റെയിൽവേ ഉപകരണങ്ങൾ മോഷ്ടിച്ച നാലംഗസംഘം പിടിയിൽ
text_fieldsആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ ബാബു (49), സക്കറിയ ബസാർ മെഹ്റുംപുരയിടത്തിൽ റാഫി (55), കളരിക്കൽ ആശ്രമം വാർഡിൽ റിയാസ് (47), വ്യാസപുരം തൈറപ്പറമ്പ് ശിവരാജ് (42) എന്നിവരെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. ശനിയാഴ്ച പുലർച്ച 2.35ന് ആലപ്പുഴ റെയിൽവേ ഗേറ്റ് 70ന് സമീപമാണ് സംഭവം.
റെയിൽവേ സ്റ്റേഷൻ ഭാഗത്ത് പട്രോളിങ് നടത്തുന്ന പൊലീസ് സംഘം കടപ്പുറം ആശുപത്രിക്ക് കിഴക്കുവശത്തുള്ള റെയിൽവേ ഗേറ്റിന് സമീപമെത്തിയപ്പോൾ ഓട്ടോഡ്രൈവർ പൊലീസ് വാഹനത്തിന് കൈകാണിച്ചു. നിർത്തി കാര്യം അന്വേഷിച്ചപ്പോൾ സംശയകരമായി നാലുപേർ പരിസരത്ത് കറങ്ങിനടക്കുന്നുവെന്നും ചാക്കുകളിൽ നിറച്ച സാധനങ്ങളുമായി ഓട്ടം വിളിച്ചിട്ടും പോയില്ലെന്നും ഡ്രൈവർ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ റെയിൽവേ ട്രാക്കിനരികിൽനിന്ന് അഞ്ച് ചാക്കുകളിലായി ഇരുമ്പ്-ഉരുക്ക് സാധനങ്ങൾ കണ്ടെത്തി.
റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉപകരണങ്ങളായിരുന്നു ഇവ. വില കൂടിയ മുന്തിയ ഇനം ഇരുമ്പുകളുമാണ് മോഷ്ടാക്കൾ ചാക്കിലാക്കിയിരുന്നത്. തുടർന്ന് കടപ്പുറം ആശുപത്രിക്ക് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോൾ മോഷണത്തിന് പിന്നിൽ ഇവരാണെന്ന് മനസ്സിലായി. ഇവരെ പിടികൂടിയതോടെയാണ് രണ്ടുപേർ കൂടി സംഘത്തിലുണ്ടെന്ന് മനസ്സിലാക്കിയത്. ഹോമിയോ ആശുപത്രിക്ക് സമീപം നിലയുറപ്പിച്ച രണ്ടുപേർ പൊലീസിനെ കണ്ട് ഓടിക്കളഞ്ഞു. പിന്നീട് ഇവരെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. പട്രോളിങ് സംഘം പ്രതികളെ സൗത്ത് പൊലീസിനും പിന്നീട് ആർ.പി.എഫിനും കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരായ സുബാഷ്, റെജി, സാബു, അരുൺ ജി. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

