കായലിൽ ഒഴുക്കിൽപെട്ടയാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
text_fieldsrepresentational image
പെരുമ്പളം: വേമ്പനാട്ട് കായലിൽ ഒഴുക്കിൽപ്പെട്ട് മരണത്തോട് മല്ലടിച്ചയാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വയലാർ പഞ്ചായത്ത് സ്വദേശി കമലാക്ഷ കുറുപ്പിനെ മത്സ്യത്തൊഴിലാളികളായ പഞ്ചായത്ത് നാലാംവാർഡ് വെളിയിൽ നികർത്തിൽ സതീശൻ, ശ്യാംകുട്ടൻ എന്നിവരാണ് രക്ഷപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളായ ഇവർ രാത്രി 2.30ന് കായലിലെ കുത്തൊഴുക്കിൽ പായൽ കുമ്പാരത്തിൽനിന്ന് നിലവിളി കേട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒഴുക്കിൽപ്പെട്ടയാൾ പായൽ കുമ്പാരത്തിൽപിടിച്ച് കിടക്കുകയായിരുന്നു. ഇയാളെ വള്ളത്തിൽകയറ്റി പള്ളിപ്പാട് അമ്പലക്കടവിൽ എത്തിച്ചു. വിവരമറിഞ്ഞ് എത്തിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് പെരുമ്പളം ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സക്കുശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അരൂരിൽനിന്ന് കായലിൽ വീണതാണെന്ന് പറയുന്നു.