കുട്ടനാട്ടിൽ വെള്ളപ്പൊക്കം; കിഴക്കൻ വെള്ളത്തിൽ ആശങ്ക
text_fieldsവെള്ളംനിറഞ്ഞ വീട്ടിലേക്ക് വള്ളത്തിൽപോകുന്ന ദമ്പതികൾ
ആലപ്പുഴ: തോരാമഴക്കൊപ്പം കിഴക്കൻവെള്ളത്തിെൻറ വരവിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ആശങ്ക. പ്രധാനപാതയായ എ.സി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നേരിയതോതിൽ തടസ്സപ്പെട്ടു. മങ്കൊമ്പ്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞ് കൈനകരി, മങ്കൊമ്പ്, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി, എടത്വ, തകഴി, തലവടി, മുട്ടാർ അടക്കമുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ഏർപെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു.
കനത്തകാറ്റിൽ മരംവീണ് ജില്ലയിൽ എട്ടുവീടുകൾക്ക് നാശമുണ്ടായി. ഇതിൽ രണ്ടെണ്ണം പൂർണമായും തകർന്നു. മരംവീണ് ചെങ്ങന്നൂർ തിട്ടമേൽ ശിവൻ, മാന്നാർ സ്വദേശി ചെല്ലപ്പൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
മങ്കൊമ്പിൽനിന്ന് ആറ്റുതീരത്തേക്ക് പോകുന്നവഴിയിൽ ഒന്നരകിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം വെള്ളമുയർന്നു. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങുന്നവർ നീന്തിയാണ് പ്രധാനപാതയിലെ കടകളിൽ എത്തുന്നത്. മെങ്കാമ്പിൽ വികാസ്മാർഗ് റോഡിൽ 60ൽചിറ കോളനിയിൽ 64 കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്. കടൽക്ഷോഭത്തിലും കനത്തകാറ്റിലും തീരദേശങ്ങളിലും ദുരിതമാണ്. തോട്ടപ്പള്ളി, അർത്തുങ്കൽ അടക്കമുള്ള മേഖലകളിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിട്ടില്ല.
മടവീഴ്ചയിൽ കൊയ്ത്തിന് പാകമായതും രണ്ടാംകൃഷിക്ക് തയാറെടുത്ത പാടശേഖരങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം, പുല്ലങ്ങടി പടിഞ്ഞാറ്, കരുവാറ്റ കൃഷിഭവനിലെ വെള്ളൂക്കേരി പാടശേഖരം, എടത്വ കൃഷിഭവനിലെ വെട്ടിത്തോട്ടിക്കരി, വെളിയനാട് കൃഷിഭവനിലെ തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപിടാരം, കുടുകച്ചാൽ നാൽപത്, രാമങ്കരി കൃഷിഭവനിലെ കഞ്ഞിക്കൽ പാടം എന്നിവിടങ്ങളിലാണ് മടവീണത്. എല്ലായിടത്തും പുഞ്ചകൃഷി ഒരുക്കം പൂർത്തിയായിരുന്നു. പല പാടശേഖരങ്ങളിലും അടുത്തദിവസങ്ങളിൽ കൊയ്യാനിരുന്ന നെല്ലും നശിച്ചു.
ഓറഞ്ച് അലർട്ട്; ജാഗ്രത പുലര്‍ത്തണം –കലക്ടർ
ആലപ്പുഴ: ജില്ലയില്‍ യെലോ അലര്‍ട്ട് ഓറഞ്ചായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ എ. അലക്സാണ്ടര്‍. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. കുട്ടികളും മുതിര്‍ന്നവരും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം. ശിക്കാര വള്ളങ്ങളുടെ സർവിസ് ഇനി ഒരുഅറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. പത്തനംതിട്ട ജില്ലയിലെ മൂഴിയാർ, പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകൾ ഉയർത്താനുള്ള സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെ പ്രദേശങ്ങളിലെ നദികളും നദികളുടെ കൈവരികളും കരകവിഞ്ഞ് ഒഴുകാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ടിൽ അരൂർ; ജനജീവിതം ദുരിതത്തിൽ
അരൂർ: അരൂരിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ടാണ്. ജലം ഒഴുകാനുള്ള മാർഗങ്ങൾ അടഞ്ഞതാണ് കാരണം. വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ദേശീയപാത അരൂർ മുതൽ ഒറ്റപ്പുന്നവരെ പല ഭാഗത്തും വെള്ളക്കെട്ടുണ്ട്. സംസ്ഥാനപാതയിൽ അരൂർ റെയിൽവേ ഓവർബ്രിഡ്ജിനു താഴെ മുട്ടോളം വെള്ളമാണ് നിറഞ്ഞത്. ഇവിടെ പെയ്ത്തുവെള്ളം ഒഴുകി പ്പോകാൻ മാർഗമില്ല. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ കരുമാഞ്ചേരി ഭാഗത്ത് നിരവധി വീടുകൾ ശക്തമായ വെള്ളക്കെട്ടിലാണ്. അരൂർ, എഴുപുന്ന, തുറവൂർ പഞ്ചായത്തിലെ തീരദേശമായ പള്ളിത്തോട്, കായലോര പ്രദേശങ്ങളിലും അതിരൂക്ഷ വെള്ളക്കെട്ടാണ്.
കണ്ട്രോള് റൂം തുറന്നു
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍:
ആലപ്പുഴ കലക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ).
താലൂക്ക്: ചേര്‍ത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാര്‍ത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂര്‍: 0479 2452334.
റവന്യൂമന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം
റവന്യൂ മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യത്തിൽ എന്നീ നമ്പറുകളിൽ വാട്ട്സ് ആപ്പ് മുഖേന ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

