കോൺഗ്രസിൽ തർക്കം; ബ്ലോക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല
text_fieldsവി.കെ. നാഥൻ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ഹരിപ്പാട്: ഇടതുമുന്നണിയിൽനിന്നും കോൺഗ്രസ് തിരിച്ചുപിടിച്ച ഹരിപ്പാട് ബ്ലോക്കിന്റെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ നാണംകെട്ട് കോൺഗ്രസ്. കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കെ.പി.സി.സിയുടെ മാർഗനിർദേശങ്ങൾ അട്ടിമറിച്ചാണ് ഇവിടെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുത്തതെന്ന് ആക്ഷേപമുണ്ട്.
കരുവാറ്റ വടക്ക് ഡിവിഷനിൽനിന്നും വിജയിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കരുവാറ്റ പഞ്ചായത്ത് അംഗവുമായ വി.കെ. നാഥനാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. രമേശ് ചെന്നിത്തല പക്ഷക്കാരനായ നാഥന് സീനിയോറിറ്റി മറികടന്നും ഗ്രൂപ് താൽപര്യങ്ങൾക്കായി അട്ടിമറിച്ചുമാണ് പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് കെ. സി പക്ഷം ആരോപിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം നൽകി വനിത അംഗങ്ങളെ നാഥന് അനുകൂലമാക്കി എന്നാണ് ആക്ഷേപം.
എട്ട് അംഗങ്ങളിൽ നാലുപേർ വനിതകളാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം അശ്വതി ഹരികുമാറിനും പിന്നീട് ആശ പാലക്കാടനും ആണെന്ന തീരുമാനം അറിയിച്ചതിനെ തുടർന്നു ആർ. ഗീതയും ജ്യോതി പ്രകാശും ഇടഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നു കോൺഗ്രസ് അംഗങ്ങൾ പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ക്വോറം തികയാഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് വരണാധികാരി മാറ്റിവെച്ചു. സംഘടന പ്രവർത്തനത്തിൽ സീനിയറായ മുഹമ്മദ് അസ്‌ലമിനെയും തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ആർ. റോഷനെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പാർടിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. കെ.സി. വേണുഗോപാൽ പക്ഷക്കാരായതിനാലാണ് ഇവരെ തഴയപ്പെട്ടതെന്ന ആരോപണം ശക്തമാണ്.
ആദ്യത്തെ രണ്ടുവർഷം നാഥനും തുടർന്നുള്ള രണ്ടു കൊല്ലം പല്ലന ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വ. മുഹമ്മദ് അസ്ലമും അവസാനത്തെ ഒരു കൊല്ലം വീയപുരം ഡിവിഷനിൽ നിന്നും വിജയിച്ച സാജൻ കെ. പനയാറക്കും പ്രസിഡന്റ് പദവി നൽകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് പാർടി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് മറുപക്ഷം പറയുന്നു. ഭരണനേതൃത്വത്തെ തെരഞ്ഞെടുത്ത പ്രശ്നത്തിൽ കെ.പി.സി.സി ഇടപെട്ട് പരിഹാരം കാണണം എന്നാണ് കെ.സി. പക്ഷക്കാരുടെ ആവശ്യം. ആകെയുള്ള 14 സീറ്റിൽ എട്ട് സീറ്റ് കോൺഗ്രസ്സും ആറ് സീറ്റ് ഇടതുമുന്നണിയുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

