മാലിന്യ വാഹിനി ; ആശങ്ക പരത്തി ചന്തിരൂർ പുത്തൻതോട്
text_fieldsപ്രതീകാത്മക ചിത്രം
അരൂർ: ചന്തിരൂർ പുത്തൻതോട്ടിൽ ഒഴുക്ക് നിലച്ച് അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യം നാട്ടു കാരിൽ ആശങ്ക വളർത്തുന്നു. രോഗവ്യാപന ഭീഷണിയുടെ സാഹചര്യത്തിലാണ് തോടിന്റെ ശോചനീയാവസ്ഥ ചർച്ചയാകുന്നത്. ചന്തിരൂർ പുത്തൻതോടിന്റെ മാലിന്യ പ്രശ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇടത് യുവജന സംഘടനയുടെ ഹരജിയിൽ , സമീപപ്രദേശത്തെ ചെമ്മീൻ സംസ്കരണ ശാലകൾ പ്രവർത്തിക്കണമെങ്കിൽ തോടിന്റെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ഹൈകോടതി കർശനനിർദേശം നൽകിയിരുന്നു. പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയിടാനും കോടതി നിർദ്ദേശിച്ചിരുന്നു.പിന്നീടുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായിട്ടാണ് മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ചന്തിരൂരിൽ പൊതുശുദ്ധീകരണ പ്ലാൻറ് നിർമാണം നിർദേശിക്കപ്പെട്ടത്. പ്ലാൻറ് നിർമാണത്തിന് 70 സെന്റ് ഭൂമി വാങ്ങിയതല്ലാതെ മറ്റു നടപടികൾ നടന്നിട്ടില്ല. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രം ചർച്ച ചെയ്യേണ്ട വിഷയമായി മാലിന്യ പ്രശ്നം മാറിക്കഴിഞ്ഞു.
മാലിന്യം നിറഞ്ഞ് ചന്തിരൂർ പുത്തൻതോട്
മസ്തിഷ്ക ജ്വരം പോലെയുള്ള പകർച്ചവ്യാധി ഭീഷണിയായി ഉയർന്നതോടെ പുത്തൻതോട്ടിലെ മാലിന്യ പ്രശ്നം ചർച്ചയാകുന്നു. പ്ലാൻറ് നിർമാണത്തിന് കോടികൾ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. പ്രദേശവാസികളുടെ എതിർപ്പാണ് പ്ലാൻറ് നിർമാണത്തിന് തടസ്സമെന്നും പറയുന്നു.
ലക്ഷങ്ങൾ ഒഴുകി
പൊതുശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്താൻ സർക്കാർ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല. 30 വർഷങ്ങൾക്കു ബോട്ട് ഓടിക്കാവുന്ന വിധത്തിൽ മുമ്പ് പുത്തൻ തോട് ലക്ഷങ്ങൾ ചെലവഴിച്ച് ശുചീകരിച്ചതാണ്.
ഖരമാലിന്യങ്ങൾ അടിഞ്ഞ് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന തോട് ശുചീകരിക്കാൻ ജില്ലാപഞ്ചായത്താണ് ആദ്യം തുക അനുവദിച്ചത്. തുടർന്ന് സർക്കാറിന്റെയും ത്രിതല പഞ്ചായത്തിന്റെയും നിരവധി ലക്ഷങ്ങൾ തോട്ടിലൂടെ ഒഴുകിപ്പോയി. ശാശ്വത പരിഹാരത്തിന് ഒന്നും നടന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്താകെ ശുചീകരണ പ്രവർത്തനങ്ങൾ വ്യാപകമാകുമ്പോഴും അരൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ വാഹിനിയായ പുത്തൻ തോടിനെ കുറിച്ച് അന്വേഷണം പോലും നടത്താൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

