ആറ്റുകൊഞ്ച് ക്ഷാമം; ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: കായലുകളിലെ ആറ്റുകൊഞ്ചിന്റെ ക്ഷാമം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടി. വേമ്പനാട്ട് കായലിന്റെ സ്വഭാവം മലിനീകരണത്തെ തുടർന്നും മറ്റും മാറിയതോടെയാണ് ആറ്റുകൊഞ്ചിന്റെ ലഭ്യത കുറഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2018വരെ ലഭിച്ചിരുന്ന കൊഞ്ചിന്റെ അഞ്ചുശതമാനംപോലും നിലവില്‍ ലഭിക്കുന്നില്ല.
മുഹമ്മ, കൈനകരി, തണ്ണീര്‍മുക്കം, സി ബ്ലോക്ക്, കുപ്പപ്പുറം, മാര്‍ത്താണ്ഡം പ്രദേശങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ആറ്റുകൊഞ്ച് ക്ഷാമത്തിൽ പ്രതിസന്ധിയിലായത്. ഉപ്പിന്റെ അളവുകുറഞ്ഞതിനാല് കുഞ്ഞുങ്ങളുടെ എണ്ണം തീരെക്കുറഞ്ഞു. ആറ്റുകൊഞ്ച് ശുദ്ധജലത്തിലാണ് വളരുന്നതെങ്കിലും പ്രജനനകാലത്ത് ഓരുജലത്തില്‍ എത്തി മുട്ടയിടും. ശുദ്ധജലത്തില്‍ ഉപ്പിന്റെ സാന്ദ്രത 15 ശതമാനം ഉണ്ടെങ്കില്‍ മാത്രമേ മുട്ട വിരിഞ്ഞ് കരുത്തുള്ള കുഞ്ഞുങ്ങളെ ലഭിക്കൂ. ദിവസങ്ങള്‍ മാത്രം ഓരുജലത്തില്‍ വളരും. തുടര്‍ന്ന് ശുദ്ധജലത്തില്‍ ആറുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്നതോടെ ഒരു ആറ്റുകൊഞ്ചിന് 200 മുതല്‍ 850 ഗ്രാം വരെ തൂക്കം ലഭിക്കും. വലയില്‍ പിടിക്കുന്ന കൊഞ്ചിന് കിലോക്ക് 600 മുതല്‍ 800 രൂപവരെ ലഭിക്കുമ്പോള്‍ കുത്തുകൊഞ്ചിന് 350 മുതല്‍ 400വരെയാണ് വില. ഒരു തൊഴിലാളിക്ക് പ്രതിദിനം അഞ്ചു മുതല്‍ 10 കിലോവരെ കൊഞ്ച് മുമ്പ് ലഭിച്ചിരുന്നു. കുറവ് പരിഹരിക്കാന്‍ ഫിഷറീസ് വകുപ്പ് കൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ടെങ്കിലും പൂർണതോതിൽ വിളവെടുക്കാനാകുന്നില്ല. വേമ്പനാട്ട് കായലില്‍ പരമ്പരാഗതമായി ലഭിക്കുന്ന ആറ്റുകൊഞ്ചിന് രുചിയും തൂക്കവുമേറും. നാടന്‍ കൊഞ്ചിന്റെ ഹാച്ചറി സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവരുന്ന കുഞ്ഞുങ്ങളെയാണ് കായലില്‍ നിക്ഷേപിക്കുന്നത്. നാടന്‍ ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.