Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓരുവെള്ളത്തെ തോൽപിച്ച...

ഓരുവെള്ളത്തെ തോൽപിച്ച ഡ്രാഗൺ പഴത്തോട്ടത്തിൽ വിളവെടുപ്പുകാലം

text_fields
bookmark_border
ഓരുവെള്ളത്തെ തോൽപിച്ച ഡ്രാഗൺ പഴത്തോട്ടത്തിൽ വിളവെടുപ്പുകാലം
cancel
camera_alt

കായംകുളം കായലിന്റെ തീരത്ത് ഡ്രാഗൺ പഴത്തോട്ടത്തിൽ നൈസാമും (ഇടത്ത്) സുഹൃത്തും

ആറാട്ടുപുഴ: വേലിയേറ്റവും ഓരുവെള്ള ഭീഷണിയും കാരണം പുല്ലുപോലും മുളക്കില്ലെന്ന് കരുതിയ കായൽക്കരയിൽ ഇപ്പോൾ മനോഹരമായൊരു ഡ്രാഗൺ പഴത്തോട്ടം വിളഞ്ഞുനിൽക്കുകയാണ്. കായംകുളം കായലിന്റെ തീരത്ത് പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവ് കൊയ്യുന്ന തിരക്കിലാണ് ആറാട്ടുപുഴ കുന്നാണ്ടിശേരിൽ നൈസാമും ഭാര്യ ജസീനയും. മാർച്ച് പകുതിയോടെ ആരംഭിച്ച ഈവർഷത്തെ വിളവെടുപ്പിൽ ഇതിനകം തന്നെ 400 കിലോയോളം ഡ്രാഗൺ ഫ്രൂട്ടാണ് ഇവർ തോട്ടത്തിൽനിന്ന് വിളവെടുത്തത്.

കായംകുളത്ത് ‘ന്യൂ ഗ്രാൻഡ് ഇന്റീരിയർ’ സ്ഥാപനം നടത്തുന്ന നൈസാമിന്റെ ആറാട്ടുപുഴ എം.യു.യു.പി സ്കൂളിന് കിഴക്കുള്ള ഒരേക്കറോളം വരുന്ന കായൽതീരത്താണ് ഈ അദ്ഭുതത്തോട്ടം. നിരന്തരം സമീപത്തെ കായലിൽനിന്നും തോട്ടിൽനിന്നും ഉപ്പ് വെള്ളം കയറുന്ന ഇവിടെ തെങ്ങൊഴികെ മറ്റൊരു കൃഷിയും സാധ്യമല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽനിന്നും കൃഷിയിടങ്ങളിൽനിന്നും അറിവ് നേടിയ ജസീനയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ നൈസാമും ഒപ്പം ചേരുകയായിരുന്നു. ആദ്യം വീട്ടുപറമ്പിൽ 150ഓളം പ്ലാസ്റ്റിക് ഡ്രമ്മുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വിജയമായതോടെയാണ് കായൽക്കരയിലേക്ക് വ്യാപിപ്പിക്കാൻ ഇവർ സാഹസിക തീരുമാനമെടുത്തത്. ലക്ഷങ്ങൾ ചെലവഴിച്ച് കായൽതീരത്ത് കരിങ്കൽ ചിറകെട്ടി, ഗ്രാവൽ അടിച്ച് ഭൂമി ഉയർത്തിയാണ് ഇവർ കൃഷിയോഗ്യമാക്കിയത്.

തുടര്‍ന്ന് ആറാട്ടുപുഴ കൃഷിഭവന്റെയും ഹോർട്ടികൾചർ മിഷന്റെയും പിന്തുണയോടെ പത്തനംതിട്ടയിലെ നഴ്സറിയിൽനിന്ന് 800ഓളം മലേഷ്യൻ റെഡ് ഇനത്തിൽപെട്ട തൈകൾ വാങ്ങി കൃഷി ആരംഭിച്ചു. ഓരുവെള്ള ഭീഷണിയുള്ളതിനാൽ തറനിരപ്പിൽനിന്നും ഒരടി ഉയരത്തിലാണ് തൈകൾ നട്ടത്. കുറഞ്ഞ അളവിൽ മാത്രം ജലസേചനം മതിയെന്നതും വിപണിയിൽ എപ്പോഴും നല്ല വില ലഭിക്കുമെന്നതുമാണ് ഡ്രാഗൺ ഫ്രൂട്ട് തെരഞ്ഞെടുക്കാൻ കാരണമെന്ന് ജസീന പറയുന്നു. ആദ്യവർഷം വിളവ് കുറവായിരിക്കുമെങ്കിലും മൂന്നാംവർഷത്തോടെ പൂർണവിളവിലേക്ക് എത്തും.

2024 മാർച്ചിൽ നട്ട തൈകളാണ് ഇപ്പോൾ വ്യാപകമായി ഫലം തന്നുതുടങ്ങിയിരിക്കുന്നത്. തോട്ടത്തിൽ വിളയുന്ന നാടൻ ഡ്രാഗൺ പഴങ്ങൾക്ക് നിറവും രുചിയും കൂടുതലായതിനാൽ വിപണിയിൽ വലിയ ആവശ്യക്കാരുണ്ട്. ആറാട്ടുപുഴയിലെയും കായംകുളത്തെയും പഴക്കടകളിലാണ് പ്രധാനമായും വിൽപന നടത്തുന്നത്. എത്രപഴം ഉണ്ടായാലും വാങ്ങാൻ വ്യാപാരികൾ തയാറാണെന്നും കച്ചവടക്കാരുടെ ഫോൺ വിളികൾ നിരന്തരമായി വരുന്നുണ്ടെന്നും മാന്യമായ വില ലഭിക്കുന്നുണ്ടെന്നും നൈസാം സാക്ഷ്യപ്പെടുത്തുന്നു.

കായലിന്റെ പശ്ചാത്തലത്തിൽ വെള്ളത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ തോട്ടം കാണാൻ ഇപ്പോൾ തന്നെ നിരവധി ആളുകളാണ് എത്തുന്നത്. ഇതോടൊപ്പം മത്സ്യകൃഷിയും പച്ചക്കറി കൃഷിയും കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഈ ദമ്പതികൾ. പ്രകൃതിഭംഗി തുളുമ്പുന്ന ഈ തോട്ടത്തെ കേന്ദ്രീകരിച്ച് ഒരു ‘ഫാം ടൂറിസം’ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികവശങ്ങളും നൈസാമിന്റെ ആലോചനയിലുണ്ട്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ പ്രതികൂല സാഹചര്യങ്ങളെയും വിളനിലങ്ങളാക്കി മാറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് നൈസാമും ജസീനയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhalocalnewsKerala
News Summary - Harvest season in the dragon fruit farm that conquered saline water
Next Story