പി.കെ. കൊച്ചുകുഞ്ഞിന് നാടിന്റെ വിട
text_fieldsപി.കെ. കൊച്ചുകുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ച് കായംകുളത്ത് നടത്തിയ
സമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സംസാരിക്കുന്നു
കായംകുളം: ഓണാട്ടുകരയുടെ ഹരിത രാഷ്ട്രീയത്തിന് അടിത്തറ പാകിയ നേതാവിന് നാടിന്റെ വിട. അര നൂറ്റാണ്ട് പൊതുമണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്ന മുസ്ലിംലീഗ് നേതാവ് പി.കെ. കൊച്ചുകുഞ്ഞിന്റെ വിയോഗം നഗര രാഷ്ട്രീയത്തിലെ നികത്താനാകാത്ത വിടവായി.വാർഡ് കമ്മിറ്റിയിൽ തുടങ്ങി ദേശീയ കൗൺസിൽ അംഗം വരെയെത്തിയ അദ്ദേഹം വാർധക്യ അവശതകളാൽ പൊതുരംഗത്തുനിന്ന് പിൻമാറിയെങ്കിലും ലീഗ് രാഷ്ട്രീയത്തെ മരണംവരെ ചേർത്ത് പിടിച്ചു.
ജില്ലയിൽ ലീഗിന്റെ തൊഴിലാളി സംഘടന പടുത്തുയർത്തുന്നതിൽ മുന്നിൽ നിന്ന നേതാവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നാണ് ഹരിത രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കൊച്ചുകുഞ്ഞിന്റെ അനുഭവസമ്പത്ത് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടായിരുന്നു. നഗരഹൃദയമായ സസ്യമാർക്കറ്റ് വാർഡ് ഇദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. ഇദ്ദേഹവും ഭാര്യ സുഹുറ ഉമ്മയും ഒരേ കൗൺസിലിൽ പ്രവർത്തിച്ചിരുന്നു.
ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, ദീർഘകാലം നഗരസഭ ലീഗ് പാർലമെന്ററി പാർട്ടി നേതാവ്, നഗരസഭ വൈസ് ചെയർമാൻ, ലീഗ് ജില്ല വൈസ് പ്രസിഡന്റ്, ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ വൈസ് ചെയർമാൻ, കായംകുളം ജമാഅത്ത് പ്രസിഡന്റ്, യു.ഡി.എഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സമീപകാലത്ത് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്ബഷീർ, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കൾ വസതിയിൽ എത്തിയിരുന്നു. വ്യാഴാഴ്ച 10.30ന് ടൗൺ ജമാഅത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

