അമ്പലപ്പുഴ പള്ളിപ്പാനക്ക് ഒരുങ്ങി ഹരിദാസ് വേലന്‍പറമ്പ്
text_fieldsഹരിദാസ് വേലന്‍പറമ്പ് പള്ളിപ്പാന ചടങ്ങ് വിശ്വാസത്തിന്റെ അമൂല്യശേഖരങ്ങള്‍ സൂക്ഷിക്കുന്ന നിലവറക്ക് മുന്നില്‍
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സവിശേഷ ചടങ്ങാണ് പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള പള്ളിപ്പാന. ഈ ചടങ്ങിലെ പ്രധാന അവകാശികള്‍ വേലന്‍ സമുദായത്തിൽപെട്ടവരാണെന്ന ആചാരവുമുണ്ട്. ഇത്തവണത്തെ പള്ളിപ്പാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അവസരം തങ്ങളുടെ കുടുംബത്തിന് മടക്കിലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹരിദാസ്.
പള്ളിപ്പാനയിലെ പ്രധാന ചടങ്ങാണ് ഓത്തും മുറോത്തും. ഇത് നടത്താനുള്ള അവകാശം അമ്പലപ്പുഴ ഇരട്ടകുളങ്ങര വേലന്‍പറമ്പ് കുടുംബത്തിനായിരുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് ആരംഭിച്ച ചടങ്ങാണ് പള്ളിപ്പാന. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനാണ് അമ്പലപ്പുഴ പള്ളിപ്പാന തുടങ്ങിവെച്ചത്. ആദ്യത്തെ പാന നടന്നത് കൊല്ലവര്‍ഷം 841ലാണ്. പള്ളിപ്പാന ചടങ്ങിനായി ചെമ്പകശ്ശേരി രാജാവ് തെക്കന്ദേശക്കാരായ വേലന്മാരെ അമ്പലപ്പുഴയില്‍ കൊണ്ടുവന്ന് താമസിക്കാനുള്ള സ്ഥലവും കുലത്തൊഴിലായ വൈദ്യവും ചുണ്ണാമ്പ് നീറ്റിയെടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് പാര്‍പ്പിക്കുകയായിരുന്നു.
പള്ളിപ്പാന ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്ന കാപ്പ് കെട്ടിന് മുമ്പ് അവകാശികളെ ദേവസ്വം അധികാരികള്‍ വേലന്പറമ്പിലെത്തി കുടുംബകാരണവരെയും കുടുംബാംഗങ്ങളെയും സ്വീകരിച്ച് കൊണ്ടുപോകും. കുടുംബ അറയില്‍നിന്നും വിളക്ക് കൊളുത്തി കുടുംബത്തിന്റെ മുന്നിലെ ഗണപതിവിഗ്രഹത്തില്‍ ദീപം കാണിച്ച് പ്രാര്‍ഥിച്ചശേഷം ആ ദീപത്തില്നിന്നാണ് ക്ഷേത്രത്തിലെ വിളക്ക് തെളിക്കുന്നത്. പിന്നീടാണ് ചടങ്ങിനുള്ള വാള്, ശംഖ്, വാദ്യോപകരണമായ പറ എന്നിവയുമായി കുത്തുവിളക്ക് തെളിച്ച ദീപപ്രഭയുടെ അകമ്പടിയോടെ പ്രധാന അവകാശിയായ ഹരിദാസും കുടുംബാംഗങ്ങളും അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. പ്രധാന അവകാശികള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ പ്രധാന തന്ത്രി ദേവനെ കൊയ്മവടിയില് ഭഗവാനെ ആവാഹിച്ചശേഷം കൊയ്മസ്ഥാനിക്ക് കൈമാറും. കൊയ്മസ്ഥാനി അത് പള്ളിപ്പന്തലിൽ കൊണ്ടുവരുമ്പോള്‍ വേലന്മാര് ജപിച്ച തകിട് കെട്ടിവെക്കുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. ഇതിന് കാപ്പുകെട്ടെന്നാണ് പറയുന്നത്. ചടങ്ങുകള്‍ നടക്കുന്ന 15 ദിവസവും നേതൃത്വം വഹിക്കുന്നത് വേലന്പറമ്പിലെ കാരണവരാണ്.
വേലന്‍പറമ്പ് കുഞ്ഞുകുഞ്ഞു പണിക്കനായിരുന്നു ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ അവസാന പ്രധാന അവകാശി. അദ്ദേഹത്തിന് നാരായണി, ലക്ഷ്മി, ദാക്ഷായണി എന്നിങ്ങനെ മൂന്ന് മക്കളായിരുന്നു. പള്ളിപ്പാന ചടങ്ങുകളില്‍ പ്രധാന അവകാശിയാകാന്‍ ആണ്മക്കളില്ലാതെ വന്നതോടെ മൂന്ന് പള്ളിപ്പാനകള്‍ നടത്തിയത് ദേവസ്വം ബോര്‍ഡ് കരാര്‍ ക്ഷണിച്ചായിരുന്നു. എന്നാല്‍ നാരായണി, ലക്ഷ്മി, ദാക്ഷായണി എന്നിവരുടെ മക്കള്‍ ചടങ്ങ് ഏറ്റെടുക്കാന്‍ തയാറായായതോടെ ഇത്തവണ മുതലാണ് വേലന്‍പറമ്പില്‍ ദാക്ഷായണിയുടെ മകന് ഹരിദാസ് പ്രധാനിയായി കുടുംബത്തിലെ സ്ത്രീകള്‍ അടക്കം ആറുപേരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ പള്ളിപ്പാനക്ക് മുഖ്യപങ്ക് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

