വാടക്കല്‍ വ്യവസായകേന്ദ്രത്തിൽ തീപിത്തം
text_fieldsഅമ്പലപ്പുഴ: പുന്നപ്ര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിയില്‍ തീപിടിച്ചു. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.അറ്റ്ലാന്റിക് കെയർ കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച രാവിലെ ചെറിയ പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായത്.
അമിത് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സാനി റൈസർ, ക്ലീനിങ് ഉൽപന്ന നിർമാണത്തിനായി ടൺ കണക്കിന് കെമിക്കൽസ് സംഭരിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ പിറകുഭാഗത്താണ് തീപിടിത്തം ഉണ്ടായത്. പകൽ സമയത്ത് ആയതിനാലും തീപിടിച്ചപ്പോള്തന്നെ ജീവനക്കാർ എക്സ്റ്റിംഗുഷർ ഉപയോഗിച്ചതുകൊണ്ടും വലിയ അപകടമാണ് ഒഴിവായത്.
തൊട്ടടുത്തായി മറ്റ് കെമിക്കല്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. തിന്നർ സൂക്ഷിച്ചിരിക്കുന്ന സ്ഥാപനവും തീപിടിത്ത സാധ്യതയുള്ള സാമഗ്രികൾ സംഭരിച്ചിരുന്ന പെയിൻറ് നിർമാണ സ്ഥാപനവും, കയർ ഉൽപന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെ
അമ്പലപ്പുഴ: വാടക്കല്‍ വ്യവസായ മേഖലയിലെ പല കമ്പനികളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മതിയായ സുരക്ഷ ഒരുക്കാതെയും. മിക്ക സ്ഥാപനങ്ങളിലും അഗ്നിപ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഉള്ളവ പലതും പ്രവര്‍ത്തിക്കാത്തവയാണ്. അഗ്നിശമന നിലയ മേധാവി പലതവണ പരിശോധന നടത്തി, അഗ്നിപ്രതിരോധ സംവിധാനം സ്ഥാപിക്കാൻ നിർദേശിച്ചതാണ്. അപകട സാധ്യതയുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും വിവിധ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് പല കമ്പനികളിലും പാലിച്ചിട്ടില്ല.
വേനല്‍ കടുക്കുന്നതോടെ അപകടസാധ്യത കണക്കിലെടുത്ത് വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ള കെമിക്കല്‍ കമ്പനികളും കയര്‍ ഫാക്ടറികളും അധികമുള്ള ഇവിടെ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അപകടം ഉണ്ടായാല്‍ ആലപ്പുഴയില്‍ നിന്നുവേണം അഗ്നിരക്ഷാസേന എത്താന്‍.
ഓടി എത്തുമ്പോഴേക്കും പ്രതിരോധിക്കാന്‍ കഴിയാത്തവിധം തീപടരാനുള്ള സാധ്യതയേറെയാണ്. വ്യവസായ മേഖലയോട് ചേര്‍ന്നാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത്. കൂടാതെ പെണ്‍കുട്ടികള്‍ മാത്രം താമസിച്ച് പഠിക്കുന്ന അംബേദ്കര്‍ സ്കൂള്‍, എൻജിനീയറിങ് കോളജ് ഹോസ്റ്റല്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും വ്യവസായ മേഖലയോട് ചേര്‍ന്നാണ്.ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ വിവിധ കമ്പനികളിലെ ഷെല്‍ട്ടറുകളില്‍ താമസിച്ച് ജോലി ചെയ്ത് വരുന്നുണ്ട്. ഇവര്‍ താമസിക്കുന്നിടത്തും മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. ഇവിടെ വന്‍ ദുരന്തം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

