Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരത്തിനിത് സങ്കടച്ചാകര

text_fields
bookmark_border
മഴക്കാലം ശക്തമായി കടൽ ഇളകി ശാന്തമാകുമ്പോഴാണ് തീരത്ത് ചാകരയുണ്ടാവുക
തീരത്തിനിത് സങ്കടച്ചാകര
cancel

അമ്പലപ്പുഴ: ട്രോളിങ് നിരോധനകാലത്തെ ചാകര പ്രതീക്ഷയും കാത്തിരുന്ന പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് നിരാശമാത്രം ബാക്കി. മത്സ്യക്കൊയ്ത്തിനായി വള്ളവും വലയും പുതിക്കിപ്പണിത് ലക്ഷങ്ങൾ ചെലവഴിച്ച് കടലിൽ ഇറക്കിയെങ്കിലും വള്ളം ഉടമകൾക്ക് ചാകരയായെത്തിയത് കടക്കെണിയും കൂട്ടിനൊപ്പം പട്ടിണിയും. ട്രോളിങ് നിരോധനകാലത്ത് വല്ലപ്പോഴും കടല്‍ കനിഞ്ഞെങ്കിലും ഒരു ദിവസത്തെ അന്നത്തിനുപോലും വക കണ്ടെത്താനാകാതെയാണ് പല വള്ളങ്ങളും കരയണഞ്ഞത്. മഴക്കാലം ശക്തമായി കടൽ ഇളകി ശാന്തമാകുന്നതോടെയാണ് തീരത്ത് ചാകരത്തെളിവ് കാണാറുള്ളത്. എന്നാൽ ഇത്തവണ ചാകരത്തെളിവ് എങ്ങും കണ്ടിട്ടില്ല.

കഴിഞ്ഞ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്. എന്നാൽ ശക്തമായ തിരമാലയും കാറ്റും തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽപ്പോകാനാകുന്നില്ല. സാധാരണയായി ഈ സമയങ്ങളിൽ പുന്നപ്ര മുതൽ കളർകോട് വരെയുള്ള തീരങ്ങൾ ശാന്തമായി ചാകരത്തെളിവ് കാണാറുള്ളതാണ്. എന്നാൽ, ഈ പ്രദേശങ്ങളിൽ ഇപ്പോഴും വള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. ചാകരക്കോളിൽ തീരങ്ങൾ ഉത്സവത്തിമിർപ്പിനായി കാത്തിരിക്കുമ്പോളാണ് കെട്ടടങ്ങാത്ത കൂറ്റൻതിരമാലകൾ മത്സ്യതൊഴിലാളികളുടെ പ്രതീക്ഷകൾ കവരുന്നത്. ഇതോടെ കടലിൽ ഇറങ്ങാനാവാതെ മത്സ്യത്തൊഴിലാളികൾ തീരമണഞ്ഞിരിക്കുകയാണ‌്. കാറ്റും ശക്തമായ തിരമാലയും തുടരുന്നതിനാൽ വറുതിയുടെ കൈപ്പിടിയിലാണ് തീരം. ചാകരയും തേടി മറ്റിടങ്ങളിലേക്ക് പോയവരാകട്ടെ ചെലവ് താങ്ങാനാകാതെ കടക്കെണിയിലുമായി.

തോട്ടപ്പള്ളി മുതൽ കളർകോടുവരെ നൂറുകണക്കിന് വള്ളങ്ങളാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾക്കിടയിൽ ഉള്ളത്. കൂടാതെ ആയിരത്തിലേറെ നീട്ടുവലക്കാരും പൊന്തുവള്ളക്കാരുമുണ്ട്. തോട്ടപ്പള്ളി മുതല്‍ വാടക്കല്‍ വരെ തീരങ്ങളില്‍ കടല്‍ ശക്തമായതോടെ പൊന്തുകാരും കടലില്‍ ഇറങ്ങുന്നില്ല. തൊഴില്‍തേടി കായംകുളം, നീണ്ടകര, വാഡി തുടങ്ങിയ തീരങ്ങളെയാണ് പല വള്ളം ഉടമകളും ആശ്രയിക്കുന്നത്. ഇവിടെ തൊഴിലാളികൾക്ക് പോയിവരാൻ മാത്രം ഒരു ദിവസം 5000 മുതൽ 10000 രൂപവരെ ചെലവുവരും. കൂടാതെ ഇന്ധനത്തിനായി 10,000 മുതൽ 20,000 രൂപവരെ വേറെയും വേണം. ഇത്രയേറെ ചെലവിട്ട് മത്സ്യബന്ധനം കഴിഞ്ഞു കരക്കടുത്താൽ അതിനുള്ള മീൻ പലപ്പോഴും കിട്ടാറില്ലെന്നാണ് വള്ളം ഉടമകളും തൊഴിലാളികളും പറയുന്നത്. വള്ളങ്ങളെ ആശ്രയിച്ചുകഴിയുന്ന അനുബന്ധതൊഴിലാളികളുടെ കാര്യവും ഇതിലേറെ നിരാശയിലാണ്. ഇവർക്ക് മറ്റ് തീരങ്ങളിൽപ്പോയി പണിയെടുക്കാനാകില്ല. വള്ളം തീരത്തടുത്താൽ വാഹനത്തിൽ മീൻ എത്തിക്കുന്നതുവരെ നൂറുകണക്കിനു തൊഴിലാളികളാണ് ഒരു വള്ളത്തെ മാത്രം ആശ്രയിച്ചു തൊഴിലെടുക്കുന്നത്. കൂടാതെ മത്സ്യവിൽപ്പനക്കാർ, ഐസ‌്ഫാക്ടറി തൊഴിലാളികൾ, മത്സ്യസംസ‌്കരണശാലകളിലെ ജീവനക്കാർ അടക്കം ആയിരക്കണക്കിനു തൊഴിലാളികൾ വേറെയും. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയുടെ തീരത്താണ്. തീരത്തുചാകര കണ്ടാൽ ചായക്കടകളും ഹോട്ടലുകളും തുണിത്തരങ്ങളും പാത്രങ്ങളും കച്ചവടവുമെല്ലാമായി ഉത്സവാന്തരീക്ഷത്തിലായിരിക്കും. എന്നാൽ, കടൽ ശക്തമായത‌് ഇവരുടെ പ്രതീക്ഷകളും തകർത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - For the shore, this is a harvest of sorrow
Next Story