വീടുകയറി ആക്രമണം; നാലുപേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നെഹ്റു ട്രോഫി വാർഡിൽ കമ്പനിച്ചിറ വീട്ടിൽ അമൽ (21), കോമളപുരം മുറിയിൽ കാളികാട്ട് വീട്ടിൽ ആകാശ് (19), നേതാജി ചെന്നങ്ങാട്ട് വെളിയിൽ സാഹസ് (21), കോമളപുരം നന്ദനം വീട്ടിൽ അദ്വൈത് (18) എന്നിവരെയാണ് നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫിസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആലപ്പുഴ വേലിയകുളത്തിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രതികളിൽ ഒരാളുടെ പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അയൽവാസിയുടെ വീട്ടിൽ കയറി ആക്രമിച്ചത്. വീടിന്റെ കതകും ജനലും അടിച്ചുപൊളിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു.
ബഹളംകേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ സമാന കേസുകളിൽ മുമ്പും പൊലീസിന്റെ പിടിയിലായിട്ടുള്ളവരും കൊലപാതകശ്രമം, ലഹരിക്കേസുകളിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

