നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഷേയ്ഡ് തകർന്നു വീണ് തൊഴിലാളി മരിച്ചു
text_fieldsഹരിപ്പാട്: തട്ട് പൊളിക്കുന്നതിനിടെ വീടിൻ്റെ ഷേയ്ഡ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു.കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താം തറ കോളനിയിൽ ഹൈദ്രോസ് കുഞ്ഞിൻ്റെ മകൻ അൻസാറാണ് (38) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പള്ളിപ്പാട് കോട്ടയ്ക്കകം കടാമ്പള്ളിൽ പ്രസന്നൻ നായരുടെ വീട്ടിൽ വച്ചായിരുന്നു അപകടം.
ഇദ്ദേഹത്തിൻ്റെ വീടിൻ്റെ രണ്ടാം നിലയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോൺക്രീറ്റ് കഴിഞ്ഞ ഷെയ്ഡിൻ്റെ ഭാഗത്തെ തട്ട് പൊളിയ്ക്കുന്നതിനിടയിൽ ഷെയ്ഡ് തകർന്ന് താഴേക്ക് മടങ്ങി സ്ലാബിനും ഭിത്തിയ്ക്കുമിടയിൽ പെട്ട് അൻസാറിൻ്റെ തല ഞെരുങ്ങിപ്പോയി. സംഭവസ്ഥലത്തു വച്ചു തന്നെ അൻസാർ മരിച്ചു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ അസി.സ്റ്റേഷൻ ഓഫീസർ പിജി ദിലീപ് കുമാർ, സീനിയർ ഫയർ ഓഫീസർ ജയ്സൺ ബി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് അൻസാറിനെ സ്ലാബിനും ഭിത്തിക്കും ഇടയിൽ നിന്ന് പുറത്തെടുത്തത്.മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ.കരുനാഗപ്പള്ളി സ്വദേശികളായ അൻസാറും ഭാര്യ അബീനയും മക്കളായ അൻസിൽ(13), അസ്‌ലം (10) എന്നിവരും വർഷങ്ങളായി കോട്ടയ്ക്കകം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഹരിപ്പാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.