ആലപ്പുഴ: ലക്ഷങ്ങൾ കിട്ടുന്ന പണി കളഞ്ഞ് ലക്ഷക്കണക്കിന് കുരുന്നുകൾക്ക് ജീവിതം നൽകുകയാണ് ജോർജ്. മുൻനിരകമ്പനികളുടെ അഭിമുഖ പാനലിൽ പ്രമുഖനായിരുന്ന ജോർജ് ഇപ്പോൾ ജീവിക്കുന്നത് പിൻനിരയിലുള്ളവർക്കായാണ്. മുമ്പ് ലക്ഷങ്ങൾ ശമ്പളയിനത്തിൽ ലഭിച്ചിരുന്നെങ്കിൽ ഇന്ന് ലക്ഷങ്ങൾ കൈയിൽനിന്ന് മുടക്കിയാണ് ഇദ്ദേഹത്തിെൻറ കായിക - സാമൂഹിക രംഗത്തെ ഇടപെടൽ.
35 കാരനായ തിരുവനന്തപുരം സ്വദേശി ജോർജ് കെ. തോമസിന് ജോലി സംബന്ധമായി നിരവധി രാജ്യങ്ങളിൽ പോകേണ്ടി വന്നു. വിദേശ രാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസ - കായിക സംസ്കാരം അടുത്തറിഞ്ഞ ജോർജ് പിന്നീട് ഈ രംഗത്ത് സജീവമാവുകയായിരുന്നു. തിരികെ നാട്ടിലെത്തി കുരുന്നുകൾക്ക് പ്രോത്സാഹനം നൽകാൻ സ്കൂളിലും കോളജുകളിലുമടക്കം ഓടി നടക്കുകയാണിപ്പോൾ.
അടുത്തറിയുന്ന കുട്ടികൾ നാട്ടിലും വിദേശത്തും വലിയ കമ്പനികളുടെ അഭിമുഖത്തിൽ പരാജയപ്പെടുന്നത് കണ്ടാണ് ജോർജ് മനസ്സറിഞ്ഞുള്ള പുതിയ പഠന - കായിക പരിശീലന ഉദ്യമത്തിലേക്കെത്തിയത്. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്, ആത്മവിശ്വാസം ചോരാതെ നട്ടെല്ലുയർത്തി നിൽക്കാൻ ഒരാളെ മാറ്റണമെങ്കിൽ അത് ചെറിയ പ്രായത്തിൽ തന്നെ വേണമെന്ന ചിന്തയിൽ ജോർജും ഭാര്യ ജോയാൻ വർഗീസും കളത്തിലിറങ്ങി. തിരുവനന്തപുരത്ത് രണ്ടര വയസ്സ് മുതൽ ഏഴു വയസ്സുവരെയുള്ള കുട്ടികൾക്കായി സ്കൂൾ തുറന്നു. പാവപ്പെട്ട ഇരുപത്തിയഞ്ചോളം കുട്ടികൾ സൗജന്യ പരിശീലനം നേടി കടന്നുപോയി.
ഫ്രണ്ട്സ് സ്പോർട്സ് അക്കാദമി ആലപ്പുഴയിൽനിന്ന് 10 കായിക താരങ്ങളെ വാർത്തെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഏഴ് മുതൽ 10 വയസ്സ് വരെയുള്ള 10 കുട്ടികളെയാണ് അക്കാദമി സൗജന്യ പരിശീലനത്തിനായി ഏറ്റെടുക്കുക. അഞ്ച് പേർക്ക് ക്രിക്കറ്റിലും അഞ്ച്പേർക്ക് ബാഡ്മിന്‍റണിലുമാകും പരിശീലനം നൽകുക. ആലപ്പുഴയിൽ ക്യാമ്പ് സംഘടിപ്പിച്ചാകും സൗജന്യ പരിശീലനത്തിനുള്ള കുട്ടികളെ കണ്ടെത്തുക.