കലക്ടറുടെ ഉത്തരവും ഹൈകോടതി വിധിയും അവഗണിച്ച് നെൽ വയലുകളിൽ മത്സ്യകൃഷിക്ക് ഒരുക്കം
text_fieldsഅരൂർ: കലക്ടറുടെ ഉത്തരവും ഹൈകോടതി വിധിയും മറികടന്ന് നെൽ വയലുകളിൽ മത്സ്യ കൃഷിക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതായി പരാതി. എഴുപുന്ന പഞ്ചായത്തിലെ 15ാം വാർഡിൽ വയലുകളിൽ നെൽകൃഷിയുടെ സമയം അവസാനിക്കും മുമ്പു തന്നെ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചതായി തുറവൂർ മത്സ്യഭവനിൽ പരാതി ലഭിച്ചു.
നവംബർ 15 മുതൽ ഏപ്രിൽ 14 വരെയാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ലൈസൻസ് നൽകുന്നത്. ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിയനുസരിച്ച് 2014 ൽ കലക്ടർ വിജ്ഞാപനം ചെയ്ത ഉത്തരവിൽ നെൽകൃഷി നടത്താത്ത പാടശേഖരങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് പാലിക്കാറില്ല. ഏപ്രിൽ 14ന് മത്സ്യ കൃഷി കഴിഞ്ഞ് ഉപ്പ് വെള്ളം പറ്റിച്ചിടുന്നതാണ് പ്രകൃതിക്കുത്തമം.
എന്നാൽ ഇതും പാലിക്കാറില്ല. ദീർഘനാളത്തെ ജനകീയ സമരത്തിലൂടെയാണ് ഈ പ്രദേശത്ത് വർഷം മുഴുവൻ തുടർന്നിരുന്ന മത്സ്യ കൃഷി അവസാനിച്ചത്. എന്നാൽ, വീണ്ടും മുഴുവൻ സമയ മത്സ്യകൃഷിക്കുള്ള ഒരുക്കമായാണ് പ്രദേശവാസികൾ ഈ നടപടിയെ കാണുന്നത്. ചെമ്മീൻ കുഞ്ഞുങ്ങൾക്ക് വളരാൻ വെള്ളത്തിൽ ഉപ്പുരസം അനിവാര്യമാണ്. ഇത് പാടവരമ്പുകളിലെയും സമീപപ്രദേശങ്ങളിലെയും പച്ചക്കറി കൃഷി നശിക്കുവാനിടയാക്കും.
അടിയന്തിരമായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വയലുകൾ സന്ദർശിച്ച് വേണ്ട നിയമ നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യഭവനിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും പിള്ളേർകാട്-നരിയാണ്ടി റസിഡൻസ് അസോസിയേഷനും സമരത്തിനും നിയമനടപടികൾക്കും തയാറെടുക്കുന്നതിന്‍റെ മുന്നോടിയായാണ് പരാതി നൽകിയത്.
ഇതു സംബന്ധമായി ചേർന്ന യോഗം ഫ്രാൻസിസ് കളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജോണി അധ്യക്ഷത വഹിച്ചു. കെ. പ്രതാപൻ, പി.ജെ. ഫ്രാൻസിസ്, കെ.ആർ. തോമസ്, കെ.എ. മാനുവൽ, കെ.കെ. വിക്രമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

