രാസവള വില കുതിച്ചുയർന്നു; ആശങ്കയിൽ കർഷകർ
text_fieldsആലപ്പുഴ: രാസവളത്തിന്റെ വിലവർധനയിൽ നട്ടം തിരിഞ്ഞ് കർഷകർ. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലടക്കം വരുംമാസങ്ങളിൽ കൃഷി ആരംഭിക്കാനിരിക്കെയാണ് രാസവളത്തിന്റെ വില ഗണ്യമായി വർധിച്ചത്. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെയാണ് രാസവളത്തിന്റെ വില കുതിച്ചുയർന്നത്.
ഫോസ്ഫറസ് അടക്കമുള്ളവയുടെ ഇറക്കുമതി ഇല്ലാതായതും പ്രതിസന്ധിക്ക് കാരണമായി. ഒരുചാക്കിന് 100-300 രൂപ വരെയാണ് വളത്തിന് വില വർധിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടത്തിന് പുറമെ സംഭരിച്ച നെല്ലിന്റെ വിലകൂടി കിട്ടാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ കർഷകർ കടക്കെണിയിലാകുമെന്ന് ആശങ്കയുണ്ട്.
രാസവളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണ്. സബ്സിഡി കുത്തനെയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സർക്കാറിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. വില വർധനയിൽ നെൽ കർഷകർക്കും പച്ചക്കറികൃഷി ചെയ്യുന്നവർക്കും ചെലവ് അധികമായി വരും.
ചൈന ഫോസ്ഫറസ് ഇറക്കുമതി നിർത്തിയതും തിരിച്ചടിയായി. ചൈനയിൽ ഇ.വി വാഹനങ്ങളുടെ ഉപയോഗം കൂടിയതോടെ ഫോസ്ഫറസ് കയറ്റുമതി നിർത്തിതാണ് ഇന്ത്യയിലെ വളം നിർമാണത്തെ ബാധിച്ചത്.
കേന്ദ്ര സർക്കാർ 2023-24 സാമ്പത്തികവർഷം ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് ന്യൂട്രിയന്റ് സബ്സിഡിയായി 65,199.586 കോടിയാണ് നൽകിയത്. കഴിഞ്ഞസാമ്പത്തിക വർഷം ഇത് 52,310 കോടിയായും ഇത്തവണ 49,000 കോടിയായും കുറച്ചതും തിരിച്ചടിയായി.
ഇനിയും കൂടാൻ സാധ്യത
വളങ്ങൾ കിട്ടാതായതോടെ രാസവളങ്ങൾക്ക് ഇനിയും വിലകൂടും. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലേക്ക് 1000 രൂപയിൽനിന്ന് 1600 ആയി. കുട്ടനാട്ടിലെ കണക്കുപ്രകാരം മാത്രം 35,000 ഹെക്ടറിൽ കൃഷി ചെയ്താൽ ആദ്യ വളപ്രയോഗത്തിനുതന്നെ കുറഞ്ഞത് പൊട്ടാഷ് മാത്രം 8750 ക്വിന്റൽ വേണം. അത്രയും തന്നെ രണ്ടും മൂന്നും തവണത്തെ വളപ്രയോഗത്തിനും ഉപയോഗിക്കുന്നുണ്ട്. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങൾക്കും വില കൂടി.
നെൽക്കർഷകർ കൂടുതൽ ഉപയോഗിക്കുന്ന ഡൈ അമോണിയം സൾഫേറ്റ് വിലയും വർധിച്ചു. ആനുപാതിക സബ്സിഡി കേന്ദ്ര സർക്കാർ നൽകാതായതോടെയാണ് ഡൈ അമോണിയം ഫോസ് ഫേറ്റ്, സിങ്കിൾ സൂപ്പർ ഫോസ് ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, രാജ് ഫോസ്, ഫാക്ടം ഫോസ്, 16:16:16, എൻ.പി.കെ മിശ്രിതം എന്നിവയുടെ വിലയും കൂടിയിട്ടുണ്ട്.
നെല്ലിന്റെ വളപ്രയോഗം
നെല്ലിന് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വളപ്രയോഗം നടത്തണം. ഒന്നാം വളപ്രയോഗത്തിൽ സമ്മിശ്രമായാണ് വളം ചേർക്കുക. രണ്ടാം വളപ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം യൂറിയ ചേർക്കും. മൂന്നാം പ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം പൊട്ടാഷ് ചേർക്കും 6000-7000 രൂപ വരെ ഒരേക്കർ കൃഷിക്ക് വളത്തിന് മാത്രമായി ചെലവാകും.
കർഷക പ്രക്ഷോഭവുമായി കിസാൻ സഭ
ആലപ്പുഴ: രാസവളത്തിന്റെ വിലയിൽ ഭീമമായ വർധന വരുത്തിയ നടപടിക്കെതിരെ ഈമാസം 23ന് കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കിസാർ സഭ ജില്ല പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, സെക്രട്ടറി ആർ. സുഖലാൽ എന്നിവർ പറഞ്ഞു.
രണ്ടുവർഷങ്ങളായി എല്ലാ വളങ്ങളുടെയും വില ഇരട്ടിയാക്കി. കാർഷിക മേഖലക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതത്തിൽ ഓരോ വർഷവും കുറവുവരുത്തുന്നതിനോടൊപ്പം വളത്തിന്റെയും കീടനാശിനികളുടെയും വില വർധനകൂടി ആകുമ്പോൾ കാർഷികമേഖല വലിയ തകർച്ചയിലേക്ക് നീങ്ങും. കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന കേന്ദ്ര സർക്കാർ കർഷകന്റെ മേൽ കൂടുതൽഭാരം അടിച്ചേൽപിക്കുന്നത് പ്രതിഷേധാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

