എസ്.ഐ.ആർ ഫോറം -7 ദുരുപയോഗം; മുസ്‌ലിം വോട്ടർമാരെ വെട്ടാൻ നീക്കം
text_fieldsഹരിപ്പാട്: എസ്.ഐ.ആർ വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഫോറം ഏഴ് ദുരുപയോഗം ചെയ്ത് മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ നീക്കമെന്ന് ആക്ഷേപം. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണ് സംഭവം. രണ്ട് ബൂത്തിലായി 66 വോട്ടർമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് ലെവൽ ഏജന്‍റാണ് (ബി.എൽ.എ) ബി.എൽ.ഒക്ക് അപേക്ഷ നൽകിയത്. അപേക്ഷയുടെ പട്ടികയിൽ വോട്ടറെ ഒഴിവാക്കാൻ ശിപാർശ ചെയ്യേണ്ട ബി.എൽ.ഒയുടെ പേരും ഉൾപ്പെടുന്നു എന്നതാണ് കൗതുകവും ആശങ്കയും ഉയർത്തുന്നത്.
ഒഴിവാക്കാൻ ആവശ്യപ്പെട്ടവരിൽ ഒന്നോ രണ്ടോ പേർ ഒഴികെ ബാക്കിയെല്ലാവരും മുസ്‌ലിംകളാണ്. 166, 164 ബൂത്തുകളിലെ ബി.എൽ.ഒമാർക്ക് ലഭിച്ച 56 അപേക്ഷകളിൽ 54 പേരും മുസ്‌ലിംകളാണ്. ബി.ജെ.പി നിയോഗിച്ച ബി.എൽ.എ ഗോപിനാഥൻ ഉണ്ണിത്താനാണ് ഏഴാം നമ്പർ ഫോറം ബി.എൽ.ഒക്ക് നൽകിയത്. ഇദ്ദേഹം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്.
ബി.എൽ.എയുടെ അയൽവാസി മുതൽ നിത്യവും കണ്ടുമുട്ടുന്നവരും സഹകരിക്കുന്നവരുമായ ആളുകളാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളത്. 166ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയായ നിയാദ് മുഹമ്മദിനെ എസ്.ഐ.ആറിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിനുതന്നെ അപേക്ഷ നൽകിയതിലെ വൈരുധ്യവും ഇതിന് തെളിവാണ്.
സ്ഥലത്തില്ല, താമസം മാറി എന്ന കാരണമാണ് അധികപേർക്കും അപേക്ഷയിൽ നൽകിയിട്ടുള്ളത്. ചിലരൊക്കെ മരിച്ചതായി കാണിച്ചിട്ടുണ്ട്. അപേക്ഷയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ നാട്ടിലുള്ളവരും സർക്കാർ ഉദ്യോഗസ്ഥരും റിട്ട. ഉദ്യോഗസ്ഥരുമാണ്.
ബി.എൽ.എ സമർപ്പിച്ച അപേക്ഷകളുടെ ഏറ്റവും മുകളിലായി വിധാൻ സഭ - നമ്പർ-107 വിധാൻ സഭയുടെ പേര്- ഹരിപ്പാട് എന്നിങ്ങനെ ഇംഗ്ലീഷിൽ എഴുതിയ ഒരു പേപ്പറും വെച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തെ ഏതോ കേന്ദ്രത്തിലാണ് ഇത് തയാറാക്കിയത് എന്നതിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷാണ് ബി.എൽ.ഒയെ ഏൽപിക്കാൻ തനിക്ക് അപേക്ഷകൾ നൽകിയതെന്നാണ് ഉണ്ണിത്താൻ പറയുന്നത്.
