എൻജിൻ തകരാറിലായ ബോട്ടിനെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി
text_fieldsഅപകടത്തിൽപ്പെട്ട ബോട്ട് തീരത്തേക്ക് കൊണ്ടുവരുന്നു
ഹരിപ്പാട്: കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപെട്ട മത്സ്യബന്ധന ബോട്ടിനെയും 21 തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് സുരക്ഷിതമായി കരക്കെത്തിച്ചു. തിരുവനന്തപുരം ജി.കെ.എസ് മറൈൻ എക്സ്പോർട്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജി.കെ.എസ്-1 എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
ചൊവ്വാഴ്ച രാവിലെ 9.30നാണ് അമ്പലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ച് ബോട്ട് തകരാറിലായെന്ന സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത്. ഉടൻ കായംകുളം ഹാർബറിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് പുറപ്പെട്ടു. തീരത്തുനിന്ന് ഏകദേശം 47 കി.മീ അകലെവെച്ച് കണ്ടെത്തിയ ബോട്ടിനെ കെട്ടിവലിച്ച് അർധരാത്രിയോടെ കായംകുളം ഹാർബറിലെത്തിച്ചു. 12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ഫിഷറീസ് ലൈഫ് ഗാർഡുമാരായ രാഹുൽ, സാലസ് ജോൺ എന്നിവർ റെസ്ക്യൂ ബോട്ടിലുണ്ടായിരുന്നു. മറൈൻ എൻഫോഴ്സ്‌മെന്റും തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ, അഗ്നിരക്ഷാ ഉപകരണങ്ങൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും പറഞ്ഞു. സുരക്ഷാ ഉപകരണങ്ങളില്ലാത്ത യാനങ്ങൾക്കെതിരെ കെ.എം.എഫ്.ആർ ആക്ട് പ്രകാരം പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

