റെയിൽവേ പാത ഇരട്ടിപ്പിക്കൽ; പൊതുതോടുകൾ നികത്തുന്നതിൽ വ്യാപക ആശങ്ക
text_fieldsഅരൂരിൽ റെയിൽവേക്ക് സമാന്തരമായി പൂഴി നിരത്തിയപ്പോൾ
അരൂർ: അരൂരിൽ തീരദേശ റെയിൽവേയിൽ പാത ഇരട്ടിപ്പിക്കൽ പണികൾ നടത്തുന്നത് മൂലം പൊതുതോടുകൾ അടയുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിൽ. ഇവിടെ ജോലികൾ തകൃതിയായി മുന്നേറുകയാണ്.
അരൂർ-തുറവൂർ പ്രദേശത്ത് ഇപ്പോൾ പൂഴിയടിക്കൽ നടക്കുകയാണ്. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി അരൂരിൽ റെയിൽവേ ട്രാക്കിന് സമാന്തരമായി മണ്ണ് നിരത്തൽ നടക്കുന്നുണ്ട്.
അരൂർ കെൽട്രോൺ റോഡ് ലെവൽ ക്രോസിനും ആഞ്ഞിലിക്കാട് റോഡ് ലെവൽ ക്രോസിനും ഇടയിൽ മണ്ണ് ഇടുന്നത് തുടരുകയാണ്. റെയിൽവേക്ക് താഴെ ഈ ഭാഗത്ത് അഞ്ചിലധികം പൊതുതോടുകൾ ഉണ്ടായിരുന്നെന്ന് പ്രദേശത്തുള്ളവർ പറയുന്നു. അതെല്ലാം നികത്തിയതായി ഇവർ പരാതിപ്പെടുന്നു.
തീരദേശ റെയിൽവേ സ്ഥാപിതമായ 1989ൽ എല്ലാ തോടുകളും നീർച്ചാലുകളും നിലനിർത്തിത്തന്നെയാണ് റെയിൽവേ പണികൾ നടത്തിയത്. എന്നാൽ ഇപ്പോൾ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുമ്പോൾ ജലനിർഗമന മാർഗങ്ങൾ അടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ ഇല്ലാതായാൽ മഴ ശക്തമാകുന്ന സമയത്ത് പ്രദേശമാകെ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
രണ്ടുദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന റെയിൽവേക്ക് കിഴക്ക് ഭാഗത്തുള്ള വാർഡുകളിൽ ഇത്തവണ വെള്ളക്കെട്ട് രൂക്ഷമാകു മെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
അതുപോലെ റെയിൽവേക്ക് താഴെ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പൈപ്പുകൾ നിരത്തുന്ന മണ്ണിനടിയിൽ പെട്ടുപോയാൽ റെയിൽവേക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവരുടെ കുടിവെള്ളം മുട്ടുമെന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവർ. റെയിൽവേയുടെ പണികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ പഞ്ചായത്ത് അധികാരികൾ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

