ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
text_fieldsമുഹമ്മ: ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോ ട്രെയിനിൽ സൗജന്യ യാത്ര. ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ മുഹമ്മ പഞ്ചായത്ത് 12ആം വാർഡിൽ നടപ്പിലാക്കി വരുന്ന ഒച്ച് രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം.
ഡിസംബർ ഒന്ന് മുതൽ 10 വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പിലാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വാർഡിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരുന്നത്. ജൂൺ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം. ഓരോ രണ്ടു മാസം കൂടുമ്പോഴും പദ്ധതി ആവർത്തിക്കും.
വാർഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി നൽകി അത് രാത്രി സമയങ്ങളിൽ ബക്കറ്റിൽ ലായനിയാക്കി അതിൽ ഒച്ചുകളെ പിടിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വർഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാർഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അംഗം ലതീഷ് ബി. ചന്ദ്രൻ പറഞ്ഞു.

