ആലപ്പുഴ: കാണാതായ ആട്ടിൻകുട്ടിയോടുള്ള ഉടമയുടെ വാത്സല്യം പറയുന്ന ബൈബിൾ കഥ കണക്കെയാണ് ആര്യാട്ടെ മുരളി-പൊന്നമ്മ ദമ്പതികളുടെ പ്രിയ പ്രാവുകളിലൊന്നിന് കഴിഞ്ഞ ദിവസം പിണഞ്ഞ അപകടം. നാലുപതിറ്റാണ്ടായി ദമ്പതികൾ ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിലെ ചക്കനാട്ട് വീട്ടിൽ അമ്പതോളം പ്രാവുകളെ പരിപാലിക്കുന്നുണ്ട്. എന്നും കൃത്യസമയത്തെത്തി തീറ്റയെടുത്ത് അവ പറന്നകലും. ബുധനാഴ്ച രാവിലെ പതിവുപോലെ അരി നൽകിയിട്ടും ഒരൊറ്റ പ്രാവുപോലും ഒരുമണിയും കഴിക്കാതിരുന്നത് പൊന്നമ്മയെ വിഷമിപ്പിച്ചു. എന്താണ് പറ്റിയതെന്നറിയാതെ വിഷമിച്ച അവർക്ക് കാരണം കാണിച്ചുകൊടുത്തതാകട്ടെ പരിസരത്തെ കാക്കകളും.
വീടിന് സമീപത്തെ തല്ലിത്തേങ്ങ മരത്തിെൻറ കൊമ്പിലുടക്കിയ പട്ടത്തിെൻറ നൂലിൽ കുടുങ്ങിയ ഒരുപ്രാവ് ജീവനുവേണ്ടി ചിറകിട്ടടിക്കുന്നു. അയൽവാസികളോടൊപ്പം ചേർന്ന് അതിനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. ഒടുവിൽ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ അഗ്നിരക്ഷാസേന യൂനിറ്റിലേക്ക് വിളിച്ചു. പണ്ടത്തെപോലെ പക്ഷികളെ രക്ഷിക്കാൻ വിലക്കുള്ളതിനാൽ എത്താനാവില്ലെന്നായിരുന്നു മറുപടി.
അതിനിടയിലാണ് ആരോ ഒരാൾ അഗ്നിരക്ഷാസേനയിൽ ജോലിയുള്ള നാട്ടുകാരനായ വി.ആർ. ബിജുവിനെ വിളിച്ചാലോയെന്ന് അഭിപ്രായം പറഞ്ഞത്. വിവരം കേട്ട പാടെ വീട്ടിലുണ്ടായിരുന്ന ഫയർമാൻ ബിജു കുതിച്ചെത്തി. 36 മണിക്കൂർ പട്ടച്ചരടിൽ കുരുങ്ങിക്കിടന്ന പ്രാവിനെ മിനിറ്റുകൾക്കുള്ളിൽ സ്വതന്ത്രമാക്കി.
എന്നാൽ, പറന്നകന്ന പ്രാവ് പെെട്ടന്ന് വീഴുകയായിരുന്നു. ചിറകിൽ ചരട് തീർത്ത മുറിവ് അതിനെ അവശനാക്കിയിരുന്നു. ബിജുതന്നെ ചോരയും മണ്ണും തുടച്ച് വൃത്തിയാക്കി പ്രാവിനെ ഹാർഡ്ബോർഡ് പെട്ടിയിലാക്കി പൊന്നമ്മയെ ഏൽപിച്ചു. മുറിയിൽ അരി നൽകിയപ്പോൾ കൊതിയോടെ അത് കൊത്തിപ്പെറുക്കുന്നത് കണ്ടതിെൻറ ആശ്വാസത്തിലാണ് പൊന്നമ്മ.
പേക്ഷ പൊന്നമ്മക്ക് സർക്കാറിനോട് ഒരപേക്ഷയുണ്ട്, ഇതുപോലുള്ള മിണ്ടാപ്രാണികളെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയെ അനുവദിക്കണം.