തറവാടക നൽകിയില്ല; കേബിൾ സ്ഥാപിക്കൽ തടസ്സപ്പെട്ടു
text_fieldsഉയരപ്പാതനിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിളുകൾ വലിക്കുന്നതിനുള്ള ടവർ
നിർമാ ണം തടസ്സപ്പെട്ട നിലയിൽ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി അരൂർ ബൈപാസ് കവലയിൽ തടസ്സപ്പെട്ടു. വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന ജോലി സമീപത്തെ സഹകരണ ബാങ്കിന്‍റെ അധീനതയിലുള്ള സ്ഥലത്താണ് നടക്കുന്നത്. തറവാടക നൽകാത്തതിന്‍റെ പേരിൽ ബാങ്ക് അധികൃതർ തടസ്സപ്പെടുത്തിയെന്നാണ് പരാതി.
അരൂർ ബൈപാസ് കവലക്കു സമീപം പാതക്കു കുറുകെ 30 മീറ്റർ നീളത്തിൽ 20 മീറ്റർ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സുരക്ഷയുടെ ഭാഗമായി വൈദ്യുതി കമ്പിക്കു പകരം വൈദ്യുതി കേബിളുകളാക്കി മാറ്റി.
പാതയുടെ കിഴക്കുഭാഗത്ത് നിർമിക്കുന്ന വൈദ്യുതി ടവർ സമീപത്ത് സഹകരണ ബാങ്ക് ഉടമസ്ഥതയിലുള്ള 18 സെന്റ് പുരയിടത്തിലാണ് നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതും നിർമാണം നടത്തുന്നതും. ബാങ്ക് അധികൃതർ മാസവാടക ഇനത്തിൽ ഒരുലക്ഷം രൂപ ഉയരപ്പാത നിർമാണ കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇരു വിഭാഗവും തമ്മിൽ നടന്ന ചർച്ചിൽ 50000 രൂപ നൽകാമെന്ന ധാരണയിൽ ജോലി നടത്തുകയും ഒരുമാസത്തെ വാടക കരാറുകാർ ബാങ്കിന് നൽകിയതുമാണെന്ന് പറയുന്നു.വാടക നൽകാത്തതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങൾ ബുധനാഴ്ച ജോലി തടസ്സപ്പെടുത്തുകയായിരുന്നു.
എന്നാൽ, നിലവിൽ ഉണ്ടായിരുന്ന വൈദ്യുതി ലൈൻ പോകുന്ന സ്ഥലത്ത് കേബിളുകൾ സ്ഥാപിക്കുകയും പുതിയ ടവർ നിർമിക്കുകയുമാണ് നടക്കാനുള്ളത്. കെ.എസ്.ഇ. ബി വൈദ്യുതി ലൈൻ പോയിരുന്ന സ്ഥലമായതിനാൽ വൈദ്യുതി വകുപ്പിന്‍റെ അധീനതയിലാണെന്നും അതിനാൽ പണം കൊടുക്കാൻ സാധിക്കില്ലെന്നാണ് ജോലി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കലക്‌ടർ ഇടപെട്ടതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

