Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightഓടനിർമാണം പാതിവഴിയിൽ;...

ഓടനിർമാണം പാതിവഴിയിൽ; ഒറ്റമഴയിൽ കടകളിൽ വെള്ളം കയറി, വ്യാപാരികൾ ദുരിതത്തിൽ

text_fields
bookmark_border
ഓടനിർമാണം പാതിവഴിയിൽ; ഒറ്റമഴയിൽ കടകളിൽ വെള്ളം കയറി, വ്യാപാരികൾ ദുരിതത്തിൽ
cancel
camera_alt

ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്

ഹരിപ്പാട്: കാലവർഷം മുൻകൂട്ടി കാണാതെയുള്ള അശാസ്ത്രീയമായ റോഡ് നിർമാണം ഹരിപ്പാട് നഗരത്തിലെ കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു. നിർമാണത്തിലിരിക്കുന്ന ഓടയുടെ പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പെയ്ത ഒരു മണിക്കൂർ മഴയിൽ നഗരത്തിലെ നിരവധി കടകളിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. ഇതോടെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് വടക്കുഭാഗത്തുള്ള വ്യാപാരികൾ കടുത്ത ആശങ്കയിലാണ്.

വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ഏഴ് വരെ പെയ്ത ശക്തമായ മഴയാണ് നഗരത്തെ വെള്ളത്തിലാക്കിയത്. പുലർച്ചെയായതിനാൽ കച്ചവടക്കാരെല്ലാം വീടുകളിലായിരുന്നു. സാധനങ്ങൾ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് വലിയ സാമ്പത്തികനഷ്ടം ഒഴിവായത്. മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് കടകളിലേക്ക് വെള്ളം കയറുന്നത് തടഞ്ഞത്. രണ്ടര കിലോമീറ്റർ അകലെയുള്ള നങ്ങ്യാർകുളങ്ങര മുതലുള്ള വെള്ളം ഒഴുകിയെത്തുന്ന ഓടയുടെ നിർമാണം നിലവിൽ പാതിവഴിയിലാണ്. ഹരിപ്പാട് പിള്ള തോടുമായി ബന്ധിപ്പിച്ചാണ് ഇവിടെ ഓട നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്.

വെറും 50 മീറ്റർ കൂടി നിർമാണം പൂർത്തിയാക്കിയിരുന്നെങ്കിൽ ഈ ഓട പിള്ളതോട്ടിൽ ചെന്നുചേരുമായിരുന്നു. എന്നാൽ, അധികൃതരുടെയും കരാറുകാരന്റെയും കടുത്ത അലംഭാവം മൂലമാണ് ഈ പ്രവൃത്തി നീണ്ടുപോയതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർന്നതോടെ, ഭൂനിരപ്പിൽ നിന്നും താഴ്ന്നുപോയ കടകളിലേക്കാണ് ഇപ്പോൾ വെള്ളം ശക്തമായി അടിച്ചുകയറുന്നത്. മഴക്കാലത്ത് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വേനൽക്കാലത്ത് ഇത് ഗൗനിക്കാൻ കരാറുകാർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ദേശീയപാത അതോറിറ്റിയെ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകുന്നേരം അഞ്ചോടെ മണ്ണുമാന്തി യന്ത്രവുമായി എത്തിയ തൊഴിലാളികൾ താൽക്കാലികമായി പോലും വെള്ളമൊഴുക്കി വിടാനുള്ള സംവിധാനം ഒരുക്കാതെ മടങ്ങുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണി നടത്തുമ്പോൾ ഗതാഗതം തടസ്സപ്പെടുന്നു എന്ന കാരണം പറഞ്ഞാണ് അധികൃതർ അടിയന്തര പരിഹാരം കാണാതെ പിൻവാങ്ങിയത്.

ഇനിയും ശക്തമായ മഴ പെയ്താൽ ദുരിതം ആവർത്തിക്കുമെന്ന ഭീതിയിലാണ് വ്യാപാരികൾ. ശാസ്ത്രീയമായി ഓട സ്ഥാപിച്ച് പിള്ള തോട്ടിലേക്ക് ബന്ധിപ്പിക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്നും ഇതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haripadCanal construction
News Summary - Construction of the canal is halfway through; shops flooded in one downpour, traders in distress
Next Story