡ് ചേലിപ്പള്ളിത്തറയിൽ മനോജിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഓടുമേഞ്ഞ മേൽക്കൂരക്ക് നാശമുണ്ടായി. കമ്പികളിലേക്ക് മരം വീണ് പല ഭാഗത്തും വൈദ്യുതി തടസ്സവുമുണ്ടായി. മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാലക്ക് സമീപം വൈദ്യുതിക്കമ്പിക്ക് മുകളിലേക്ക് തേക്ക് വീണു.
മണ്ണഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊന്നാട് തൈപ്പറമ്പിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ മരം വീണ് തകർന്നു. സമീപമുണ്ടായിരുന്ന തേക്ക് മരമാണ് കടപുഴകി വീണത്. ആളപായമില്ല. മുഹമ്മ പഞ്ചായത്ത് 11ാം വാർഡ് പാപ്പാളിവെളി ശോഭനമാധവന്റെ വീട് മരം വീണ് തകർന്നു. പൊന്നാട് നെടുംതറയിൽ അബൂബക്കറിന്റെ പശുത്തൊഴുത്ത് മരം വീണ് തകർന്നു. പശു അപകടം കൂടാതെ രക്ഷപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് നാല്, അഞ്ച് വാർഡ് ഭാഗങ്ങളിൽ മരങ്ങൾ വീണു. ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് മുൻവശം റോഡിലേക്ക് കൂറ്റൻ മരം കടപുഴകി.
ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന ചെറുവള്ളങ്ങള്‍ക്കും തകരാർ
അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയില്‍ വ്യാപകനാശം. പലയിടത്തും വീടുകള്‍ക്ക് മുകളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി. മരം കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുവീണും വൈദ്യുത ബന്ധം നിലച്ചു. തോട്ടപ്പള്ളിയില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടം ഭയന്ന് ഉറക്കമിളച്ചാണ് പലരും നേരം വെളുപ്പിച്ചത്.
പുന്നപ്ര തെക്ക് രണ്ടാം വാർഡ് പുത്തൻപുരക്കൽ ജസ്റ്റിൻ സ്റ്റീഫന്റെ വീടിനുമുകളിൽ മരം വീണ് മേൽക്കൂരയുടെ ചില ഭാഗങ്ങൾ ഇടിഞ്ഞുവീണു. കുറ്റൻ പ്ലാവാണ് നിലം പൊത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി. പറവൂർ രണ്ടുതൈ വെളിയിൽ പ്രസന്നകുമാറിന്റെ വീടും മരംവീണ് തകർന്നു. കാറ്റിൽ അയൽവാസിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന രണ്ട് വലിയ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ശക്തമായ കാറ്റിന്റെ സാന്നിധ്യം മനസ്സിലാക്കി സുരക്ഷിതമായ മറ്റൊരു മുറിയിലേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവ സമയത്ത് ഭാര്യയും
പ്രസന്നകുമാറുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭീഷണിയുള്ള മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട് പ്രസന്നകുമാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നതാണ്. ശക്തമായ കാറ്റില്‍ തോട്ടപ്പള്ളി ഹാര്‍ബറിന് സമീപം ഹാങ്കറില്‍ കിടന്ന ലൈലന്റ് വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വള്ളങ്ങള്‍ പുലിമുട്ടില്‍ ഇടിച്ചുകയറിയതാണ് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായത്. പുന്നപ്ര സ്വദേശികളുടെ ‘അരണി’, ‘പരാശക്തി’, താനൂര്‍ സ്വദേശിയുടെ ‘പിള്ളേര്’ എന്നീ വള്ളങ്ങളാണ് പുലിമുട്ടിലെ കല്ലുകളിലേക്ക് ഇടിച്ച് കയറിയത്. തോട്ടപ്പള്ളി ഹാര്‍ബറിന് വടക്ക് ഭാഗത്ത് കിടന്ന വള്ളങ്ങള്‍ ഹാങ്കറില്‍ നിന്നും ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ തെന്നിമാറിയാണ് കല്ലില്‍ ഇടിച്ചുകയറിയത്. ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന ചെറുവള്ളങ്ങള്‍ കാറ്റില്‍ കുട്ടിയിടിച്ചും കേടുപാടുകള്‍ സംഭവിച്ചു.
ക്ഷേത്രത്തിലെ താൽക്കാലിക പന്തൽ തകർന്നുവീണു
ആലപ്പുഴ: ശക്തമായ കാറ്റിൽ കഞ്ഞിക്കുഴി ചെറുവാരണം അയ്യപ്പൻചേരി ശ്രീധർമശാസ്ത്രക്ഷേത്രത്തിൽ ചുറ്റമ്പലം പുനരുദ്ധാരണത്തിനായി സ്ഥാപിച്ച താൽക്കാലിക പന്തൽ തകർന്നുവീണു. ബുധനാഴ്ച പുലർച്ച അഞ്ചിനായിരുന്നു സംഭവം.
ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇരുമ്പ് പൈപ്പും ഷീറ്റുകളും ഉപയോഗിച്ച് താൽക്കാലിക പന്തൽ നിർമിച്ചത്. ഒരാഴ്ച മുമ്പ് സ്ഥാപിച്ച പന്തലാണ് ശക്തമായ കാറ്റിൽ നിലം പതിച്ചത്. പൈപ്പുകൾ വളഞ്ഞ് ഷീറ്റുകൾ തെറിച്ചുപോയി. ക്ഷേത്രം പൂജാരിയും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. തണ്ണീർമുക്കം വടക്ക് വില്ലേജ് ഓഫിസ് അധികൃതരും കഞ്ഞിക്കുഴി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. പന്തൽ പുനഃസ്ഥാപിക്കാൻ 12 ലക്ഷത്തോളം രൂപയെങ്കിലും വേണ്ടിവരുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
നിർമാണത്തിലിരുന്ന വീട് മരംവീണ് തകർന്നു
എടത്വ: ശക്തമായ കാറ്റിൽ ലൈഫ് പദ്ധതിയിൽ നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്തയുടെ വീടിന് മുകളിലേക്കാണ് പുളിമരം കടപുഴകി വീണത്.
ബുധനാഴ്ച പുലർച്ച നാലിനായിരുന്നു സംഭവം. മേൽക്കൂരയുടെ വാർപ്പ് കഴിഞ്ഞ് ഒരുദിവസം പിന്നിട്ട വീടിന് മുകളിലേക്കാണ് സമീപവാസിയായ കുറ്റിച്ചിറയിൽ ഗോപാലകൃഷ്ണന്റെ പുളിമരം കടപുഴകി വീണത്. വീട് ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