ഗോപിനാഥൻ ഉണ്ണിത്താൻ തന്റെ ഐ.ഡി നമ്പറും മൊബൈൽ നമ്പറും അടക്കം നൽകി ഒപ്പിട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്. തനിക്ക് പൂർണമായും ബോധ്യമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയാണ് ഒരാൾ ഏഴാം നമ്പർ അപേക്ഷ നൽകേണ്ടത്. സത്യപ്രസ്താവനയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. 166ാം നമ്പർ ബൂത്തിൽ കോൺഗ്രസ് നിയോഗിച്ച ബി.എൽ.എ സദാനന്ദൻ ബി.എൽ.ഒയിൽനിന്ന് രേഖകൾ ശേഖരിച്ചതോടെയാണ് ഗൂഢനീക്കം പുറത്തായത്.
എസ്.ഐ.ആറിൽ പേര് ചേർക്കേണ്ട അവസാന ദിവസങ്ങളിൽ വലിയ അപേക്ഷക്കെട്ടുകൾ എത്തിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്ന് ഡി. സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രനും ചിങ്ങോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച്. നിയാസും ആരോപിച്ചു.
ബി.എൽ.ഒ അപേക്ഷകൾ നിരസിച്ചു
ഹരിപ്പാട്: എസ്.ഐ.ആർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എൽ.എ ഗോപിനാഥൻ ഉണ്ണിത്താൻ നൽകിയ അപേക്ഷകൾ നിരസിച്ചതായി ബി.എൽ.ഒ നിയാദ് മുഹമ്മദ് പറഞ്ഞു. ഇത് സംബന്ധിച്ച നോട്ടീസ് ഗോപിനാഥൻ അടക്കമുള്ള ബി.എൽ.എമാർക്ക് കൈമാറി. അപേക്ഷകനായ ഗോപിനാഥൻ ഉണ്ണിത്താൻ ഈ ബൂത്തിലെ വോട്ടറല്ലെന്നാണ് അപേക്ഷ നിരസിക്കാൻ ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഒരാൾക്ക് പരമാവധി 10 അപേക്ഷകൾ മാത്രമേ നൽകാൻ അനുമതിയുള്ളൂ എന്നിരിക്കെ, നിയമം ലംഘിച്ച് 47 അപേക്ഷകളാണ് ഇയാൾ സമർപ്പിച്ചത്. നിലവിൽ സേവനമനുഷ്ഠിക്കുന്ന ബി.എൽ.ഒയെ തന്നെ പട്ടികയിൽ ‘ആബ്സെന്‍റായി’ രേഖപ്പെടുത്തിയതും വീഴ്ചയായും ചൂണ്ടിക്കാട്ടുന്നു. മരിച്ചെന്ന് അപേക്ഷയിൽ സൂചിപ്പിച്ച ഷംസുദ്ദീൻ, റംലാ കുട്ടി എന്നിവർ സന്ദർശനവേളയിൽ വീട്ടിലുണ്ടായിരുന്നു.
ഇവർ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ചു നൽകുകയും പുതിയ ഫോട്ടോ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള ഷഫീഖ് ഒരു വർഷം മുമ്പ് തന്നെ മറ്റൊരു ബൂത്തിലേക്ക് മാറിയതാണെന്നും ബി.എൽ.ഒ ചൂണ്ടിക്കാട്ടി. അപേക്ഷയിലെ സത്യപ്രസ്താവന വായിച്ചു നോക്കാതെയാണ് അപേക്ഷകൻ ഒപ്പിട്ടതെന്നും ബി.എൽ.ഒ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും മറുപടി ഉണ്ടെങ്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘മുസ്ലിംകളെ ഒഴിവാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം’
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിലെ മുസ്‌ലിം വോട്ടർമാരെ എസ്.ഐ.ആർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി നടത്തിയ ഗൂഢശ്രമങ്ങൾ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സംഘ്പരിവാർ ശക്തികൾ നടത്തുന്ന വോട്ട് ചോരി ശരിയാണെന്ന് കൂടുതൽ ബോധ്യമാകുകയാണെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡന്‍റ് എം.എച്ച്. ഉവൈസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ നാസർ ആറാട്ടുപുഴ, ഡി.എസ്. സദറുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ പി.ടി. വസന്തകുമാർ, ടി.എ ഫയാസ്, സെക്രട്ടറി ടി. എ. റാഷിദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

