മത്സ്യബന്ധന വള്ളം തിരയിൽപെട്ട് മറിഞ്ഞു
text_fieldsആലപ്പുഴ: മത്സ്യബന്ധനത്തിനുപോയ വള്ളം തിരമാലയിൽപെട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ച തുമ്പോളിയിൽനിന്ന് പോയ എബ്രഹാം ഇരെശ്ശേരിലിന്റെ (കുഞ്ഞുമോൻ) ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് വെച്ച് മറിഞ്ഞത്. വള്ളത്തിൽ മാരാരിക്കുളം തുമ്പോളി സ്വദേശികളായ എബ്രഹാം, ഷാജി, ജോർജ് ജോസഫ്, മാക്സൻ, ജോൺകുട്ടി ഉൾപ്പെടെയുള്ളവരാണ് ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ റസ്ക്യു വള്ളവും ബോട്ടും പുറപ്പെട്ടു. ശക്തമായ കാറ്റുമൂലം വള്ളം കീഴ്മേൽ മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തിൽ തൂങ്ങിക്കിടന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ റസ്ക്യൂ വള്ളവും മൂന്ന് പേരെ സ്വരുമ എന്ന വള്ളവും രക്ഷപ്പെടുത്തി. വള്ളത്തെ റസ്ക്യൂ ബോട്ടിൽ കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 63 രക്ഷാപ്രവർത്തനങ്ങളിൽ നിന്നായി 633 പേരെയാണ് ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തിയത്. കടൽ സുരക്ഷാ സ്ക്വാഡ്മാരായ ജോസഫ് സാലസ്, ജോൺ, ബാസ്റ്റിൻ, ജിന്റോ, ആൻറണി സെബാസ്റ്റ്യൻ, ലൈഫ് ഗാർഡ്മാരായ ജയൻ, ജോർജ്, സെബാസ്റ്റ്യൻ കെ.ജി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ മിലി ഗോപിനാഥ്, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സാജൻ എസ്., ഫിഷറീസ് ഓഫിസർ ആസിഫ് എ.എസ്., മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർമാരായ ഹരികുമാർ, അരുൺ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും ഫിഷറീസ് വകുപ്പിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചും മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ മിലി ഗോപിനാഥ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

