മഴ കനത്തു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsകനത്ത മഴയിൽ തോടായി മാറിയ കായംകുളം-കാർത്തികപ്പള്ളി റോഡിലെ പുല്ലുകുളങ്ങര ഭാഗം
ആലപ്പുഴ: തോരാമഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ആലപ്പുഴ നഗരത്തിലും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് ദുരിതമുണ്ടായത്. വരുംദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശനിയാഴ്ച ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ രണ്ടാംകൃഷി വിളവെടുപ്പിനെ മഴ ബാധിച്ചിട്ടുണ്ട്. കൊയ്തെടുത്ത നെല്ല് സംഭരിക്കുന്ന പ്രദേശങ്ങളിലാണ് പ്രശ്നം. പാടശേഖരങ്ങളിൽ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. എന്നാൽ, ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെന്നത് ആശ്വാസമാണ്.
വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത കനത്തമഴക്ക് വെള്ളിയാഴ്ച നേരിയ ശമനമുണ്ടായെങ്കിലും അന്തരീക്ഷം മൂടിക്കെട്ടിയാണ് നിൽക്കുന്നത്. ദേശീയപാത നിർമാണത്തിന് കുഴിച്ച കുഴികളിൽ വെള്ളംനിറഞ്ഞ് പലയിടത്തും അപകടസാധ്യതയുണ്ട്. വെള്ളംനിറഞ്ഞ് കുഴി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തീരദേശമേഖലയിൽ ശക്തമായ കാറ്റിനൊപ്പം ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
കായംകുളം: തോരാതെ പെയ്ത മഴയിൽ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ റോഡുകൾ തോടായി. തകർന്ന് കിടക്കുന്ന കായലോര റോഡുകളാണ് വെള്ളക്കെട്ടായി മാറിയത്. മഴയിൽ വെള്ളം നിറഞ്ഞതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമായി. നീരൊഴുക്ക് സംവിധാനങ്ങൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ദേശീയപാതയുടെ നിർമാണവും നീരൊഴുക്കിനെ സാരമായി ബാധിച്ചിരുന്നു.
ഒരുവീട് തകർന്നു
ആലപ്പുഴ: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദമുണ്ടായതോടെ ആലപ്പുഴയിൽ മഴക്ക് ശമനമില്ല. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിൽ 411 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. ഏറ്റവും കൂടുതൽ മഴ ചേർത്തലയിലാണ്. ഇവിടെ ലഭിച്ചത് 131.2 മി.മീറ്റർ മഴയാണ്. കാർത്തികപ്പള്ളി-103.4, മങ്കൊമ്പ്-98, മാവേലിക്കര-33.4, കായംകുളം-45 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. മരംവീണ് വീയപുരത്ത് ഒരുവീട് തകർന്നു. കാരിച്ചാൽമുറിയിൽ വെള്ളംകുളങ്ങര നാരായണഭവൻ വിശ്വനാഥനായരുടെ വീടാണ് ഭാഗികമായി തകർന്നത്.
നഗരത്തിൽ 100 വീട് വെള്ളത്തിൽ
ആലപ്പുഴ: കനത്തമഴയിൽ നഗരത്തിലെയും പരിസരങ്ങളിലെയും നൂറോളം വീട് വെള്ളത്തിൽ മുങ്ങി. രണ്ടിടത്ത് മരണവുമായി ബന്ധപ്പെട്ട് സംസ്കാര ചടങ്ങുകൾ നടത്താൻ വെള്ളക്കെട്ട് തടസ്സമായി. ആലപ്പുഴ എസ്.ഡി കോളജിന് സമീപത്തും കലവൂർ സർവോദയപുരത്തുമാണ് സംഭവം. എസ്.ഡി കോളജിന് സമീപത്തെ മരണവീട്ടിലും വെള്ളം കയറി.
ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. തിരുമല, നെഹ്റുട്രോഫി, കിടങ്ങാംപറമ്പ്, തോണ്ടൻകുളങ്ങര, പഴവീട്, റെയിൽവേ സ്റ്റേഷൻ, കൊമ്മാടി, കളപ്പുര, കുതിരപ്പന്തി, വാടയ്ക്കൽ, വട്ടയാൽ, ഗുരുമന്ദിരം, സക്കറിയ ബസാർ, ജില്ല കോടതി തുടങ്ങിയ വാർഡുകളിലെ നിരവധി വീടാണ് വെള്ളത്തിൽ മുങ്ങിയത്. രണ്ടുദിവസമായി പകലും രാത്രിയും പെയ്ത തോരാമഴയാണ് പ്രശ്നമായത്. നഗരസഭ കൗൺസിലർമാരും ആരോഗ്യ-ശുചീകരണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കടലിലേക്ക് വെള്ളം കൂടുതൽ ഒഴുക്കിവിടാൻ വാടപൊഴി, അയ്യപ്പൻപൊഴി മുറിക്കുന്ന ജോലികളും ആരംഭിച്ചു. ഹരിപ്പാട്: കനത്ത മഴ ഹരിപ്പാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം തീർത്തു. റോഡ് പലയിടങ്ങളിലും വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളിൽ വെള്ളംകയറി തുടങ്ങിയിട്ടുണ്ട്.
വിയപുരം ചെറുതന പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംകയറിയത് ജനങ്ങളെ ദുരിതത്തിലാക്കി. കുമാരപുരം പഞ്ചായത്ത് ഓഫിസിന്റെ മുൻഭാഗത്തെ റോഡ് പൂർണമായും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. കടൽ പ്രക്ഷുബ്ദമാണെങ്കിലും കരയിലേക്ക് കയറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

