ജി. സുധാകരന് വയസ്സും നിലപാടും പ്രശ്നമായി; ആലപ്പുഴയിൽ ആധിപത്യം ഉറപ്പിച്ച് സജി ചെറിയാൻ
text_fieldsആലപ്പുഴ: അതികായരായ പലർ ഒരേസമയം അണിനിരന്ന കാലഘട്ടം പിന്നിട്ട് ആലപ്പുഴ സി.പി.എമ്മിൽ ഇനിയങ്ങോട്ട് സജി ചെറിയാന്റെ ആധിപത്യം. സംസ്ഥാന കമ്മിറ്റി അംഗമായ സജി ചെറിയാൻ സെക്രട്ടേറിയറ്റിൽ ഇടംകണ്ടപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ നിന്നുതന്നെ പുറത്തായിരിക്കുകയാണ് ജി. സുധാകരൻ. അടുത്തനാൾ വരെ ജില്ലയിൽ പാർട്ടി കടിഞ്ഞാൺ ഏന്തിയ സുധാകരന്‍റേത് ഇനി 'പടിയിറക്ക'ത്തിന്റെ കാലമാകും. പാർട്ടി മനസ്സുവെച്ചാൽ ജില്ല കമ്മിറ്റിയിൽ വന്നേക്കാമെന്ന് മാത്രം.
സി.ബി. ചന്ദ്രബാബു പാർലമെന്റിൽ മത്സരിക്കാൻ രാജിവെച്ച ഒഴിവിൽ പാർട്ടി ജില്ല സെക്രട്ടറിയായി വന്ന സജി ചെറിയാൻ പിണറായി പക്ഷത്ത് നിലയുറപ്പിച്ച് നടത്തിയ നീക്കങ്ങളാണ് നിയമസഭ സാമാജികനാകുന്നതിലും മന്ത്രിയായിരിക്കെത്തന്നെ ഇപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുന്നതിനും സഹായകമായത്. നേരത്തേ വി.എസ് പക്ഷം കടിഞ്ഞാൺ കൈയാളിയിരുന്ന ജില്ലയിൽ സജി ചെറിയാൻ ശക്തനായി മാറുന്നതാണ് പിന്നീട് കണ്ടത്.
ഇക്കുറി ലോക്കൽ, ഏരിയ കമ്മിറ്റികൾ ഭൂരിപക്ഷം സജി ചെറിയാൻ പക്ഷം കൈയടക്കിയത് കൂടാതെ ജില്ല സമ്മേളന പ്രതിനിധികളിൽ ഏറെയും ഇതേ പക്ഷത്താണ്. സജിയും ജില്ല സെക്രട്ടറി നാസറും ഒരുമിച്ച് നിന്നപ്പോൾ പ്രാദേശികമായി ചിലയിടങ്ങളിൽ മാത്രമാണ് മറ്റുള്ളവർക്ക് സ്വാധീനമുറപ്പിക്കാൻ സാധിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് കൂടാതെ നടപടിയും നേരിട്ട ജി. സുധാകരൻ സമ്മേളനങ്ങളിൽ പക്ഷംപിടിക്കാതെ മാറിനിന്നതും മറുപക്ഷത്തിന് നേട്ടമായി.
സെക്രട്ടേറിയറ്റ് അംഗമായതോടെ സജി ചെറിയാനല്ലാതെ മറ്റൊരാൾ ജില്ലയിൽനിന്ന് അധികാരകേന്ദ്രമായി ഇല്ലെന്നതും ശ്രദ്ധേയം. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കാണ് ഇപ്പോഴത്തെ സ്ഥിതിയിൽ മേൽകമ്മിറ്റിയിൽ ജില്ലയിൽ നിന്നുള്ള ഏക നേതാവ്. ഐസക്കാകട്ടെ യാത്ര ഒറ്റക്കാണ്.
കത്തും കല്ലുകടി
സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയത് പ്രായപരിധി ഘടകമായതിന് പുറമെ പാർട്ടി നടപടി നേരിട്ടതും പരിഗണിച്ചെന്ന് സൂചന. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. 75 വയസ്സ് പിന്നിട്ട സുധാകരനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കുമെന്ന സൂചന നിലനിൽക്കെയായിരുന്നു മാറാൻ തയാറാണെന്ന് സുധാകരൻ അങ്ങോട്ട് അറിയിച്ചത്.
സംസ്ഥാന കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന പാർട്ടി സെക്രട്ടറിക്കുള്ള കത്ത് സംഘടനാപരമല്ലെന്നാണ് നേതൃത്വം വിലയിരുത്തിയത്. എന്തിനാണ് കത്തു നൽകിയതെന്ന് സുധാകരനോട് തന്നെ ചോദിക്കണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. രൂക്ഷ വിഭാഗീയത കത്തിനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ ഇതിന്‍റെ ഭാഗമാകാതെ ഈ സമ്മേളന കാലയളവിൽ നിൽക്കാനായത് സ്വീകാര്യതയായപ്പോൾ തന്നെയാണ് കത്ത് കല്ലുകടിയായെന്ന വികാരം.
സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പത്തെ സംസ്ഥാന കമ്മിറ്റിയിലെങ്കിലും വേണമായിരുന്നു ഇത്തരം ഇടപെടലെന്ന് മുതിർന്ന നേതാവെന്ന നിലയിൽ അറിയാത്തതല്ല സുധാകരന്. ആ സ്ഥിതിക്ക് സുധാകരന്‍റേത് അനാവശ്യവും അനവസരത്തിലെ നീക്കവുമെന്ന് നേതൃത്വം കരുതുന്നു. സമ്മേളനം മുന്നോട്ടുവെക്കുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട പുനഃസംഘടനയിൽ പുറമേനിന്നുള്ള ഇടപെടൽ കൂടിയാണ് കത്തെന്നും വ്യാഖ്യാനമുണ്ടായി. സ്കൂളിൽ വയസ്സ് കൂട്ടിക്കാണിച്ച് ചേർത്തതിനാലാണ് രേഖകളിൽ 75 വയസ്സ് വന്നതെന്ന സുധാകരന്‍റെ നിലപാടും അനുചിതമായി.
ജി. സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത് സംഘടന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സുധാകരൻ നേതൃപരമായ പങ്കുവഹിച്ചില്ലെന്നും സുധാകരന്റെ പ്രവർത്തന പാരമ്പര്യവും നൽകിയ സേവനവും കണക്കിലെടുത്ത് പാർട്ടി അദ്ദേഹത്തെ തിരുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുധാകരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരുന്നു. പിന്നീട് പേര് റിപ്പോർട്ടിൽനിന്ന് നീക്കി.