ഡയാലിസിസ് രോഗികളുടെ മരണം; ആരോപണത്തിൽ ഉറച്ച് ബന്ധുക്കൾ
text_fieldsഡയാലിസിസിനിടെയുള്ള അണുബാധയെത്തുടർന്ന് മരിച്ച മജീദിന്റെ വീട്ടിൽ ബന്ധുക്കൾ
ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ചികിത്സാ പിഴവ് തന്നെയാണെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് മരിച്ചവരുടെ ബന്ധുക്കൾ. ഗുരുതരമായ വീഴ്ചകൾ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതായും ഇവർ ആരോപിക്കുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ചു രണ്ടുപേർ മരണപ്പെട്ടത് ഡയാലിസിസ് രോഗികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
രോഗികളുടെ ഭീതി അകറ്റാൻ ശക്തമായ നടപടികൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. സംഭവം വലിയ വിവാദമായതോടെ സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. രമേശ് ചെന്നിത്തല എം.എൽ.എയുടെ പരാതിയെ തുടർന്നാണ് നടപടി. ഡയാലിസിസിനിടയിൽ ഉണ്ടായ അണുബാധയെ തുടർന്നാണ് ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട് വടക്കതിൽ അബ്ദുൽ മജീദുമാണ് (43) മരിച്ചത്. കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (40) ഗുരുതരാവസ്ഥയിൽ തുടരുന്നത് നാട്ടുകാരുടെയും രോഗികളുടെയും സംശയത്തിന് ബലം കൂട്ടുന്നു.
ഡയാലിസിസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മരുന്ന്, ഫ്ലൂയിഡ്, ഡ്രിപ്പ് സംവിധാനങ്ങൾ, വെള്ളം, തുടങ്ങി മുഴുവൻ കാര്യങ്ങളുടെയും സാമ്പിൾ പരിശോധനക്കായി അന്വേഷണസംഘം ശേഖരിച്ചു.ഇത് വിശദമായ പരിശോധനക്ക് ലാബിലേക്ക് അയക്കും. ഒരാഴ്ച മുമ്പാണ് അവസാന പരിശോധന നടന്നത്. ഈ പരിശോധന റിപ്പോർട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. ശേഖരിച്ച സാമ്പിളിന്റെ പരിശോധന റിപ്പോർട് ലഭിക്കുമ്പോൾ മാത്രമേ അണുബാധയെ കുറിച്ചുള്ള സ്ഥിരീകരണം നടത്താൻ കഴിയൂ. പ്രശ്നം രൂക്ഷമായതോടെ 15 ദിവസത്തേക്ക് ഡയാലിസിസ് നിർത്തിവെച്ചിരിക്കുകയാണ്. ഡയാലിസിസ് നടത്തിവന്ന 58 രോഗികളെ മറ്റു സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ഇവിടുത്തെ ജീവനക്കാരേയും തല്ക്കാലികമായി മാറ്റി നിയമിച്ചിട്ടുണ്ട്. തുറക്കുന്നതിനു മുന്നോടിയായി ഡയാലിസിസ് യൂനിറ്റിലെ സംവിധാനങ്ങളും അനുബന്ധ സംവിധാനങ്ങളും വൃത്തിയാക്കാൻ സംഘം നിർദേശം നൽകി. ശേഷം വീണ്ടും പരിശോധന നടത്തിയിട്ട് മാത്രമേ ഡയാലിസിസ് ആരംഭിക്കുകയുള്ളൂ.
പരാതികൾക്ക് അടിസ്ഥാനമില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നുമാണ് ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിയ വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തൽ. അസി. ഡയറക്ടർ ഡോ. എസ്. സുകേഷ്, അഡീ. ഡയറക്ടർ (ഫാർമസി) ബിന്ദു, ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ. ദിലീപ്, നെഫ്രോളജിസ്റ്റ് ഡോ. ഷബീർ മുഹമ്മദ്, പബ്ലിക് ഹെൽത്ത് ലാബ് മൈക്രോബയോളജിസ്റ്റ് ഡോ. സുമൻ, ബയോമെഡിക്കൽ എൻജിനീയർ ജ്യോതിഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജിനെതിരെയും പരാതി
കായംകുളം: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസിനിടെയുള്ള അണുബാധയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിനും ഗുരുതരവീഴ്ചയെന്ന് ആക്ഷേപം. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയ പുളിമുക്ക് പുതുക്കാട് വടക്കതിൽ മജീദിന് (53) ശരിയായ ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായാണ് പരാതി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മജീദ് സ്വന്തം വാഹനം ഓടിച്ചാണ് ഹരിപ്പാട് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ എത്തുന്നത്.
ഡയാലിസിസിനിടെ വിറയലും ഛർദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഈ സമയം ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. റഫർ ചെയ്ത രോഗിക്ക് മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം ഹരിപ്പാട് ആശുപത്രി നിർവഹിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സൗകര്യം ഇല്ലാത്തതിനാൽ അത്യാഹിതത്തിൽ പ്രവേശിപ്പിച്ചില്ല. ബദൽ സൗകര്യം ഒരുക്കുന്നതിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചു.
മെഡിക്കൽ കോളജിൽ വിവിധ ടെസ്റ്റുകൾക്ക് എഴുതി നൽകിയെങ്കിലും ഒപ്പം ആരുമില്ലാത്തതിനാലും പണം കരുതാത്തതിനാലും മജീദ് നിസ്സഹായനായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തിയെങ്കിലും ഇവരുടെ കൈവശവും ആവശ്യത്തിന് പണമില്ലാതിരുന്നത് പരിശോധനയെ ബാധിച്ചു. ഇൻഷുറൻസ് കാർഡിന്റെ ആനുകൂല്യത്തിലാണ് ഹരിപ്പാട് ഡയാലിസിസ് നടത്തിവന്നിരുന്നത്.
റഫർ ചെയ്തപ്പോൾ കാർഡ് റദ്ദാക്കാതിരുന്നതിനാൽ മെഡിക്കൽ കോളജിൽ ഇത് പ്രയോജനപ്പെട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ലാബ് ടെസ്റ്റുകൾ നടക്കാതിരുന്നതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനും തയാറായില്ലത്രേ. പണം കടംവാങ്ങിയാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും മെഡിക്കൽ കോളജിൽ എത്തുന്നത്. വിവിധ ടെസ്റ്റുകൾ നടത്തിയെങ്കിലും ഫലം വൈകിയത് വിദഗ്ധ ചികിത്സക്കും തടസ്സമായി. വൈകുന്നേരത്തോടെ സ്ഥിതി വഷളായ മജീദ് രാത്രിയോടെ മരണത്തിന് കീഴടങ്ങി. ആറുവർഷമായി ഇദ്ദേഹം ഡയാലിസിസിന് വിധേയനാണ്. പ്രമേഹബാധിതയായിരുന്ന ഭാര്യ നസീമ അഞ്ച് വർഷം മുമ്പ് മരിച്ചിരുന്നു. രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചതോടെ മജീദ് സാമ്പത്തികമായി തകർന്നിരുന്നു. വീട് ജപ്തിയുടെ ഘട്ടത്തിലായിരുന്നു.
വാടകക്കെടുത്ത ഓട്ടോറിക്ഷ ഓടിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു ആകെ ആശ്വാസം. താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലും മജീദിന് നേരിട്ട ദുരവസ്ഥക്കെതിരെ ബന്ധുക്കൾ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. റഫർ ചെയ്യുന്ന രോഗികൾക്ക് പണമില്ലാത്തതിന്റെ പേരിൽ സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

