വേമ്പനാട്ട് കായലിൽ മത്സ്യസമ്പത്ത് കുറയുന്നു
text_fieldsവേമ്പനാട്ട് കായൽ തണ്ണീർമുക്കം ബണ്ടിൽനിന്നുള്ള കാഴ്ച
ആലപ്പുഴ: വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്ത് കുറയുന്നതായി പഠനറിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനറിപ്പോർട്ടിലാണ് അരനൂറ്റാണ്ടിനിടെ 60ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായെന്ന് കണ്ടെത്തിയത്. 1980ൽ 150 സ്പീഷ്യസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ അത് 90 ആയി കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് അടക്കുന്നത് മൂലമുള്ള മലിനീകരണവും വംശനാശത്തിന് കാരണമായിട്ടുണ്ട്.
ഇത് കക്കകളുടെയും മറ്റ് ജലജീവികളുടെയും ആവാസ്ഥവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഒരേയിനം മത്സ്യങ്ങളുടെ വ്യത്യസ്തകൂട്ടങ്ങളെ ബണ്ടിന്റെ ഇരുഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. കായലിലെ ആവാസവ്യവസ്ഥ തുടർച്ചയില്ലാത്തതും പ്രശ്നമാണ്. വാണിജ്യമൂല്യമുള്ള മത്സ്യങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് കരിമീനാണ്. രണ്ടാം സ്ഥാനത്ത് വരാലും.
ബണ്ട് വന്നതിനുശേഷമാണ് വേമ്പനാട്ട് കായലിലെ മത്സ്യയിനങ്ങളുടെ ഘടനയിൽ വ്യത്യാസം വന്നിട്ടുണ്ട്. നേരത്തേ കൂടുതലായും ലയോഗ്നത്തിഡെ, മുഗളിഡെ, സകിയാനിഡെ ഇനങ്ങളിൽപെട്ട മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് സൈപ്രിനിഡെ, ക്ലൂപിഡയ, അംബാസിഡയ ഇനങ്ങളായി.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാർഗവും വഴിമുട്ടി. 10വർഷം മുമ്പ് ശരാശരി 300 കിലോമത്സ്യം വരെ കിട്ടിയിരുന്നു. രൂക്ഷമായ മലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും കായലിന്റെ ആവാസവ്യവസ്ഥ തകർത്തതും പ്രതിസന്ധിയിലാക്കി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലെ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് വലയുന്നത്. കായലിൽ ഖര, ദ്രവ്യ, പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ നിക്ഷേപിച്ചതിനൊപ്പം എക്കലും മണലും അടിഞ്ഞ് ആഴം കുറഞ്ഞതും പോളപ്പായൽ നിറഞ്ഞ് ജലോപരിതലം മൂടിയതുമാണ് മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണം.
അപ്രത്യക്ഷമായി കൊഞ്ച്
വേമ്പനാട്ട് കായലിൽ കൊഞ്ചിന്റെ ലഭ്യത കുറഞ്ഞു. 2018വരെ സുലഭമായിരുന്ന കൊഞ്ചിന്റെ അഞ്ച് ശതമാനം പോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കായൽ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിലും ഇത് വ്യക്തമാണ്. 2018ൽ കൈനകരി മേഖലയിൽ 30 ടൺ ആറ്റുകൊഞ്ച് ലഭിച്ചിടത്ത് 2021ൽ അത് 7.3 ടൺ ആയി കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് കടന്ന് ഓരുവെള്ളം എത്താത്തതാണ് ആറ്റുകൊഞ്ചിന്റെ പ്രജനനം കുറയാൻ കാരണം. ആറ്റുകൊഞ്ച് ശുദ്ധജലത്തിലാണ് വളരുന്നതെങ്കിലും പ്രജനനകാലത്ത് ഓരുജലത്തിലെത്തി മുട്ടയിടും. ജലത്തിൽ ഉപ്പിന്റെ സാന്ദ്രത 15 ശതമാനം ഉണ്ടെങ്കിലേ ആറ്റുകൊഞ്ചിന്റെ മുട്ടവിരിഞ്ഞ് കരുത്തുള്ള കുഞ്ഞുങ്ങൾ ലഭിക്കൂ. കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ വിവിധസ്ഥലങ്ങളിൽ കൊഞ്ചുകുഞ്ഞുങ്ങളെ നിക്ഷേപിക്കും. സംസ്ഥാനത്ത് നാടൻ കൊഞ്ചിന്റെ ഹാച്ചറി ഇല്ലാത്തതിനാൽ വിശാഖപട്ടണത്തുനിന്ന് എത്തിക്കുന്ന കുഞ്ഞുങ്ങളെയാണ് കായലിൽ നിക്ഷേപിക്കുക. വലിയ കൊഞ്ചിന് കിലോക്ക് 600 മുതൽ 800 രൂപ വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

