മഴ കനത്തു; ദുരിതഭീതി
text_fieldsകനത്ത മഴയിൽ വലിയ കുഴി രൂപപ്പെട്ട ഗുരുപുരം-അയ്യങ്കാളി റോഡ്. അപകടക്കെണി തിരിച്ചറിയാൻ നാട്ടുകാർ സ്ഥാപിച്ച മരക്കൊമ്പുകളും ചുവന്ന തുണിയും കാണാം
ആലപ്പുഴ: ഒരാഴ്ചത്തെ ഇടവേളക്കുശേഷം മഴ കനത്തതോടെ ദുരിതഭീതിയിൽ നാട്. ചേർത്തല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 17 കുടുംബങ്ങളിലെ 57പേരെ മാറ്റിപ്പാർപ്പിച്ചു. ചേർത്തല കണ്ണിക്കാട് അംബേദ്കർ സാംസ്കാരിക നിലയം, പട്ടണക്കാട് കോനാട്ടുശ്ശേരി എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. സ്കൂൾ തുറക്കലിന് മുന്നോടിയായി ക്യാമ്പ് പിരിച്ചുവിട്ടെങ്കിലും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ കുടുംബങ്ങൾ ക്യാമ്പിലേക്ക് തിരികെയെത്തുകയായിരുന്നു.
കുട്ടനാട് താലൂക്കിൽ 396 കുടുംബങ്ങൾക്കായി 20 ഭക്ഷണവിതരണ കേന്ദ്രങ്ങളും അമ്പലപ്പുഴ താലൂക്കിൽ 86 കുടുംബങ്ങൾക്കായി നാല് ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള വെള്ളത്തിന്റെ വരവാണ് കുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കുന്നത്. മടവീഴ്ചയിൽ വിവിധപാടശേഖരങ്ങൾ നിറഞ്ഞ് കരകവിഞ്ഞതിന്റെ വെള്ളക്കെട്ട് ഒഴിയുംമുമ്പാണ് മഴ ശക്തിപ്രാപിച്ചത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്യാട് പഞ്ചായത്തിൽ ഗുരുപുരം-അയ്യങ്കാളി റോഡ് ഇടിഞ്ഞ് ഓട അടഞ്ഞതോടെ വെള്ളക്കെട്ടിലായ 12ാംവാർഡിലെ നാലുകണ്ടം പ്രദേശം
ഹൈഡ്രോളജി വിഭാഗത്തിന് കീഴിൽ ജലനിരപ്പ് അളക്കുന്ന 17 സ്റ്റേഷനുകളിലെ 10 എണ്ണത്തിലും ജലനിരപ്പ് മുന്നറിയിപ്പ് നിലക്ക് മുകളിലാണ്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, കിടങ്ങറ, നീരേറ്റുപുറം, എടത്വ, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ശക്തമായ ഒഴുക്കുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവിൽ കൂടുതൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ജലം കടൽമാർഗം ഒഴുക്കുന്നതിന് തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ഒരെണ്ണം അഞ്ച് വർഷമായി തകർന്നുകിടക്കുകയാണ്.
റോഡ് ഇടിഞ്ഞുതാഴ്ന്നു; വെള്ളക്കെട്ടിൽ വലഞ്ഞ് കുടുംബങ്ങൾ
അശാസ്ത്രീയ റോഡ് നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണം
ആര്യാട് പഞ്ചായത്തിലെ ഗുരുപുരം-അയ്യങ്കാളി റോഡ് ഇടിഞ്ഞുതാഴ്ന്നു. തോട്ടിലെ ഒഴുക്ക് നിലച്ചതോടെ സമീപത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ വെള്ളത്തിലായി. പഞ്ചായത്തിലെ 12, 13 വാർഡുകൾ അതിർത്തിപങ്കിടുന്ന ഭാഗത്തെ റോഡാണ് ഇടിഞ്ഞ് വലിയഗർത്തം രൂപപ്പെട്ടത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ഇതിനൊപ്പം ഓടയും അടഞ്ഞതാണ് നിരവധി വീടുകളെ വെള്ളക്കെട്ടിലാക്കിയത്.
റോഡിലെ അപകടക്കെണി തിരിച്ചറിയാൻ നാട്ടുകാർ കുഴിയിൽ മരകൊമ്പുകളിറക്കി ചുവന്നതുണി ചുറ്റിയിട്ടുണ്ട്. റോഡിന് കുറുകെ വെള്ളമൊഴുകാൻ സ്ഥാപിച്ച പൈപ്പ് തകർന്നതും വെള്ളക്കെട്ട് രൂക്ഷമാക്കി. ഇത് 12ാംവാർഡിലെ നാലുകണ്ടത്തിന് സമീപം താമസിക്കുന്ന 15ലധികം വീട്ടുകാരെയാണ് ബുദ്ധിമുട്ടിലായത്. കനത്തമഴയിൽ ആദ്യമായാണ് ഈ പ്രദേശത്ത് വെള്ളംകയറുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. അശാസ്ത്രീയ റോഡ് നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണം.
റോഡിന് കുറുകെ വെള്ളമൊഴുകാൻ അന്ന് സ്ഥാപിച്ച രണ്ടടി വ്യാസമുള്ള പൈപ്പ് പലയിടത്തും തകർന്നിട്ടുണ്ട്. വലിയവാഹനങ്ങളുടെ നിരന്തരസഞ്ചാരവും ഇതിന് കാരണമായിട്ടുണ്ട്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കായലിൽനിന്ന് ഖനനം ചെയ്യുന്ന മണ്ണുകയറ്റി ഭാരമേറിയ ടിപ്പർ അടക്കമുളള വാഹനങ്ങൾ ചീറിപായുന്ന റോഡിലാണ് വലിയകുഴി രൂപപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

