ഹൈകോടതി വിധിയിൽ പരിഹാരം;ദേശീയപാത നിർമാണത്തിന് തടസ്സമായപാർപ്പിട സമുച്ചയം പൊളിച്ചുതുടങ്ങി
text_fieldsനങ്ങ്യാർകുളങ്ങരയിലെ പാർപ്പിട സമുച്ചയം
ഹരിപ്പാട്: ദേശീയപാത വികസനത്തിനായി ജില്ലയിൽ ഏറ്റെടുത്തതിൽ ഏറ്റവും വലിയ കെട്ടിടമായ നങ്ങ്യാർകുളങ്ങരയിലെ പാർപ്പിട സമുച്ചയം പൊളിച്ചുതുടങ്ങി. നിയമക്കുരുക്കുകളും നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളും കാരണം ദീർഘകാലം നീണ്ടുപോയ നടപടികളാണ് ഒടുവിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പരിഹാരമായത്.എട്ടുവർഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് ദേശീയപാത നിർമാണത്തിന് വലിയ തടസ്സമായിനിന്ന ഈ ബഹുനില മന്ദിരം നീക്കം ചെയ്യാനുള്ള വഴിതെളിഞ്ഞത്. നിലവിൽ ദേശീയപാത അതോറിറ്റി നേരിട്ടാണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
രണ്ട് ബ്ലോക്കുകളിലായി 18 ഫ്ലാറ്റുകളാണ് ഈ സമുച്ചയത്തിലുള്ളത്. ദേശീയപാതക്കായി ഏറ്റെടുക്കേണ്ട ഭാഗത്ത് ഒമ്പത് ഫ്ലാറ്റുകൾ അടങ്ങുന്ന ഒരുബ്ലോക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ഭാഗം പൊളിക്കുന്നത് കെട്ടിടത്തിന്റെ മൊത്തത്തിലുള്ള നിലനിൽപിനെ ബാധിക്കുമെന്ന താമസക്കാരുടെ ആശങ്ക പരിഗണിച്ചാണ് മുഴുവൻ ഭാഗവും ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടത്. ഇതുവരെ 15 കോടിയോളം രൂപ താമസക്കാർക്ക് നൽകിക്കഴിഞ്ഞു. പൊതുസ്ഥലത്തിന്റെ അവകാശം സംബന്ധിച്ച തർക്കം ആർബിട്രേറ്റർ വഴി പരിഹരിക്കുന്നതോടെ ബാക്കി തുക കൂടി അനുവദിക്കും. മൊത്തം 29 കോടിരൂപയാണ് ഈ പാർപ്പിട സമുച്ചയത്തിനായി നീക്കിവെക്കുന്നത്. ഇത് ജില്ലയിൽ ദേശീയപാതക്കായി നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകകളിൽ ഒന്നാണ്.
നങ്ങ്യാർകുളങ്ങര ജങ്ഷനിൽ 35 മീറ്റർ നീളമുള്ള സ്പാനുകളോടു കൂടിയ ഉയരപ്പാതയുടെ തൂണുകൾ നിർമിക്കുന്നപ്രവൃത്തികൾ ഫ്ലാറ്റ് നിന്നിരുന്നതിനാൽ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ പ്രതിസന്ധി ഒഴിഞ്ഞതോടെ ഒരുമാസത്തിനകം കെട്ടിടം പൂർണമായും പൊളിച്ചുനീക്കി നിർമാണം വേഗത്തിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ ഒരുകോടി രൂപയോളം വീതം ഓരോ കുടുംബത്തിനും ഫ്ലാറ്റിന്റെ മൂല്യമായി ലഭിച്ചിരുന്നു. അവശേഷിക്കുന്ന നിയമപരമായ കാര്യങ്ങൾ കൂടി പൂർത്തിയാക്കി എത്രയുംവേഗം ദേശീയപാതയുടെ ഈഭാഗം ഗതാഗതയോഗ്യമാക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

