മദ്യക്കമ്പനിയുടെ പേരിൽ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
text_fieldsചാരുംമൂട്: മദ്യകമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ചുനക്കര കരിമുളയ്ക്കൽ സാജൻ നിവാസിൽ എസ്. സാജ(42) നെയാണ് നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാരുംമൂട് സ്വദേശിയായ റിട്ട. കാഷ്യൂ കോർപ്പറേഷൻ ഉദ്യോഗസ്ഥനിൽനിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്. എസ്. ആർ. ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കേരള ബിവറേജസ് കോർപറേഷനിൽ ചില പ്രത്യേക മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടർ ആയി കമ്പനിയിൽ ചേർക്കാമെന്ന് പ്രലോഭിപ്പിച്ച് 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലാണ് പണം തട്ടിയെടുത്തത്.
ചാരുംമൂട്ടിൽ ബാറിൽ മാനേജരായ ജോലി നോക്കി വന്നിരുന്ന സാജൻ നിലവിൽ കരുനാഗപ്പള്ളി നഗരത്തിലെ ബാർ മാനേജരാണ്. 2019 ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്ന് എറണാകുളത്ത് കാക്കനാട് ഒരു മുറി വാടകക്കെടുത്ത് എസ്.എസ്.ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു.
പഞ്ചാബിലെ മദ്യനിർമാണ കമ്പനി ഉത്പാദിപ്പിക്കുന്ന മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടാൻ ആയിരുന്നു ശ്രമം. ബിസിനസ് നടക്കാതായതോടെ വിവിധ ആൾക്കാരെ സമീപിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇങ്ങനെയാണ് ചാരുംമൂട് സ്വദേശി ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇതിനിടയിൽ കാക്കനാട് ഓഫീസ് പൂട്ടി. തുടർന്ന് സാജൻ, ഭാര്യ രമ, സുഹൃത്തായ ഓച്ചിറ സ്വദേശി അനൂപ്, അനൂപിന്റെ ഭാര്യ രമ്യ എന്നിവർ ഉടമകളായി ചാരുംമൂട് ജങ്ഷനിൽ മുറിയെടുത്ത് കോപ്പിയസ് ഡിസ്റ്റിലറിസ് എന്ന സ്ഥാപനം ആരംഭിച്ചു. തുടർന്ന് ഗോവയിലെ രണ്ടു സ്വകാര്യ ഡിസ്റ്റലറികൾ ലീസിന് എടുത്ത് മദ്യനിർമാണം നടത്താൻ ശ്രമം നടത്തുന്നതായി ചാരുംമൂട് സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു. വാഗ്ദാനം നൽകിയത് പോലെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസൻസോ, ബ്രാൻഡ് ലൈസൻസോ ലഭിക്കാത്തതിനാൽ ചാരുംമൂട് സ്വദേശി നടത്തിയ അന്വേഷണത്തിലാണ് ഇവർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസ്സിലായത്.
തുടർന്ന് ചാരുംമൂട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി ചെങ്ങന്നൂർ ഡിവൈ.എസ്.പി എം. കെ. ബിനു കുമാർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു . തുടർന്ന് നൂറനാട് സി.ഐ എസ് .ശ്രീകുമാർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാജന്റെ അറസ്റ്റിനെ തുടർന്ന് ഇയാളുടെ ഭാര്യയും സുഹൃത്ത് അനൂപും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയി. ബാർ മാനേജരായി ജോലി ചെയ്യുമ്പോഴും നിരവധി നാഷണൽ പെർമിറ്റ് ലോറികൾ വാങ്ങി കരിമുളക്കൽ കേന്ദ്രീകരിച്ച് ഒരു ട്രാൻസ്പോർട്ട് കമ്പനിയും ഇയാൾ നടത്തിയതായി പൊലീസ് പറയുന്നു. വിവിധ സ്ഥലങ്ങളിൽ ഇയാൾ വാങ്ങിക്കൂട്ടിയിട്ടുള്ള വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനൊപ്പം എസ്. ഐ മാരായ എസ്. മിഥുൻ, വി. മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

