വല നീട്ടുന്നതിനായി വള്ളത്തിൽ നിന്നു കടലിലേക്ക് ഇറങ്ങിയ മത്സ്യതൊഴിലാളിയെ കാണാതായി
text_fieldsമാരാരിക്കുളം: കടലിൽ മത്സ്യബന്ധനത്തിനിടെ വല നീട്ടുന്നതിന് വള്ളത്തിൽ നിന്നു കടലിലേക്ക് ഇറങ്ങിയ മത്സ്യതൊഴിലാളിയെ കാണാതായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടർ (28) ആണ് തിങ്കളാഴ്ച പുലർച്ചെ കടലിൽ മുങ്ങിതാഴ്ന്നത്. കാട്ടൂർ സ്വദേശി പി.പ്രസാദിന്റെ ഉടമസ്ഥതയിലുള്ള മാലാഖ വള്ളത്തിൽ മറ്റ് 14 പേരുമായി പോയ വള്ളത്തിലുണ്ടായിരുന്ന ജിബിൻ വല നീട്ടുന്നതിന് കടലിൽ ഇറങ്ങിയപ്പോൾ താഴുകയായിരുന്നു. ഇതു കണ്ട് മറ്റ് രണ്ട് തൊഴിലാളികൾ രക്ഷിക്കുവാനായി ചാടിയെങ്കിലും പിടിക്കുവാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു.
തുടർന്ന് മറ്റ് വള്ളക്കാരുടെ സഹായത്തോടെ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അറിയിച്ചു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നു തിരച്ചിലിൽ അലംഭാവമുണ്ടായതായി മത്സ്യതൊഴിലാളികൾക്ക് പരാതിയുണ്ട്. ഏറെ വൈകിയാണ് തീരദേശ പൊലീസിന്റെ ബോട്ട് എത്തിയതെന്നും ഇതിൽ മൂന്ന് പേർ മാത്രമാണുണ്ടായിരുന്നതെന്നുമാണ് ആക്ഷേപം. കാട്ടൂരിൽ നിന്നു കടലിൽ ഒന്നര കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായത്. പൊലീസ്, റവന്യു അധികാരികൾ തിരച്ചിൽ നടത്തുന്നതിൽ അലംഭാവം കാട്ടുന്നതായി ആരോപിച്ച് മൽസ്യതൊഴിലാളികൾ കടപ്പുറത്ത് പ്രതിഷേധവും ഉയർത്തി. ഉച്ചയോടെ തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗവും തിരച്ചിൽ തുടങ്ങി. മട്ടാഞ്ചേരിയിൽ നിന്നു സ്വകാര്യ സ്ഥാപനത്തിന്റെ സ്കൂബ ഡൈവിങ് വിദഗ്ധരുടെ സേവനവും റവന്യു വകുപ്പ് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

