റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാതെ അരലക്ഷംപേർ
text_fieldsആലപ്പുഴ: മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ്ങിനായി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെ ജില്ലയിൽ മസ്റ്റർ ചെയ്യാൻ ബാക്കിയുള്ളത് 49,738 പേർ. ജില്ലയിലെ 95.27 ശതമാനം മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 10,53,614 മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകളിൽ 10,03,876 പേർ മസ്റ്ററിങ് പൂർത്തിയാക്കി.
1,14,765 മഞ്ഞ റേഷൻകാർഡ് ഉടമകളിൽ 1,10,728 പേരും 9,38,849 പിങ്ക് റേഷൻകാർഡ് ഉടമകളിൽ 8,93,148 പേരുമാണ് മസ്റ്റർ ചെയ്തത്. റേഷൻ കടകളിലെ ഇ-പോസ്, ഐറിസ് സ്കാനർ, ഫെയ്സ് ആപ് എന്നിവയിലൂടെ പലതവണ ശ്രമിച്ചിട്ടും മസ്റ്ററിങ് പൂർത്തിയാക്കാനാകാത്ത ഒട്ടേറെപ്പേരുണ്ട്. ഇവരിൽ കുറച്ചുപേർ മരിച്ചിട്ടുണ്ടാകുമെങ്കിലും ഒട്ടേറെപ്പേർ മസ്റ്ററിങ് നടത്താതെ വിട്ടുനിൽക്കുകയാണ്. പലവട്ടം ഇവരെ സമീപിച്ച് മസ്റ്ററിങ് പൂർത്തിയാക്കാൻ നിർദേശിച്ചെങ്കിലും തയാറായില്ല.
റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവരുടെ ഭക്ഷ്യധാന്യവിഹിതം സിവിൽസപ്ലൈസ് മരവിപ്പിച്ചിരുന്നു. മസ്റ്ററിങ് പൂർത്തിയാക്കാൻ സമയമുള്ളപ്പോൾ ധൃതിപിടിച്ച് ധാന്യവിഹിതം മരവിപ്പിച്ചതിനെതിരെ പ്രതിഷേധമുയർന്നതോടെ ആറ് താലൂക്കിലെ ആറുതാലൂക്കുകളിലായി 5,177 പേരുടെ റേഷൻവിഹിതം പുനഃസ്ഥാപിച്ചു.
റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്ത ആളുകൾ, സ്ഥലത്തില്ലെന്ന് ചൂണ്ടിക്കാട്ടി നോൺ റെസിഡന്റ് കേരള (എൻ.ആർ.കെ.) പട്ടികയിലേക്ക് മാറ്റിയതോടെയാണ് പലർക്കും റേഷൻവിഹിതം നഷ്ടമായത്. ഈ മാസത്തെ റേഷൻ വാങ്ങാൻ ആളുകൾ കടയിലെത്തിയപ്പോഴാണ് ഇ-പോസ് യന്ത്രത്തിൽ നിന്ന് പേരുനീക്കിയ വിവരം പലരും അറിഞ്ഞത്.
റേഷൻ കിട്ടാതെ വന്നതോടെ താലൂക്ക് സപ്ലൈ ഓഫിസുകളിൽ പരാതിയുമായി എത്തിയവർക്കും ഭക്ഷ്യധാന്യം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് റേഷൻ നിഷേധിച്ചതിനെതിരെ പരാതി നൽകാനുള്ള നീക്കം ആരംഭിച്ചതോടെയാണ് നടപടി പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായത്.ചേർത്തല-798, അമ്പലപ്പുഴ-805, ചെങ്ങന്നൂർ-406, കാർത്തികപ്പള്ളി-1948, കുട്ടനാട്-581, മാവേലിക്കര- 639 എന്നിങ്ങനെയാണ് റേഷൻവിഹിതം പുനഃസ്ഥാപിച്ചത്.
ആധാർ മസ്റ്ററിങ് ചെയ്യാനാകാത്ത വിധം ശാരീരിക പരിമിതികളുള്ള ഭിന്നശേഷിക്കാർക്ക് റേഷൻ ഉറപ്പാക്കും. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ പ്രവാസികളുടെ പേര് ഒഴിവാക്കില്ലെങ്കിലും ഇവർക്കുള്ള റേഷൻ വിഹിതം കുറയും. അതേസമയം, നാട്ടിലുണ്ടായിട്ടും മസ്റ്ററിങ്ങിന് എത്താത്തവരുടെ പേര് റേഷൻകാർഡിൽ നിന്ന് ഒഴിവാക്കും.
കടയടപ്പ് സമരം മാറ്റി -റേഷൻ സംയുക്തസമിതി
ആലപ്പുഴ: റേഷൻ സാധനങ്ങൾ യഥാസമയത്ത് നൽകാത്ത വാതിൽപടി കരാറുകാരുടെയും അധികാരികളുടെയും നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ റേഷൻ കടകളും അടച്ചിട്ടുള്ള സമരം മാറ്റിവെച്ചതായി റേഷൻ വ്യാപാരി സംയുക്തസമിതി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ചക്കുള്ളിൽ വിതരണം തുടങ്ങാമെന്ന് ഡി.എസ്.ഒ ഉറപ്പുനൽകിയതോടെയാണ് കടയടപ്പ്സമരം പിൻവലിച്ചത്.
ഉറപ്പ് പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ച പണിമുടക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സെക്രട്ടറി കെ.ആർ. ബൈജു, സി.ഐ.ടി.യു സെക്രട്ടറി വി.വി. ഗോപാലകൃഷണൻ, എ.കെ.ആർ.ആർ.ഡി.എ സെക്രട്ടറി കെ.ജെ. തോമസ് എന്നിവർ പറഞ്ഞു. എല്ലാ മാസവും അവസാനമാണ് വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിക്കുന്നത്. ഇത് യഥാസമയം നൽകാൻ വ്യാപാരികൾക്ക് സാധിക്കുന്നില്ല. ഇതിനാൽ ഭക്ഷ്യധാന്യങ്ങൾ കാർഡ് ഉടമകൾക്ക് ലഭിക്കാറില്ല. ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

