ഹരിപ്പാട് റവന്യൂ ടവർ; നിയന്ത്രണാധികാരം കലക്ടര്‍ക്ക് കൈമാറാൻ തീരുമാനം
text_fieldsഹരിപ്പാട്: ഹരിപ്പാട് റവന്യൂ ടവറിന്റെ നിയന്ത്രണാധികാരം ആലപ്പുഴ കലക്ടർക്ക് കൈമാറാന്‍ തീരുമാനിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഹരിപ്പാട് റവന്യൂ ടവറിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രിമാരായ കെ. രാജന്, കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭ മന്ദിരത്തിലെ റവന്യൂ മന്ത്രിയുടെ റിട്ടയറിങ് റൂമില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
23 ഓഫിസുകള്‍ പ്രവർത്തിക്കുന്ന ഇവിടെ രണ്ട് ലിഫ്റ്റുകളും കേടാണ്. ശുചിത്വ പരിപാലനത്തിന് കൃത്യമായ സംവിധാനമില്ലാത്തതിനാൽ വൃത്തിഹീനമായ സാഹചര്യമാണുള്ളത്.
പൊതു ശുചിമുറികൾ ഉപയോഗശൂന്യമാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തിനാല്‍ രാത്രി സാമൂഹികവിരുദ്ധ ശല്യമുണ്ട്. റവന്യൂ ടവറിന്റെ ചുമതല കലക്ടർക്ക് കൈമാറാത്തതിനാല്‍ ഇക്കാര്യത്തില്‍ ജില്ല ഭരണകൂടത്തിനും നടപടിയെടുക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തുടർന്നാണ് റവന്യൂ ടവറിന്റെ നിയന്ത്രണാധികാരം ജില്ല കലക്ടര്‍ക്ക് കൈമാറാൻ തീരുമാനിച്ചത്. ഇതിനുള്ള വിശദമായ പ്രപ്പോസല്‍ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാൻ കലക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്കി.
കാര്‍ത്തികപ്പള്ളി തഹസല്ദാറെ എസ്റ്റേറ്റ് ഓഫിസറാക്കി നിയമിക്കും. പി.ഡബ്ല്യു.ഡി ബിള്‍ഡിങ്, ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി, ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക മാനേജിങ് കമ്മിറ്റി രൂപവത്കരിക്കും. റവന്യൂ ടവറിന്റെ പരിപാലന ചുമതല ഇവര്‍ നിർവഹിക്കും. റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ ജില്ല മേധാവികളുടെ യോഗം കലക്ടർ വിളിക്കും.
കാഷ്വല്‍ -പാര്‍ട്ട്ടൈം സ്വീപ്പര്‍മാരുടെ സേവനം ഫലമായി വിനിയോഗിച്ച് റവന്യൂ ടവറിലെ ശുചിത്വപരിപാലനം ഉറപ്പാക്കും. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം, വേതനം, ലിഫ്റ്റ് ഓപറേറ്റര്‍മാരുടെ വേതനം തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേക കോര്‍പ്പസ് ഫണ്ട് രൂപവത്കരിക്കും.
നിലവിൽ പ്രവർത്തിക്കുന്ന സിവില്‍ സപ്ലൈസ് ഔട്ലറ്റുകളില്നിന്ന് ഉചിതമായ തുക വാടക ഇനത്തില്‍ ഈടാക്കും. നല്ല രീതിയുള്ള കാന്റീനും സജ്ജീകരിക്കും. കേടായ ലിഫ്റ്റുകളുടെ മെയിന്റനന്‍സിന് ഹൗസിങ് ബോര്‍ഡ് അടിയന്തരമായി ഫണ്ട് അനുവദിക്കും. റവന്യൂ ടവറിന്റെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഹൗസിങ് ബോര്‍ഡില്‍നിന്ന് റവന്യൂ വകുപ്പിന് തിരികെ കൈമാറുന്നതിനുള്ള സമാന്തര നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്കി.
റവന്യൂ, ഹൗസിങ്, ധനകാര്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഹൗസിങ് ബോര്‍ഡ് ചീഫ് എൻജിനീയര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

