ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; മൂന്നുപേർ പിടിയിൽ
text_fieldsപാതിരപ്പള്ളിയിൽ ഇന്നോവ കാറിൽനിന്ന് പൊലീസ് പിടികൂടിയ കഞ്ചാവ്, പിടിയിലായ അരുൺ, രാഹുൽ, അനന്തു
മാരാരിക്കുളം: ബംഗളൂരുവിൽനിന്ന് ചെങ്ങന്നൂരിലേക്ക് കാറിൽ കടത്തിയ 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചെങ്ങന്നൂർ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തിൽ അനന്തു (24), തിട്ടമേൽ അർച്ചന ഭവനിൽ കെ.പി. അരുൺ (24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുൽ (കണ്ണൻ -27) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ നോർത്ത് സി.ഐ കെ.പി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പാതിരപ്പള്ളി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പത്തനംതിട്ട രജിസ്ട്രേഷനുള്ള ഇന്നോവ കാറിെൻറ ഡിക്കിയിൽ ബാഗിൽ ഒളിപ്പിച്ച 2.250 കിലോവീതമുള്ള 11 വലിയ പൊതികളും പിടിച്ചെടുത്തു. വിപണിയിൽ അഞ്ചുലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ നോർത്ത് എസ്.ഐ ടോൾസൺ പി. ജോസഫ്, സി.പി.ഒമാരായ എൻ.എസ്. വിഷ്ണു, ഷൈജു, ജഗദീഷ്, സാഗർ, ജോസഫ് ജോയി, ബിനോജ്, ശ്യാം, സുജിത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.