റാണിത്തോടിന്റെ ദുരിതംപേറി നാട്ടുകാർ; ആല‘പ്പുഴ’യുടെ മാലിന്യ‘റാണി’
text_fieldsആലപ്പുഴ സക്കറിയ ബസാറിലൂടെ ഒഴുകുന്ന തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം
ആലപ്പുഴ: നാട്ടിലെ സകല മാലിന്യവും തള്ളുന്നത് നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന റാണിത്തോട്ടിലേക്കാണ്. അത്രക്കുണ്ട് ഇവിടത്തെ മാലിന്യം. നഗരസഭയുടെ ആലിശ്ശേരി, സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ലജ്നത്ത്, സക്കറിയ ബസാർ, വലിയകുളം, വട്ടയാൽ, കുതിരപ്പന്തി, ഇരവുകാട്, ഗുരുമന്ദിരം, ബീച്ച്, വാടക്കൽ എന്നിങ്ങനെ 12 വാർഡുകളിലൂടെയാണ് ഇതിന്റെ ഒഴുക്ക്. തോടിന്റെ ഇരുവശത്തും താമസിക്കുന്നത് 3700ലധികം കുടുംബങ്ങളാണ്.
തുറമുഖ നഗരത്തിന്റെ പ്രതാപകാലത്ത് ഈ തോട്ടിലൂടെ ബോട്ടും വള്ളവുമൊക്കെ കടന്നെത്തിയെന്ന് പറഞ്ഞാൽ ആരും അത്ഭുതപ്പെടും. ഇപ്പോൾ തോടിന് പലയിടത്തും ഓടയുടെ വലുപ്പം പോലുമില്ല. വീതിയുള്ള സ്ഥലങ്ങളിൽ സംരക്ഷണവും ശുചീകരണവുമില്ല. വിവിധ കനാലുകളുമായി കോർത്തിണക്കുന്ന ഷഡാമണിത്തോടും മാലിന്യത്തിൽ മുങ്ങി. അമ്പലപ്പുഴ കാപ്പിത്തോട് മുതൽ നഗരത്തിൽ കമേഴ്സ്യൽ കനാൽവരെ നീളത്തിൽ കിടക്കുന്നതാണിത്. മഴക്കാലത്ത് കനാലുകളിലെ നീരൊഴുക്ക് സുഗമാക്കാൻ ആവിഷ്കരിച്ച പല പദ്ധതികളും കടലാസ്സിലാണ്. ചെറിയ മഴയിൽപോലും നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങുന്നതാണ് പതിവ്.
ചളിനിറഞ്ഞ് ദുർഗന്ധം
മാലിന്യവും ചളിയും നിറഞ്ഞ് പ്രദേശവാസികൾക്ക് ദുർഗന്ധം പരത്തുന്ന തോടുകളാണ് റാണിയും ഷഡാമണിയും. മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകി പടർത്തുന്ന സാംക്രമികരോഗങ്ങൾ വേറെയും.
തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് കരിനിറമാണ്. മഴയെത്തിയാൽ തോട്ടിലെ വെള്ളം പൊങ്ങി വീടുകളിലേക്കെത്തും. മലിനജലം കലർന്ന് കുടിവെള്ളംപോലും ചീത്തയാകും. ഒഴുകിയെത്തുന്നതും തള്ളുന്നതുമായ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യം പറയേണ്ട. കലക്ടറേറ്റിന് സമീപത്തെ സക്കറിയ ബസാറിലൂടെയുള്ള റാണിത്തോടിന്റെയും കൈവഴിയായ തോടിന്റെയും കാര്യം അതിദയനീയമാണ്. പൊലീസ് ക്വാർട്ടേഴ്സ് മുതൽ പുല്ലുംപുറം പാലംവരെ പുറത്തുനിന്നെത്തി മാലിന്യം വലിച്ചെറിയുന്നത് പ്രധാനപ്രശ്നമാണ്. ജനറൽ ആശുപത്രി-കടപ്പുറം റോഡിൽ റബർ ഫാക്ടറി റോഡിലേക്ക് കയറിയാലും മാലിന്യമയമാണ്. മഴ കനത്താലും കടൽ കേറിയാലും റാണിത്തോടിന്റെ ഒഴുക്ക് തടസ്സപ്പെടും.
പുതിയ കലുങ്കുകൾ ജലമൊഴുക്കിന് തടസ്സം
മാലിന്യത്താൽ വീർപ്പുമുട്ടി നീരൊഴുക്ക് നിലച്ച റാണിത്തോട്ടിന്റെ ആഴം കൂട്ടണമെന്നതാണ് പ്രധാന ആവശ്യം. ഇതിനോട് ചേർന്നൊഴുകുന്ന കൈത്തോടുകളുടെയും സ്ഥിതി സമാനമാണ്. മഴക്കാലപൂർവ ശുചീകരണം പലപ്പോഴും പേരിലൊതുങ്ങും. നഗരത്തിൽ തോടുകളുടെ മുകളിലൂടെ പുതുതായി പണിത കലുങ്കുകളും ജലമൊഴുക്കിന് തടസ്സമാണ്. കലുങ്ക് ഉയർത്തി നിർമിക്കാത്തതാണ് കാരണം.
ഈ തോട് എങ്ങനെ ഒഴുകുമെന്ന് ചിന്തിക്കാതെയാണ് പലയിടത്തെയും നിർമാണം. കളർകോട് ഭാഗത്തുനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്ന റോഡിൽ ഇരവുകാട് പാലത്തിന് താഴെ റാണിത്തോടിന് കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഒരു തുള്ളി വെള്ളംപോലും അപ്പുറത്തെത്തുന്നില്ല. നിർമാണത്തിലെ പോരായ്മകളാൽ കാടുപിടിച്ച് ദുർഗന്ധം പേറിക്കിടക്കുകയാണ് ഈ സ്ഥലം.
പ്രത്യേക പാക്കേജ് വേണം
വർഷാവർഷം തോടുകളുടെ നവീകരണത്തിന് നഗരസഭ പ്രഖ്യാപിക്കുന്നത് കോടികളുടെ പദ്ധതികളാണ്. ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നതാണ് വസ്തുത. മാലിന്യംപേറുന്ന തോടുകളുടെ ശുചീകരണത്തിനും സംരക്ഷണത്തിനും പ്രത്യേക പാക്കേജ് ആവശ്യമാണ്. മഴക്കാലമെത്തുമ്പോൾ ശുചീകരണത്തിനായി വലിയ തുകയാണ് ചെലവഴിക്കുന്നത്. ഇടത്തോടുകളുടെ ചിലയിടങ്ങളിൽ മാത്രമാണ് വൃത്തിയാക്കൽ. അത് മൂന്നാഴ്ച പിന്നിടുമ്പോൾ വീണ്ടും ചളിനിറഞ്ഞ് കാടുമൂടിയിട്ടുണ്ടാകും. ആലപ്പുഴ നഗരസഭയും ഇറിഗേഷൻ വകുപ്പും ചേർന്ന് ലക്ഷങ്ങൾ മുടക്കി നവീകരിച്ച റാണിത്തോടിന്റെ ഇപ്പോഴത്തെ ചിത്രം കണ്ടാൽ ആരും ഞെട്ടിപ്പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

