തീവ്രമഴ: അപ്പർ കുട്ടനാട്ടിൽ അതിജാഗ്രത
text_fieldsകിഴക്കൻ വെള്ളത്തിെൻറ കുത്തൊഴുക്കിൽ കലങ്ങിയൊഴുകുന്ന പൂക്കൈതയാർ. പള്ളാത്തുരുത്തി പാലത്തിൽനിന്നുള്ള ദൃശ്യം
ആലപ്പുഴ: ജില്ലയിൽ മഴ തുടരുകതന്നെയാണ്. താരതമ്യേന കുറവുണ്ടെങ്കിലും സമീപജില്ലകളില്‍ ശക്തമായ മഴ തുടരുന്നത് കുട്ടനാടൻ മേഖലകളെ പ്രളയത്തിലാക്കുന്നതിന് സാധ്യത കൂട്ടുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചവരെയും മഴ തകർത്ത് പെയ്തെങ്കിലും പകൽ കുറവ് മഴയാണ് ലഭിച്ചത്. 10 വീടുകൾക്ക് നാശം സംഭവിച്ചു. അതിജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ല ഭരണകൂടം രംഗത്തുണ്ട്.
ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, ചെറുവള്ളങ്ങൾ എന്നിവയിലുള്ള യാത്ര ബുധനാഴ്ച അർധരാത്രിവരെ നിരോധിച്ചിരിക്കുകയാണ്. ജലഗതാഗത വകുപ്പ് ബോട്ട് സർവിസുകൾക്ക് നിരോധനമില്ല. പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മഴ തുടരുന്നതിനാൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. ഇക്കാരണത്താൽ ജില്ലയിലെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
മന്ത്രി പി. പ്രസാദിെൻറ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേര്‍ന്ന് ദുരന്ത നിവാരണ മുന്നൊരുക്കം വിലയിരുത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ കനക്കുന്നതുപോലും അപ്പർകുട്ടനാടിെൻറ വെള്ളത്തിലാക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സജ്ജീകരണം. ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
എല്ലാ നിയോജക മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ദുരന്ത നിവാരണ മുന്നൊരുക്കം വിലയിരുത്താന്‍ തീരുമാനിച്ചു. ജില്ല, താലൂക്ക് തലത്തില്‍ ഇന്‍സിഡന്‍സ് റെസ്പോണ്‍സ് ടീമിെൻറ സേവനം ഉറപ്പാക്കും. ജില്ലതലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
താലൂക്കുതലത്തില്‍ രക്ഷ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിറ്റാച്ചി, ജെ.സി.ബി, ടോറസ് ലോറികള്‍, ബോട്ടുകള്‍ തുടങ്ങിയ വാഹനങ്ങള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ആവശ്യമാകുന്ന ഘട്ടത്തില്‍ 2018ല്‍ പ്രളയം ബാധിച്ച മേഖലകളില്‍ താമസിക്കുന്നവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
പാലങ്ങളുടെ അടിയില്‍ അടിഞ്ഞ എക്കലും മറ്റ് മാലിന്യവും അടിയന്തരമായി നീക്കംചെയ്യാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. ചെറുതന പെരുമാങ്കര, പാണ്ടി വെട്ടുകളഞ്ഞി, പള്ളിപ്പാട് 28ല്‍ കടവ്, എടത്വ പോച്ച പാലങ്ങളുടെ അടിയില്‍ മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.